Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാർക്ക് വിമാനയാത്രയ്ക്കും ഇനി തുക, ശമ്പളം കൂട്ടി; 44 ലക്ഷം രൂപയുടെ അധികബാധ്യത

Kerala Assembly

തിരുവനന്തപുരം∙ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുളള ബില്‍ നിയമസഭ പാസാക്കി. എംഎല്‍എമാര്‍ക്കു ശമ്പളം കൂട്ടുന്നതിനൊപ്പം വിമാനയാത്രയ്ക്കും തുക അനുവദിക്കാന്‍ തീരുമാനമായി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാണു വിമാനയാത്രാക്കൂലി നല്‍കുക. പ്രതിവര്‍ഷം 50,000 രൂപ ഈയിനത്തില്‍ ഒരാള്‍ക്കു ലഭിക്കും.

മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുദ്ദേശിക്കുന്ന ‘ദ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവന്‍സെസ് (അമെന്‍ഡ്മെന്റ്) ബില്‍ 2018’ പ്രകാരമാണു ശമ്പളവർധന. ബില്ലില്‍ ഭേദഗതി വരുത്തിയാണു വിമാനയാത്രാക്കൂലി ഉള്‍പെടുത്തിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചതു വഴി ഒരുമാസം സര്‍ക്കാരിനു 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുക. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ചെലവു ചുരുക്കാൻ ‘മുണ്ടുമുറുക്കിയുടുക്കൽ’ ശീലിക്കണമെന്നും സർക്കാർ തന്നെ പറയുമ്പോഴാണ് ഇത്തരമൊരു വർധന. 

∙ എംഎല്‍എമാരുടെ മണ്ഡലം അലവന്‍സ് ഇരട്ടിയാക്കിയപ്പോള്‍ ടെലഫോണ്‍ ആനുകൂല്യം 7500ല്‍ നിന്ന് 11,000 രൂപയാക്കി കൂട്ടി. 

∙ 39,500 രൂപയില്‍ നിന്ന് 70,000 രൂപയായാണ് എംഎല്‍എമാരുടെ ശമ്പളം വര്‍ധിക്കുന്നത്. മാസം 12,000 രൂപ മണ്ഡലം അലവന്‍സ് ലഭിച്ചിരുന്നയിടത്ത് ഇനി 25,000 രൂപ കിട്ടും. എങ്ങും പോയില്ലെങ്കിലും മിനിമം 20,000 രൂപ ബാറ്റ എഴുതിയെടുക്കാം.

ടെലിഫോണ്‍ അനൂകൂല്യം 7500ല്‍ നിന്ന് പതിനൊന്നായിരമായും  ഒാഫിസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. എല്ലാം കൂടി കൂട്ടുമ്പോള്‍ നിലവില്‍ കിട്ടുന്നതിനേക്കാള്‍ 30,500 രൂപ അധികം.

∙ 118 പേര്‍ക്ക് മാസം 36 ലക്ഷം രൂപ കണ്ടെത്തണം. വര്‍ഷം നാലരക്കോടി രൂപ!

∙ മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55,000ത്തില്‍ നിന്ന് 90,000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 35,000 രൂപ കൂടുതലായി കണ്ടെത്തണം. ഈയിനത്തിലും മാസം എട്ടുലക്ഷത്തോളം രൂപയുടെ അധികബാധ്യത.

എംഎല്‍എമാരുടെ പലിശരഹിത വാഹനവായ്പ അഞ്ചുലക്ഷത്തില്‍ നിന്നു പത്തുലക്ഷമായും ഭവനവായ്പ പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയതും അടുത്തകാലത്താണ്. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാന്‍ തീരുമാനിച്ചതോടെ അടുത്തമാസം മുതല്‍ ശമ്പളത്തിനായി കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും.‌

സാമാജികരുടെ ശമ്പള - ആനുകൂല്യ വര്‍ധനയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണു ബില്‍ സഭയില്‍ അവതരിപ്പിച്ചതെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ചെലവു ചുരുക്കാനായി ജസ്റ്റിസ് ജയിംസ് നല്‍കിയ ശുപാര്‍ശകളില്‍ പലതും സര്‍ക്കാര്‍ തള്ളി.

ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ചു ബില്ലില്‍ പറയുന്നത്:

മന്ത്രിമാരുടെയും സ്പീക്കറുടെയും സാമാജികരുടെയും ശമ്പളത്തില്‍ അവസാനം വര്‍ധന വരുത്തിയത് 2012ലാണ്. അഞ്ചുവര്‍ഷത്തിനിടെ ആഹാരസാധനങ്ങളുടെയും പെട്രോളിന്റെയും ഡീസലിന്റെയും വൈദ്യുതിയുടെയും വിലയില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചു സര്‍ക്കാര്‍ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മറ്റിയെ മന്ത്രിമാര്‍, സാമാജികര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ്, മുന്‍ സാമാജികര്‍ എന്നിവരുടെ ശമ്പള വര്‍ധനവിനെക്കുറിച്ച‌ു പഠിക്കാന്‍ നിയമിച്ചു. 2017 ഓഗസ്റ്റ് 22ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

related stories