ന്യൂഡൽഹി∙ പായ്ക്ക് ചെയ്ത വെള്ളത്തിലെ മായം ചേർക്കൽ തടയുന്നതിനു സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി റാംവിലാസ് പസ്വാൻ പറഞ്ഞു. വിവിധ ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ തടയുന്നതിനു സഹായകമായ വില കുറഞ്ഞ പരിശോധനാ യന്ത്രം തയാറാക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് എഫ്എസ്എസ്എഐയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ കൗസിലിന്റെ 31-ാമത് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മൂന്നു മാസത്തിനുള്ളിൽ ഉപഭോക്തൃകാര്യ വകുപ്പ് ആറു പ്രാദേശിക കൺസ്യൂമർ ഹെൽപ് ലൈനുകൾ ആരംഭിക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാരുകളോടു സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സന്നദ്ധ ഉപഭോക്തൃ സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് 2017 ഓഗസ്റ്റ് 15 മുതൽ ഡിസംബർ 24 വരെ ഉപഭോക്തൃ ബോധവത്ക്കരണ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആർ. ചൗധരി, വകുപ്പ് സെക്രട്ടറി ശ്രീമതി പ്രീതി സുദൻ എന്നിവരും സംസാരിച്ചു.