തിരുവനന്തപുരം∙ സെസും സർചാർജും നികുതിയാക്കി മാറ്റിയതോടെ മദ്യവില വർധിക്കുമെന്ന പ്രചാരണം ശരിയല്ലെന്നു മന്ത്രി ടി.എം. തോമസ് ഐസക്. വിദേശ നിർമിത വിദേശ മദ്യത്തിനു നികുതി കുറച്ചത് അവയുടെ മാർക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും ധനബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
വിദേശത്തു നിന്ന് എത്തുന്നവരിൽ നിന്നു മുന്തിയ ബ്രാൻഡ് വിദേശനിർമിത വിദേശ മദ്യം ഏകദേശം 4000 രൂപയ്ക്കു കിട്ടുന്നുണ്ട്. ഇതേ മദ്യത്തിനു മേൽ സംസ്ഥാനത്തെ നികുതി നിരക്ക് ഏർപ്പെടുത്തിയാൽ 9000 രൂപയ്ക്കു വിൽക്കേണ്ടി വരും. വാങ്ങാൻ ആളുമുണ്ടാകില്ല. ഇതു കണക്കിലെടുത്താണ് വിദേശനിർമിത വിദേശമദ്യത്തിനു നികുതി കുറച്ചത്.
ഇതനുസരിച്ച് ഏകദേശം 4500 രൂപയ്ക്കു ബവ്റിജസ് കോർപറേഷൻ വഴി വിൽക്കാൻ കഴിയും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റിൽ വിളമ്പാം. കുപ്പി അതേപടി വിൽക്കാൻ കഴിയില്ല. ഇൗ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവർത്തികമാകുന്നുവെന്നു പഠിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.