തൃശൂർ∙ കണ്ണൂരിൽ 2016–17ൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരിക്കാൻ ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീൽ സംഘടിപ്പിച്ചുകൊടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പി. സതികുമാർ, ചേർത്തല സ്വദേശി സജീവ് വാറനാട്ട്, അൻഷാദ് അസീസ്, വിഷ്ണു കലാർപ്പണ എന്നിവരെയാണു തൃശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പി. സതികുമാറിനെ തിരുവനന്തപുരത്തുപോയി പിടികൂടിയ സംഘം മറ്റു മൂന്നുപേരെയും തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇത്തവണ തൃശൂരിൽ നടന്ന സ്കൂൾ കലോൽസവത്തിൽ വ്യാജ അപ്പീൽ സമർപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന പി. സതികുമാർ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ കലോൽസവത്തിലും സതികുമാർ പണം വാങ്ങിയതായി വിവരം ലഭിച്ചതിനാലാണ് അറസ്റ്റ്.
അതേസമയം, ജാമ്യത്തിലിറങ്ങിയശേഷം ജാമ്യവ്യവസ്ഥകൾ ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു സതികുമാർ. ആഴ്ചയിൽ രണ്ടുദിവസം തൃശൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ ഒരിക്കൽപോലും പാലിച്ചില്ല. ഇതിനെതിരെ ജാമ്യം റദ്ദാക്കാനുള്ള പ്രത്യേക ഹർജി തൃശൂർ കോടതിയിലും ക്രൈംബ്രാഞ്ച് സമർപ്പിക്കും. തൃശൂർ കലോൽസവത്തിലെ വ്യാജ അപ്പീൽകേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു കണ്ണൂർ കലോൽസവത്തിൽ തട്ടിപ്പിനിരയായ മൽസരാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കണ്ണൂർ കലോൽസവത്തിലും ഒട്ടേറെ വ്യാജഅപ്പീലുകൾ സമർപ്പിക്കപ്പെട്ടതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.