കുപ്പിവെള്ളത്തിനു വില കുറയ്ക്കാനുള്ള  നീക്കം പൊളിച്ചതു വ്യാപാരികളെന്നു നിർ‌മാതാക്കൾ

കണ്ണൂർ‌∙ ഒരു ലീറ്റർ കുപ്പിവെള്ളത്തിന്റെ വില 20 രൂപയിൽനിന്നു 12 രൂപയായി കുറയ്ക്കാനുള്ള കുപ്പിവെള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ നൂറ്റിനാൽപ്പതോളം കമ്പനികളിൽ പത്തിൽ താഴെ കമ്പനികളുടെ വെള്ളം മാത്രമേ 12 രൂപയ്ക്കു വിപണിയിലെത്തുന്നുള്ളൂ. ചില കമ്പനികൾ 12 രൂപയുടെ കുപ്പിവെള്ളം തയാറാക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാർ വാങ്ങാൻ തയാറാകുന്നില്ലെന്നാണ് ആരോപണം. എട്ടു രൂപയ്ക്കു വാങ്ങുന്ന വെള്ളമാണു കച്ചവടക്കാർ ഇപ്പോഴും 20 രൂപയ്ക്കു വിൽക്കുന്നത്. 

ഈ മാസം ഒന്നു മുതൽ‌ കുപ്പിവെള്ളത്തിനു 12 രൂപയേ ഈടാക്കാവൂ എന്നു കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷനാണു തീരുമാനിച്ചത്. നൂറിലേറെ കമ്പനികൾക്ക് അസോസിയേഷനിൽ അംഗത്വമുണ്ട്. 86 പേർ പങ്കെടുത്ത ജനറൽ ബോഡിയിൽ 64 പേരുടെ പിന്തുണയോടെയാണു തീരുമാനം പാസ്സായത്. പക്ഷേ, ഇപ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും 20 രൂപയ്ക്കു തന്നെയാണു കുപ്പിവെള്ളം വിൽക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ 15 രൂപയ്ക്കും.

12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം വാങ്ങാൻ കച്ചവടക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന് അസോസിയേഷൻ അംഗവും മാക്സ്‌വെൽ, വാൾമോറ എന്നീ കുപ്പിവെള്ള കമ്പനികളുടെ ഉടമയുമായ താജുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിലെ ഒട്ടുമിക്ക കടകളിലും തങ്ങൾ 12 രൂപയുടെ വെള്ളവുമായി പോയെങ്കിലും വിരലിലെണ്ണാവുന്ന കടക്കാർ മാത്രമാണു വാങ്ങാൻ തയാറായത്. 20 രൂപയുടെ വെള്ളത്തിന് ഒരു കുപ്പിയിൽ 12 രൂപ ലാഭം കിട്ടുമ്പോൾ, 12 രൂപയ്ക്കു വിറ്റാൽ നാലു രൂപ മാത്രമാണു ലാഭം. ആശുപത്രികളുടെ പരിസരത്തെ കടകളിൽ പോലും 12ന്റെ വെള്ളം എടുക്കാൻ വ്യാപാരികൾ തയാറായില്ല. മാത്രമല്ല, വിലകുറച്ചു വിറ്റാൽ നിലവാരം കുറഞ്ഞ വെള്ളമെന്നു കരുതി ആളുകൾ വാങ്ങാൻ മടിക്കുമെന്നും ചില വ്യാപാരികൾ പറയുന്നു.

അതേസമയം, കോള കമ്പനികളുടെ കുപ്പിവെള്ളം ഉൾപ്പെടെ രാജ്യത്തു വിൽക്കുന്ന എല്ലാ കുപ്പിവെള്ള ബ്രാൻഡുകൾക്കും ഗുണനിലവാര പരിശോധനയും സാക്ഷ്യപ്പെടുത്തലും ഒരേ രീതിയിലാണു നടക്കുന്നതെന്നു നിർ‌മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാക്സ്‌വെൽ, വാൾമോറ, സുരഭി, ബ്ലൂഗോൾഡ്, ഇറാഫെഡ് തുടങ്ങിയ ബ്രാൻഡുകളാണു 12 രൂപയുടെ വെള്ളം വിപണിയിലെത്തിച്ചിട്ടുള്ളത്. 12 രൂപയുടെ വെള്ളം ചില കടകളിലുണ്ടെങ്കിലും, ഉപഭോക്താക്കൾ പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രമേ കിട്ടൂ.