ആലപ്പുഴ ∙ വോളിബോൾ മുൻ ദേശീയ കോച്ചും കയർ വ്യവസായിയും എസ്എൻഡിപി നേതാവുമായ കലവൂർ ഗോപിനാഥ് (82) അന്തരിച്ചു. ഇന്ത്യൻ വോളിബോളിനു ചുണക്കുട്ടികളെ സമ്മാനിച്ചയാളാണു കലവൂർ ഗോപിനാഥ് എന്ന കളി ആചാര്യൻ. ജിമ്മി ജോർജടക്കം മൂന്ന് അർജുന അവാർഡ് ജേതാക്കളെയും ഒരു ദ്രോണാചാര്യനെയും സൃഷ്ടിച്ച പരിശീലകൻ.
പതിനെട്ടാം വയസ്സിൽ ഫ്ലൈറ്റ് ലഫ്റ്റനന്റായി വ്യോമസേനയിൽ കയറിയ ഗോപിനാഥ് 1969 ൽ വിരമിച്ചു. ഇന്ത്യൻ വ്യോമസേനയും സിലോൺ ടീമുമായുള്ള വോളിബോൾ മൽസരത്തിൽ ജയിച്ചതോടെ ഗോപിനാഥ് എന്ന താരം വാർത്തകളിൽ നിറഞ്ഞു തുടങ്ങി. വ്യോമസേനാ ടീമിൽ ഇടം നേടിയ ആദ്യ അഞ്ചുവർഷം തുടർച്ചയായി ഇന്റർ–സർവീസസ് വോളിയിലെ ചാംപ്യൻ സംഘത്തിലെ അംഗം, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (എൻഐഎസ്) വരും മുൻപു രാജ്കുമാരി അമൃത്കൗർ കോച്ചിങ് പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ 18 പേരിൽ ഒരാൾ, എൻഐഎസിലെ ആദ്യ കോച്ചിങ് പരിശീലന സംഘത്തിലെ അംഗം, ഒരേസമയം കോച്ചും കളിക്കാരനുമായി മെയ്ന്റനൻസ് കമാൻഡ് ടീമിനെ ആറുവർഷം എയർഫോഴ്സ് ചാംപ്യൻഷിപ്പിലെ ജേതാക്കളാക്കിയയാൾ.. തുടങ്ങി നിരവധി നേട്ടങ്ങൾ.
വ്യോമസേന വിട്ട ഉടൻ ഗോപിനാഥിനെ ജി.വി.രാജ കേരള സ്പോർട്സ് കൗൺസിലിന്റെ കോച്ചാക്കി. 1966 ൽ സർവീസസ് ടീമിന്റെ കോച്ചായിരുന്നു. 1973 മുതൽ ഏഴുവർഷം തുടർച്ചയായി ഇന്റർ–യൂണിവേഴ്സിറ്റി വോളിയിൽ ജേതാക്കളായ കേരള വാഴ്സിറ്റി ടീം ഗോപിനാഥിന്റെ ശിഷ്യപ്പടയായിരുന്നു. 1985ൽ ഗോപിനാഥ് എംജി വാഴ്സിറ്റി കോച്ചായി. തൊട്ടുപിറകെ ആൺകുട്ടികളും പെൺകുട്ടികളും ഇന്റർ–യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ ഹാട്രിക് നേടി. എംജി പെൺകുട്ടികൾ അടുത്ത അഞ്ചുവർഷംകൂടി ദേശീയ വാഴ്സിറ്റി കിരീടം ചൂടി. ’85ൽ ഇന്ത്യൻ വാഴ്സിറ്റീസ് ടീമിന്റെ കോച്ചായി ഫെഡറേഷൻ കപ്പും ഗോപിനാഥിന്റെ ശിഷ്യർ നേടി.
പിൽക്കാലത്തു ഗോപിനാഥ് കണ്ടെടുത്ത താരമായിരുന്നു ജിമ്മി ജോർജ്. ഗോപിനാഥടക്കം നാല് എൻഐഎസ് കോച്ചുമാരും ഏഴ് ഇന്ത്യൻ കളിക്കാരുമുൾപ്പെട്ട ടീമിൽ, ശ്യാം സുന്ദർ റാവുവിനെ ഉൾപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ആദരസൂചകമായി ആവടിയിലെ ഇന്ത്യൻ വ്യോമസേനാ സ്റ്റേഡിയത്തിനു ഗോപിനാഥിന്റെ പേരാണു നൽകിയിട്ടുള്ളത്.
1997 മുതൽ സജീവ കോച്ചിങ്ങിൽനിന്നു വിശ്രമം. നാട്ടിലെ കോർട്ടുകളിൽ പിന്നീടും അദ്ദേഹം കളിയറിവു പകർന്നു. കയർ വ്യവസായത്തിലും സാമൂഹിക പ്രവർത്തനത്തിലും സജീവമായിരുന്നു. എസ്എൻഡിപി നേതാവെന്ന നിലയിലും ജനശ്രദ്ധ നേടി. റിട്ട. അധ്യാപിക പിങ്കിയാണു ഭാര്യ. പി ആൻഡ് ടി ദേശീയ ടീം ക്യാപ്റ്റനായിരുന്ന ബിനുവും കെഎസ്ഇബി വോളി ടീമിൽ കളിച്ച ബിജുവും അധ്യാപികയായ ബീനയും മക്കളാണ്.