തിരുവനന്തപുരം ∙ പ്രതിപക്ഷം അകപ്പെട്ടിരിക്കുന്ന സ്ഥലജലവിഭ്രാന്തിയുടെ പ്രകടനം മാത്രമാണു വിദേശനിർമിത വിദേശമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങളെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ശബരിമല വിഷയത്തിൽ സമരം തുടങ്ങി കുരുക്കിലകപ്പെട്ട യുഡിഎഫ് എങ്ങനെയെങ്കിലും തലയൂരാനുള്ള ബദ്ധപ്പാടിലാണു തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശനിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത മനോരമ ഓണ്‍ലൈനാണു പുറത്തുവിട്ടത്. മന്ത്രിസഭ അറിയാതെയാണു തീരുമാനമെന്നും വൻ അഴിമതിയാണെന്നും വിദേശമദ്യ മാഫിയയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ബ്രുവറി വിവാദം കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാനുള്ള നീക്കം ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് വിദേശനിർമിത വിദേശമദ്യം വിൽക്കുന്നതിനു പിന്നിൽ കോടികളുടെ അഴിമതി എന്ന ആരോപണവുമായി രംഗത്തുവന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദുഷ്പ്രചാരണങ്ങളിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ കരിതേക്കാനുള്ള നീക്കം വിലപ്പോവില്ല.
സംസ്ഥാനത്തു മദ്യമൊഴുക്കിയതും മദ്യലോബികളുമായി ഇടപാടുകൾ നടത്തിയതും ആരെന്നു പകൽപോലെ വ്യക്തമാണ്. യാഥാർഥ്യങ്ങൾ മറച്ചുപിടിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വിഫലശ്രമത്തിലാണു യുഡിഎഫ് നേതൃത്വം. ബാറുകൾ പൂട്ടുകയും പൂട്ടിയ ബാറുകൾ ബിയർ വൈൻ പാർലറാക്കുകയും ചെയ്തതിനു പിന്നിലെ ഡീൽ എന്തായിരുന്നെന്നു യുഡിഎഫ് വ്യക്തമാക്കണം.
വിദേശനിർമിത വിദേശമദ്യം കേരളത്തിൽ വിൽക്കുന്നതു പുതിയ കാര്യമല്ല. വിദേശനിർമിത വിദേശമദ്യം വിൽപനയ്ക്ക് 2007 മുതൽ അനുമതി നൽകിയിട്ടുണ്ട്. SRO നമ്പർ 223/2007 ഉത്തരവ് മുഖേന വിദേശ നിർമിത വിദേശമദ്യം കസ്റ്റംസ് ബോണ്ടഡ് വെയർഹൗസിൽനിന്നു നേരിട്ടുവാങ്ങി വിൽക്കുന്നതിന് 25000 രൂപ വാർഷിക ഫീസ് ഈടാക്കി ബാറുകൾക്കും 10000 രൂപ വാർഷിക ഫീസ് ഈടാക്കി ബീയർ ആൻഡ് വൈൻ പാർലറുകൾക്കും അനുമതി നൽകാൻ എക്സൈസ് കമ്മിഷണർക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതിൽ ഇപ്പോൾ ആരോപിച്ചിരിക്കുന്ന ബെക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഉൾപ്പെടുന്നു.
വിദേശനിർമിത വിദേശമദ്യം സംസ്ഥാനത്ത് വിൽപന നടത്തുന്ന വിഷയം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സജീവമായി പരിഗണിച്ചിരുന്നു. അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപ്പന ആരംഭിക്കുവാനും നികുതിഘടന അടിയന്തരമായി പരിശോധിച്ചു സമർപ്പിക്കുന്നതിനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനത്തിൽ വിദേശ നിർമിത വിദേശ മദ്യം ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ചുള്ള വ്യക്തമായ നിർദേശം ലഭ്യമാക്കുവാൻ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് 23.07.2012ന് എക്സൈസ് മന്ത്രി വിളിച്ചുചേർത്ത യോഗ തീരുമാന പ്രകാരം വിശദമായ പ്രപ്പോസലുകളും ഭേദഗതിയും സമർപ്പിക്കാൻ 23.07.2012 ലെ 8938/GI/2010/ നികുതി കത്തിലൂടെ എക്സൈസ് കമ്മീഷണർക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 04.09.2012 ൽ Xc3-11895/2007 നമ്പർ കത്തിലൂടെ എക്സൈസ് കമ്മീഷണർ ആദ്യ പ്രപ്പോസൽ സമർപ്പിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ തുടർന്നു വന്നു. ഇതിന്റെ തുടർച്ചയായി കെഎസ്ബിസി ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു.
വിദേശനിർമിത വിദേശമദ്യം സംസ്ഥാനത്ത് വിൽക്കുന്നതിന് വളരെ വ്യക്തമായി ഉത്തരവ് ഒന്നിലധികം തവണ അന്നത്തെ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ബന്ധപ്പെട്ട ഫയലിൽ നൽകിയിട്ടുണ്ട്. (ഫയൽ 8938/ജി /2010 / നികുതി) (ഖണ്ഡിക 143; 161 – 164). വിദേശ നിർമ്മിത വിദേശ മദ്യം സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍ മുഖേന വിൽക്കുന്ന കാര്യം 2018–19 ലെ സർക്കാർ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നതാണ്. അതിനു മുമ്പ് ബാറുകൾക്ക് കസ്റ്റംസ് ബോണ്ടഡ് വെയർഹൗസിൽ നിന്നും വിദേശനിർമ്മിത വിദേശമദ്യം വാങ്ങുവാൻ കഴിയുമായിരുന്നു. മാത്രവുമല്ല വിദേശനിർമ്മിത വിദേശമദ്യത്തിന്റെ വ്യാപകമായ അനധികൃത വിൽപനയും സർക്കാർ കണക്കിലെടുത്തിട്ടുണ്ട്.
ഇതു സംബന്ധിച്ച് വളരെ വിശദമായ നിരീക്ഷണം ധനകാര്യ മന്ത്രി അവതരിപ്പിച്ച 2018–19 ബജറ്റിന്റെ ഖണ്ഡിക 253–ൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് വലിയ തോതിലുള്ള നികുതി നഷ്ടവും കെഎസ്ബിസിക്ക് വരുമാന നഷ്ടവും ഉണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് വിദേശ നിർമിത വിദേശമദ്യവും കെഎസ്ബിസി വഴി നൽകുന്നതിന് തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തിനനുസൃതമായ നിയമഭേദഗതി 2018 –ലെ ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ച ബന്ധപ്പെട്ട ധനകാര്യ ബില്ലിൽ പ്രതിപക്ഷം യാതൊരുവിധ വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നില്ല– മന്ത്രി വിശദീകരിച്ചു.