ത്രിവര്‍ണ പതാകയുമായി സിന്ധു; കോമൺവെൽത്തിൽ‌ പ്രതീക്ഷയോടെ ഇന്ത്യ

കോമൺവെൽത്ത് ഗെയിംസ് 2018ന്റെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ടീമംഗങ്ങൾ പി.വി. സിന്ധുവിന്റെ നേതൃത്വത്തിൽ അണിനിരന്നപ്പോൾ. (ട്വിറ്റർ ചിത്രം)

ഗോൾ‌ഡ് കോസ്റ്റ് (ഓസ്ട്രേലിയ)∙ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. കായിക ലോകത്തെ വിസ്മയിപ്പിച്ച ചടങ്ങുകളോടെയാണു ഗെയിംസിനു തുടക്കമായത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ബാഡ്മിന്റൻ താരം പി.വി.സിന്ധു ഇന്ത്യൻ പതാകയേന്തി.

തീരനഗരമായ ഗോൾഡ് കോസ്റ്റിന്റെ പാരമ്പര്യവും സംസ്കാരവും പ്രതിഫലിച്ച ദൃശ്യവിരുന്നോടെയായിരുന്നു ചടങ്ങ്. സംഗീതത്തിനും നൃത്തത്തിനുമൊപ്പം പ്രകാശവും ഇന്ദ്രജാലം കാട്ടിയ വിസ്മയമായിരുന്നു മുഖ്യാകർഷണം. കായികമികവിന്റെ പോരാട്ടവേദിയിലെ കലാവൈവിധ്യത്തിനുശേഷം താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. കഴിഞ്ഞ തവണത്തെ ആതിഥേയരായ സ്കോട്‌ലൻഡ് മാർച്ച് പാസ്റ്റിന് ആദ്യമെത്തി.

ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലദേശിനു പിന്നിലായാണ് ഇന്ത്യ എത്തിയത്. പി.വി.സിന്ധു ത്രിവര്‍ണ പതാകയേന്തിയപ്പോൾ, പരമ്പരാഗത വേഷം വിട്ട് സ്യൂട്ടണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ നിരന്നു. ഒടുവില്‍ കോമണ്‍വെല്‍ത്ത് പതാക കരാര സ്റ്റേഡിയത്തില്‍ ഉയര്‍ന്നുപാറി. കായികലഹരി നിറയുന്ന പത്തു ദിനരാത്രങ്ങൾക്കാണു ലോകം സാക്ഷ്യം വഹിക്കുക.

18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്‌ലീറ്റുകളാണു കോമൺവെൽത്ത് ഗെയിംസിൽ ഇക്കുറി മാറ്റുരയ്ക്കുന്നത്. ഏഥന്‍സ് ഒളിംപിക്സിലും ബെയ്ജിങ് ഒളിംപിക്സിലും വിസ്മയത്തിന്റെ ചെപ്പു തുറന്ന ഡേവിഡ് സോക്‌വറാണു ഗോള്‍ഡ് കോസ്റ്റിലും ഉദ്ഘാടന ചടങ്ങൊരുക്കിയത്. 

കഴിഞ്ഞ തവണ ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി കൂടുതല്‍ പൊന്നുവാരാമെന്ന പ്രതീക്ഷയിലാണു സുവര്‍ണതീരത്ത് എത്തിയിരിക്കുന്നത്. ബാഡ്മിന്റന്‍, ഗുസ്തി, ബോക്സിങ്, ഷൂട്ടിങ്, അത്‍ലറ്റിക്സ് എന്നീ ഇനങ്ങളിലാണു പ്രതീക്ഷയേറെയും. ഞായറാഴ്ചയാണ് അത്‌ലറ്റിക്സ് മല്‍സരങ്ങള്‍ക്കു തുടക്കമാകുന്നത്.

കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്. (ട്വിറ്റർ ചിത്രങ്ങൾ)