എഫ് ഒന്ന് നമ്പര്‍ ഇനി കാഞ്ഞിരപ്പള്ളി സ്വദേശിക്ക്; വില അഞ്ചു ലക്ഷം രൂപ

കോട്ടയം ∙ കാഞ്ഞിരപ്പള്ളി ആർടിഒ ഓഫിസിനു കീഴിലെ  ‘എഫ് ഒന്ന്’ നമ്പരിനായി ആവേശം നിറഞ്ഞ ലേലം വിളി. ഒടുവിൽ കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശി അഞ്ചു ലക്ഷത്തിലേറെ രൂപയ്ക്ക്  സ്വപ്ന നമ്പർ സ്വന്തമാക്കി. കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ ഓഫിസിൽ ആർടിഒ കെ.പ്രേമാനന്ദിന്റെ നേതൃത്വത്തിലായിരുന്നു ലേലം. 

രണ്ടു പേരാണു മത്സര രംഗത്തുണ്ടായിരുന്നത്. ഒരു ലക്ഷം രൂപ ഫീസിനത്തിൽ അടച്ചാലേ ലേലത്തിൽ പങ്കെടുക്കാനാകൂ. തുടർന്ന് ഒരു ലക്ഷത്തിനു മുകളിലേക്കായി ലേലം വിളി. ഒടുവിൽ 400500 രൂപയ്ക്ക് ‘കെഎൽ 34 എഫ് 1’ എന്ന നമ്പർ കാളകെട്ടി സ്വദേശി എബ്രിനോ കെ.തോമസ് സ്വന്തമാക്കി. ഫീസടക്കം 500500 രൂപയാണു സർക്കാരിലേക്കു ലഭിച്ചത്. എബ്രിനോ പുതുതായി ബുക്ക് ചെയ്ത ‘ഫോഴ്സ് മോട്ടോഴ്സ് ഗൂർഖ’ എന്ന വാഹനത്തിനാകും ലക്ഷങ്ങളുടെ മൂല്യമുള്ള നമ്പർ ചാർത്തുക. ‘കെഎൽ 34 എഫ് 10’ എന്ന നമ്പർ 90000 രൂപയ്ക്ക് പ്രിയ മാത്യുവും ‘കെഎൽ 34 എഫ് 8’ എന്ന നമ്പർ ജോസ്കുട്ടി സെബാസ്റ്റ്യൻ 25000 രൂപയ്ക്കും ലേലത്തിൽ സ്വന്തമാക്കി.