ന്യൂഡൽഹി∙ ഗോൾഡ് കോസ്റ്റിലെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ പിതാവിനു പ്രവേശനം നിഷേധിച്ചതിൽ ബാഡ്മിന്റൻ താരം സൈന നെഹ്‍വാളിനു പ്രതിഷേധം. ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തിനോടു രൂക്ഷമായ ഭാഷയിലാണു സൈന ട്വിറ്ററിൽ പ്രതിഷേധിച്ചത്.
‘പിതാവിനെ കോമൺവെൽത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതു ഞാനാണ്. എന്നിട്ടും ഗെയിംസ് വില്ലേജിലെത്തിയപ്പോൾ പിതാവിനെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി’– സൈന പറഞ്ഞു.
പുതിയ നടപടി കാരണം അദ്ദേഹത്തിന് എന്റെ മത്സരങ്ങൾ കാണാനോ ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുവാനോ എന്നെ കാണാനോ പോലും പറ്റില്ല. എല്ലാ മത്സരങ്ങൾക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണു പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നത്– സൈന ചോദിച്ചു.
ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ 'എക്സ്ട്രാ ഒഫിഷ്യൽ' എന്ന വിഭാഗത്തിലാണു സൈനയുടെ പിതാവ് ഹര്‍വീർ സിങ് നെഹ്‍വാളിന്റെ പേര് കായിക മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഗെയിംസ് വില്ലേജിൽ വച്ച് സൈനയുടെ പിതാവിനു പ്രവേശനം നിഷേധിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന ഗെയിംസ് ഏപ്രിൽ 15നാണ് അവസാനിക്കുക.