ന്യൂഡൽഹി∙ കളിക്കളത്തിൽ കേളീമികവിനൊപ്പം മര്യാദയുടെ പേരിലും കയ്യടി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, തനിക്കുമാത്രം സാധ്യമായൊരു ‘സ്ട്രോക്കിലൂടെ’ വീണ്ടും താരമായി. രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ സച്ചിൻ തന്റെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. സഭയിലെ ഹാജരും ഇടപെടലും കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്നതിനിടെയാണു സച്ചിന്റെ തീരുമാനം.
ആറു വർഷത്തെ കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ 90 ലക്ഷം രൂപയാണു സച്ചിനു ലഭിച്ചത്. ഈ തുക മുഴുവനും ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. 2012 ഏപ്രിലിലാണു സച്ചിന്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സച്ചിന്റെ പ്രവൃത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാകാന്‍ ഈ തുക ഉപകരിക്കുമെന്നും വലിയൊരു മാതൃകയാണു സച്ചിന്റേതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അഭിപ്രായപ്പെട്ടു.
എംപിമാരായ സച്ചിനും നടി രേഖയും സഭയിലെത്താത്തതിന് ഏറെ വിമര്‍ശനം കേട്ടിരുന്നു. ആറു വർഷത്തിനിടെ 400 സെഷനുകളിൽ 18 എണ്ണത്തിൽ മാത്രം രേഖ പങ്കെടുത്തപ്പോൾ, സച്ചിൻ 29 എണ്ണത്തിൽ പങ്കാളിയായി. രാജ്യസഭാംഗം എന്ന നിലയിൽ രേഖ 99.59 ലക്ഷവും സച്ചിൻ 90 ലക്ഷം രൂപയും പ്രതിഫലം നേടി. ബില്ലുകളൊന്നും അവതരിപ്പിക്കാത്ത സച്ചിന്റെ ഇടപെടൽ 22 ചോദ്യങ്ങളിൽ ഒതുങ്ങിയിരുന്നു.
അതേസമയം, എംപി ഫണ്ട് സച്ചിന്‍ മികച്ച രീതിയില്‍ വിനിയോഗിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. രാജ്യത്താകമാനം 185 പദ്ധതികള്‍ക്ക് അനുമതി നേടിയെടുത്തു. സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മറ്റുമായും പണം ചെലവിട്ടു. രണ്ടു ഗ്രാമങ്ങളും സച്ചിൻ ഏറ്റെടുത്തിട്ടുണ്ട്.