Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി കല്ലൂർ: 100 ദിവസം കൊണ്ട് കോട്ടയത്തെ ക്ലീൻസിറ്റിയാക്കിയ അധ്യക്ഷൻ

sunny1 സണ്ണി കല്ലൂർ

കോട്ടയം ∙ 2010–ൽ രണ്ടാം തവണ നഗരസഭയുടെ അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ സണ്ണി കല്ലൂരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ക്ലീൻ സിറ്റി. 100 ദിവസത്തിനുള്ളിൽ കോട്ടയം നഗരത്തെ ക്ലീൻ സിറ്റിയാക്കാൻ നടപടി സ്വീകരിക്കുമെന്നും ദുർഗന്ധ നഗരമെന്ന ചീത്തപ്പേരു മാറ്റിയെടുക്കുമെന്നും അന്നു പ്രഖ്യാപിക്കുകയും നടപ്പിലാക്കി അവാർഡ് നേടുകയും ചെയ്തു.

‘എന്റെ സ്വപ്‌നത്തിലെ കോട്ടയം’ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കി മലയാള മനോരമ സംഘടിപ്പിച്ച നഗരസഭാ കൗൺസിലർമാരുടെ സംഗമത്തിലാണ് സണ്ണി കല്ലൂർ മനസ്സുതുറന്നത്. വാർഡ് അടിസ്‌ഥാനത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന ആശയമാണു സണ്ണി മുന്നോട്ടു വച്ചത്. നഗരത്തെ ക്ലീൻ സിറ്റിയാക്കണമെന്ന നിർദേശത്തോടു സംഗമത്തിൽ പങ്കെടുത്ത എല്ലാ കൗൺസിലർമാർക്കും ഒരേ അഭിപ്രായമായിരുന്നു.

Sunny Kalloor Oommen Chandy ഉമ്മൻചാണ്ടി, ജോസ് കെ.മാണി, തോമസ് ചാഴികാടൻ എന്നിവരോടൊപ്പം സണ്ണി കല്ലൂർ. ചിത്രം: മനോരമ

മാലിന്യങ്ങളിൽനിന്നു പ്ലാസ്‌റ്റിക് വേർതിരിച്ചെടുത്തു വയ്‌ക്കുകയും മറ്റുള്ളവ ജൈവ വളമാക്കുകയും ചെയ്യുകയാണു സംസ്‌കരണത്തിന്റെ ആദ്യപടിയായി നഗരസഭ അന്നു ചെയ്തത്. മാലിന്യനിർമാർജനത്തിനു പുറമേ, ശുദ്ധജല വിതരണം, ഭരണവേഗം, ഗതാഗത പ്രശ്‌നങ്ങൾ, സുതാര്യ ഭരണം തുടങ്ങിയവയെല്ലാം യോഗത്തിൽ ചർച്ചയായി. അവയിൽ മിക്കതും നടപ്പാക്കുകയും ചെയ്തു. 

സഫലീകരിക്കാത്ത സ്വപ്നം

കോട്ടയം നഗരസഭയ്‌ക്കു പുതിയ ആസ്‌ഥാനം എന്ന സ്വപ്നം പക്ഷേ, സണ്ണി കല്ലൂരിനു നടപ്പാക്കാനായില്ല. അദ്ദേഹത്തിന്റെ ഭരണകാലത്തിനു ശേഷവും ആ ചർച്ചകൾക്കു കാര്യമായ പുരോഗതി ഉണ്ടായില്ല. ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാൻ നഗരസഭ മുൻപു കേന്ദ്ര സർക്കാരിനു നൽകിയ സ്‌ഥലം മുനിസിപ്പൽ കോംപ്ലക്‌സ് നിർമിക്കാൻ വിട്ടുനൽകണമെന്നു നഗരസഭ അധ്യക്ഷനായിരിക്കേ സണ്ണി കല്ലൂർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നിയമതടസ്സം ഇല്ലെങ്കിൽ സ്‌ഥലം തിരികെ നൽകമെന്നു അന്നു മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉറപ്പും നൽകി.

അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന നഗരസഭയ്‌ക്കു പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭാ അധികൃതർക്കും നഗരവാസികൾക്കും ആശ്വാസമേകുന്ന പുതിയ കെട്ടിടമെന്ന നിർദേശം അന്നു പരക്കേ സ്വാഗതം ചെയ്യപ്പെട്ടു. സ്‌റ്റേഡിയം പണിയാൻ സ്‌ഥലം നൽകിയാൽ നിർമാണച്ചെലവ് വഹിക്കാം എന്നു കേന്ദ്രം പറഞ്ഞതിനാലാണ് അന്നു മുനിസിപ്പൽ പാർക്കിന് എതിരെയുള്ള സ്‌ഥലം നൽകിയത്.

Sunny Kalloor KC Joseph കെ.സി.ജോസഫിനൊപ്പം സണ്ണി കല്ലൂർ.

എന്നാൽ ഇരുപതിലധികം വർഷം സ്‌റ്റേഡിയത്തിന്റെ പണി നടന്നതേയില്ല. ഇതിനിടയിൽ വിട്ടുനൽകിയ സ്‌ഥലം നഗരസഭയുടെ കൈയിൽനിന്നു നഷ്‌ടമായി. സർക്കാരിന്റെ പേരിലായ സ്‌ഥലം തിരികെ നൽകണമെന്നായിരുന്നു സണ്ണി കല്ലൂരിന്റെ പ്രധാന ആവശ്യം. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടെ നഗരസഭാ ഓഫീസുകൾ മാത്രം പ്രവർത്തിക്കുന്ന കോംപ്ലക്‌സ് നിർമിക്കാനാണു നഗരസഭ പദ്ധതിയിട്ടത്.

സണ്ണി കല്ലൂരിന്റെ കയ്യൊപ്പ് പതിഞ്ഞ പദ്ധതികൾ

∙ കോട്ടയം - കുമകം ഇക്കോസിറ്റി പദ്ധതി

∙ കച്ചേരിക്കടവ് ബോട്ട് ജെട്ടി നവീകരണം

∙ ജൂബിലി പാർക്ക് നവീകരണം

∙ നാഗമ്പടം ബസ് സ്‌റ്റാൻഡ് ബി ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിർമാണം

∙ നാഗമ്പടം മുനിസിപ്പൽ മൈതാനം നവീകരണം. നാഗമ്പടം ജംക്‌ഷൻ വിപുലീകരണം

∙ കോടിമതയിലെ പുതിയ സസ്യമാർക്കറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ

∙ തിരുനക്കരയിൽ രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട നിർമാണം

∙ തിരുവാതുക്കൽ കമ്യൂണിറ്റി ഹാളിന്റെ പ്രാരംഭ പ്രവർത്തനം

∙ നാഗമ്പടം സ്വകാര്യ ബസ് സ്‌റ്റാൻഡ് കോൺക്രീറ്റിങ്‌

∙ നാഗമ്പടം റയിൽവേ ഫുട് ഓവർ ബ്രിഡ്‌ജ്

∙ കോടിമത എംജി റോഡ് ഗതാഗത യോഗ്യമാക്കി

∙ പോസ്‌റ്റ് ഓഫിസ് റോഡ് റബർ ബോർഡിനെക്കൊണ്ടു റബറൈസ് ചെയ്യിച്ചു.