Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശനിര്‍മിത ‘വിദേശി’ ഇനി ബാറിലും ബീയര്‍ പാര്‍ലറിലും; മദ്യമൊഴുകും, ഖജനാവു നിറയും

exclusive-logo

തിരുവനന്തപുരം∙ വിദേശനിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്തുന്നതിനു സര്‍ക്കാരിന്റെ അനുമതി. നേരത്തേ ബവ്റിജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്.

ബാറുകളിലൂടെ വിദേശമദ്യവും ബീയര്‍ പാര്‍ലറുകളിലൂടെ വിദേശ ബീയറും വൈനും വില്‍ക്കാം. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയിലൂടെ ബവ്റിജസ് കോര്‍പ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തും.

order-with-watermark

2018 - 19ലെ ബജറ്റ് നിര്‍ദേശം അനുസരിച്ച് വിദേശനിര്‍മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ഇ ടെണ്ടര്‍ പോര്‍ട്ടല്‍ വഴി മദ്യ കമ്പനികളില്‍നിന്നും ഡീലര്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി 28നാണ്. പരിശോധനകള്‍ക്കുശേഷം 17 സ്ഥാപനങ്ങള്‍ക്ക് വിദേശനിര്‍മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. 227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്.

ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില്‍പ്പന ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശനിര്‍മിത വിദേശമദ്യം ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബാറുടമകളും ഈ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയത്. വിഷയം ചര്‍ച്ച ചെയ്ത സര്‍ക്കാര്‍, ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും വിദേശനിര്‍മിത വിദേശമദ്യവും വൈനും വില്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ക്ക് പുറമേ(എഫ്എല്‍ 1 ലൈസന്‍സ്) ബാറുകള്‍ക്കും (എഫ്എല്‍ 3), മറൈന്‍ ഓഫിസേഴ്സ് ക്ലബിനും(എഫ്എല്‍4), ക്ലബ്ബുകള്‍ക്കും (എഫ്എല്‍ 4 എ), എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും (എഫ്എല്‍ 7), ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും (എഫ്എല്‍11), ബിയര്‍ ഔട്ട്ലറ്റുകള്‍ക്കും (എഫ്എല്‍ 12) വിദേശ നിര്‍മിത വിദേശ മദ്യവും വൈനും ബവ്റിജസ് ഗോഡൗണുകളില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ വിദേശനിര്‍മിത മദ്യം ബാറുകള്‍ വാങ്ങിയിരുന്നത് കസ്റ്റംസില്‍നിന്നായിരുന്നു. 25,000 രൂപയായിരുന്നു വാര്‍ഷിക ഫീസ്. വിദേശമദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി ഉത്തരവിറങ്ങിയതോടെ നികുതി ഇനത്തില്‍ വലിയ തുക സര്‍ക്കാരിനു ലഭിക്കും. 2018- 19 ബജറ്റ് പ്രസംഗത്തിലെ നിര്‍ദേശം അനുസരിച്ച് വിദേശ നിര്‍മിത വിദേശമദ്യത്തിന് 78 ശതമാനവും, വിദേശ നിര്‍മിത വൈനിന് 25 ശതമാനവുമാണ് വില്‍പ്പന നികുതി. കൂടാതെ ഒരു പ്രൂഫ് ലീറ്ററിന് 87.70 രൂപ ക്രമത്തില്‍ വിദേശനിര്‍മിത വിദേശ മദ്യത്തിനു പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിദേശ നിര്‍മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിനു ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ക്ക് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

വിദേശ നിര്‍മിത വിദേശ മദ്യം അനധികൃതമായി കച്ചവടം നടത്തുന്നതിനാല്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിദേശനിര്‍മിത വിദേശമദ്യം ബവ്റിജസ് കോര്‍പ്പറേഷന്‍ വഴി ഇറക്കുമതി ചെയ്യുന്നതെന്നു സര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതുകൊണ്ടുമാത്രം ഉപഭോഗം കുറയില്ലെന്നും ആവശ്യകത ഇല്ലാതാക്കിയാല്‍ മാത്രമേ ഉപഭോഗം കുറയൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍, പുതിയ ഉത്തരവിലൂടെ മദ്യവില്‍പ്പനയും വരുമാനവും കൂടും.

related stories