മുംബൈ∙ പന്തിൽ കൃത്രിമം കാട്ടിയതിന് ആജീവനാന്ത വിലക്കു വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവച്ചു. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാകും ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക. ഏപ്രിൽ ഏഴിനാണ് ഐപിഎൽ സീസണിന് തുടക്കമാകുക.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് സ്മിത്തിന് ഓസ്ട്രേലിയൻ േദശീയ ടീമിന്റെ നായകസ്ഥാനവും നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎല്ലിലും അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്.
ഒത്തുകളി വിവാദത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവമായി ഐപിഎല്ലിനു പുറത്തായിരുന്ന രാജസ്ഥാൻ റോയൽസ്, ഈ സീസണിലാണ് തിരിച്ചെത്തിയത്. ഷെയ്ൻ വാട്സനു ശേഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് പുതിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. 72 ഇന്നിങ്സുകളിൽനിന്നായി 2333 റൺസാണ് രഹാനെയുടെ സമ്പാദ്യം. നാലു കോടി രൂപയ്ക്കാണ് രഹാനെയും രാജസ്ഥാൻ ടീമിലെടുത്തത്.