കാസർകോട്∙ തെരുവുവിളക്കു നന്നാക്കാൻ തൂണിൽ കയറിയ വൈദ്യുതിബോർഡ് കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. കാസർകോട് കുഡ്ലു ബ്ലാർക്കോട് പ്രവീൺ ശങ്കർ നായ്ക്ക് (51) ആണു മരിച്ചത്. രാവിലെ പത്തോടെ ചൗക്കി –കമ്പാർ റോഡിൽ സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപമായിരുന്നു അപകടം.
അരയിൽ കെട്ടിയ കയർ തൂണിൽ ബന്ധിച്ചാണ് ശങ്കർ നായ്ക്ക് വൈദ്യുതിതൂണിൽ കയറിയത്. ലൈൻ നന്നാക്കി ഇറങ്ങുന്നതിനിടെ കൈ സർവീസ് വയറിൽ കുടുങ്ങി അബോധാവസ്ഥയിലായി. അഗ്നിശമന സേനയെത്തി കയർ അഴിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടവിവരം കെഎസ്ഇബി അധികൃതരെ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.