പന്തിൽ കൃത്രിമം: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവച്ചു, ഇനി പെയ്ൻ നയിക്കും

പന്തിൽ കൃത്രിമം കാട്ടിയ ഓസീസ് ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റും ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർത്താസമ്മേളനത്തിനിടെ. (ചിത്രം: ഐസിസി, ട്വിറ്റർ)

കേപ്ടൗൺ∙ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവച്ചു. പന്തിൽ തിരിമറി കാട്ടിയതിന്റെ പേരിൽ ക്രിക്കറ്റ് ലോകമൊന്നാകെ എതിരായതിനു പിന്നാലെയാണ് സ്മിത്തിന്റെ രാജി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയ്നാണ് ഓസീസിന്റെ പുതിയ നായകൻ. കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നും അവസാന ദിനമായ നാളെയും പെയ്നാകും ടീമിനെ നയിക്കുക.

രാജി ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നപ്പോഴും പിടിച്ചുനിന്ന സ്മിത്ത്, ഓസ്ട്രേലിയൻ സർക്കാരും നിശിത വിമർശനവുമായി രംഗത്തെത്തിയതോടെയാണ് രാജി വയ്ക്കാൻ സന്നദ്ധനായത്. ഉപനായകൻ ഡേവിഡ് വാർണറും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

പന്തു ചുരണ്ടി വിവാദത്തിലേക്ക്; ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവം ഇങ്ങനെ

പന്തു ചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരുമായി സംസാരിച്ചിരുന്നു. നായക, ഉപനായക സ്ഥാനങ്ങൾ ഒഴിയാനുള്ള സന്നദ്ധത ഇരുവരും അറിയിച്ചിട്ടുണ്ട് – ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ് അറിയിച്ചു. കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് പതിവുപോലെ തുടരും. പന്തു ചുരണ്ടൽ വിവാദത്തെക്കുറിച്ചുള്ള അന്വേഷണവും ഒരുവശത്ത് നടക്കും. രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന ടീമിൽനിന്നും താരങ്ങളിൽനിന്നും ആരാധകരും ക്രിക്കറ്റ് ബോർഡും നിശ്ചിത നിലവാരം പ്രതീക്ഷിക്കുന്നുണ്ട് – സതർലൻഡ് കൂട്ടിച്ചേർത്തു.

നേരത്തെ, പന്തു ചുരണ്ടൽ വിവാദത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാരും പ്രശ്നത്തിൽ ഇടപെട്ടത്. ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. സർക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ നിൽക്കള്ളിയില്ലാതെയാണ് സ്മിത്തിന്റെ രാജി.

പന്തിൽ കൃത്രിമം കാണിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സ്റ്റീവ് സ്മിത്തിനെ നീക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിർദേശം നൽകിയിരുന്നു. പന്തിൽ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രതികരിച്ചിരുന്നു.

ഓസ്ട്രേലിയൻ സ്പോർട്സ് കമ്മിഷൻ (എഎസ്‌സി) ചെയർമാൻ ജോൺ വിലീയും സംഭവത്തെ അപലപിച്ചു. ഏതു കായിക ഇനത്തിലാണെങ്കിലും വഞ്ചനയെന്നത് അപലപനീയമാണെന്ന് വിലീ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന ടീമുകളും താരങ്ങളും വിശ്വാസ്യത പുലർത്തിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ സംഭവം ഇങ്ങനെ:

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദ‍ൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബാന്‍ക്രോഫ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണു പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.

കൃത്രിമം കാട്ടിയവരെ പുറത്താക്കണം

പന്തിൽ കൃത്രിമം കാട്ടിയതായി ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ എത്രയും വേഗം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കണമെന്ന് എഎസ്‌സി ആവശ്യപ്പെടുകയായിരുന്നു. പന്തിൽ കൃത്രിമം കാണിച്ചതിനെക്കുറിച്ചു നേരത്തേ അറിയാമായിരുന്ന ടീമംഗങ്ങളെയും പരിശീലക സംഘത്തിലെ ആളുകളെയും പുറത്താക്കണം. സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പൂർത്തിയാക്കിയാലുടൻ നടപടി സ്വീകരിക്കണമെന്നും എഎസ്‌സി ആവശ്യപ്പെട്ടിരുന്നു.