മന്ത്രി ശൈലജയുടെ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് വിവാദം: മുരളീധരന്റെ ഹർജി തള്ളി

കെ.കെ. ശൈലജ

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചു. ഭർത്താവിന്റെ പേരിൽ മന്ത്രി ചികിൽസാ ചെലവ് എഴുതിയെടുത്തതിൽ തെറ്റില്ലെന്ന വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ചാണു കോടതി നടപടി. 

1987 ലെ സർക്കാർ ഉത്തരവനുസരിച്ചുള്ള ചട്ടങ്ങൾ ചൂണ്ടികാണിച്ചാണു ബിജെപി നേതാവ് വി. മുരളീധരൻ നൽകിയ ഹർജി തള്ളിയത്. ശൈലജയുടെ ഭർത്താവ് കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റി മുൻ ചെയർമാനും മട്ടന്നൂർ സർക്കാർ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കെ.കെ. ഭാസ്കരൻ വിരമിച്ച ഉദ്യോഗസ്ഥനാണെങ്കിലും റീ ഇംബേഴ്സ്മെന്റ് വാങ്ങുന്നതിൽ തെറ്റില്ലെന്നു ചട്ടം പറയുന്നതായും വിജിലൻസ് കോടതി നിരീക്ഷിച്ചു. 

മന്ത്രി ശൈലജ റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ 3,81,776 രൂപ സർക്കാരിൽ നിന്നു വാങ്ങിയെടുത്തതിൽ ചട്ടങ്ങളുടെയും നിയമത്തിന്റെയും ലംഘനമുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. ചികിൽസാ സമയത്തു സ്വകാര്യ ആശുപത്രിയിൽ നിന്നു കഴിച്ച ഭക്ഷണവും ഔഷധങ്ങളുടെ ഗണത്തിൽ പെടുത്തി, സ്കൂൾ അധ്യാപകനായിരുന്ന ഭർത്താവിനെ ആശ്രിത ഗണത്തിൽ പെടുത്തി ചികിൽസ ചിലവുകൾ വാങ്ങി, കണ്ണടയുടെ പേരിൽ 28,800 രൂപ വാങ്ങിയെടുത്തു എന്നിവയും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.