ഐഎസ്ആർഒ വഴി തെളിക്കും; ബഹിരാകാശത്ത് പേരെഴുതാൻ പള്ളിപ്പുറം

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ ബഹിരാകാശ പദ്ധതികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനു പള്ളിപ്പുറം ടെക്നോസിറ്റിയോടു ചേര്‍ന്നു വിഭാവനം ചെയ്യുന്ന എയ്റോ സ്പേയ്സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി സർക്കാർ. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐഎസ്ആര്‍ഒ) സര്‍ക്കാരും വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ചു.

പദ്ധതിയുമായി സഹകരിക്കാന്‍ ഐഎസ്ആര്‍ഒ താല്‍പര്യം അറിയിച്ചതിനെത്തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് എതിര്‍വശത്തുള്ള 20 ഏക്കര്‍ ഭൂമിയില്‍ റോഡും ചുറ്റുമതിലും നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. അതിനുശേഷം, തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്കു സ്ഥലം അനുവദിക്കും.

പദ്ധതിക്കായി റിപ്പോര്‍ട്ട് തയാറാക്കുന്ന ജോലികള്‍ വിക്രം സാരാഭായി സ്പേയ്സ് സെന്ററില്‍ (വിഎസ്എസ്‌സി ) ആരംഭിച്ചു. എന്തൊക്കെ പ്രവര്‍ത്തനങ്ങളാണു നടത്തേണ്ടത്, ഏതു തരം കെട്ടിടങ്ങള്‍ നിര്‍മിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണു തയാറാക്കുന്നത്. ഇതിനുശേഷം റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒയിലെ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കും.

ബഹിരാകാശമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ സന്നാഹങ്ങളൊരുക്കിക്കൊടുക്കലാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു വിഎസ്എസ്‍സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ‘മനോരമ ഓണ്‍ലൈനിനോട്’ പറഞ്ഞു. ‘ഐഎസ്ആര്‍ഒ പദ്ധതിക്കായി പ്രത്യേക നിക്ഷേപം നടത്തില്ല. കമ്പനികള്‍ക്കു വേണ്ട ഉപദേശങ്ങളും പ്രവര്‍ത്തനത്തിനാവശ്യമായ അന്തരീക്ഷവും ഐഎസ്ആര്‍ഒ ഒരുക്കും. ഐഎസ്ആര്‍ഒയ്ക്കായി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് അങ്ങനെ ചെയ്യാം’ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ മാറി പള്ളിപ്പുറത്തിനും മംഗലപുരത്തിനും ഇടയിലായി 400 ഏക്കറിലാണു ടെക്നോസിറ്റിക്ക് സ്ഥലം എടുത്തിരിക്കുന്നത്. ഐടി അധിഷ്ഠിത സേവനങ്ങളും ഉല്‍പന്നങ്ങളും വികസിപ്പിക്കുന്നതിനായി രണ്ടു ലക്ഷം ചതുരശ്രയടി കെട്ടിടം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് എതിര്‍വശത്തായാണ് എയ്റോ സ്പേയ്സ് പാര്‍ക്കിന് ആദ്യഘട്ടമായി 20 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. ബഹിരാകാശ പദ്ധതികള്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ നിർമിക്കുന്നതിനു സാഹചര്യമൊരുക്കാനായി ഐഎസ്ആര്‍ഒയ്ക്ക് അഞ്ച് ഏക്കര്‍ അനുവദിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയും സര്‍ക്കാരും തിരഞ്ഞെടുക്കുന്ന കമ്പനികള്‍ക്കു ബാക്കി സ്ഥലത്ത് ഉല്‍പാദനകേന്ദ്രങ്ങള്‍ ആരംഭിക്കാം. ഇവരുടെ പ്രവര്‍ത്തനമേല്‍നോട്ടം ഐഎസ്ആര്‍ഒയ്ക്ക് ആയിരിക്കും.

ഗതിനിര്‍ണയത്തിനും വാര്‍ത്താവിനിമയത്തിനുമായി കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്. ഉപഗ്രഹങ്ങള്‍ക്കാവശ്യമായ ട്രാന്‍സ്പോണ്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കരാര്‍ നല്‍കാന്‍ ഐഎസ്ആര്‍ഒ ആലോചിക്കുന്നുണ്ട്. വിഎസ്എസ്‌സി അടക്കമുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ എയ്റോസ്പേയ്സ് പാര്‍ക്ക് സംസ്ഥാനത്തിനു കൂടുതല്‍ ഗുണകരമാകുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. പദ്ധതിയില്‍ ഐഎസ്ആര്‍ഒ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നേറുകയാണെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിഎസ്എസ്‌സി മുന്‍ ഡയറക്ടറുമായ എം.സി.ദത്തന്‍ ‘മനോരമ ഓണ്‍ലൈനിനോടു’ പറഞ്ഞു.

ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ.ശിവന്‍ ചുമതലയേറ്റതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് എയ്റോ സ്പേയ്സ് പാര്‍ക്കെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവച്ചത്. അതിനുശേഷം ഐടി സെക്രട്ടറിയും വിഎസ്എസ്‌സി ഡയറക്ടറും കിന്‍ഫ്ര, ടെക്നോപാര്‍ക്ക്, ഐടി മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണു പദ്ധതിക്കായി രണ്ടു കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.