ഗോൾഡ് കോസ്റ്റ്(ഓസ്ട്രേലിയ)∙ ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ഹോക്കിയിൽ ഇംഗ്ലണ്ടിനെ 4–3ന് തോൽപ്പിച്ച് ഇന്ത്യ പൂൾ ബിയിൽ ഒന്നാമതെത്തി. നേരത്തെ തന്നെ സെമി സാധ്യത ഉറപ്പിച്ച ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൽസരം നിർണായകമായിരുന്നില്ല.
അതേസമയം, രാവിലെ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്കു ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ അഞ്ചു മീറ്റർ പിസ്റ്റളിൽ ഇന്ത്യൻ താരം ഓം പ്രകാശ് മിതർവാളാണ് വെങ്കലം നേടിയത്. 201.1 എന്ന സ്കോറാണ് മിതർവാൾ നേടിയത്.
227.2 എന്ന പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ ഓസ്ട്രേലിയയുടെ ഡാനിയൽ റെപാചോലി സ്വർണം നേടിയപ്പോൾ ബംഗ്ലദേശിന്റെ ഷക്കീൽ അഹമ്മദ് 220.5 എന്ന സ്കോറിൽ വെള്ളി നേടി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റളിലും ഓം പ്രകാശ് മിതർവാൾ വെങ്കലം നേടിയിരുന്നു. ഈയിനത്തിൽ 235.1 പോയിന്റുമായി ഗെയിംസ് റെക്കോർഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വർണം.