തിരുവനന്തപുരം∙ സംസ്ഥാനത്തു വിൽപന നടത്തുന്ന രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അഞ്ച് ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ ബാക്ടീരിയയും 13 ബ്രാൻഡുകളിൽ ഫംഗസ്, യീസ്റ്റ്, പൂപ്പൽ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
മൃതസഞ്ജീവനി പദ്ധതിയിൽ സംസ്ഥാനത്ത് അവയവങ്ങൾക്കായി റജിസ്റ്റർ ചെയ്ത രോഗികളിൽ 180 ഓളം പേർ വിവിധ കാരണങ്ങളാൽ മരിച്ചുവെന്നും അനൂപ് ജേക്കബിനു മറുപടിയായി മന്ത്രി പറഞ്ഞു. പദ്ധതിയിൽ വ്യക്ക മാറ്റിവയ്ക്കുന്നതിന് 1,756 പേരും ഹൃദയം മാറ്റിവയ്ക്കുന്നതിന് 36 പേരും കരൾ മാറ്റിവയ്ക്കുന്നതിന് 375 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ സംസ്ഥാനസർക്കാർ പങ്കാളിയാകുമെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാൻ ഭാരതിൽ ലയിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. സംസ്ഥാന താല്‍പര്യങ്ങൾക്കു വിരുദ്ധമായ വ്യവസ്ഥകൾ മാറ്റാൻ കേന്ദ്രം തയാറായതിനെ തുടർന്നാണ് സർക്കാർ പദ്ധതിയിൽ അoഗമായതെന്നും കെ.മുരളീധരനെ മന്ത്രി അറിയിച്ചു.
ഇ കോളി ബാക്ടീരിയ
മനുഷ്യരുടെയും മൃഗങ്ങളുടെയും ആമാശയഭാഗങ്ങളിലാണ് ഇ-കോളി ബാക്ടീരിയ കണ്ടുവരുന്നത്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പകരാൻ ഇതു കാരണമാകും. മനുഷ്യവിസർജ്യത്തിലാണ് ഇതു പ്രധാനമായും കാണപ്പെടുന്നത്. ശരിയായി വേവിക്കാത്ത മാംസം, മലിനജലം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തുന്നത്.