Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിച്ച വെള്ളത്തിലും വിശ്വസിക്കാനാകില്ല; സുരക്ഷിതമല്ലാതെ നാല് കുപ്പിവെള്ള കമ്പനികൾ

ഉല്ലാസ് ഇലങ്കത്ത്
drinking water Representative Image

തിരുവനന്തപുരം∙ കേരളത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വില്‍ക്കുന്ന നാലു കമ്പനികളോടും പ്രവര്‍ത്തനം ആവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചു.

കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍നിന്നാണെന്നു പരിശോധനയില്‍ വ്യക്തമായി. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന പത്തു കമ്പനികളെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരോടു നിബന്ധനകള്‍ പാലിക്കുന്നതുവരെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം കുപ്പിവെള്ള കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തും.

സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്. ജില്ലകളിലെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജ മാണിക്യത്തിനു നല്‍കി. അദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഗുണമേന്മയില്ലാത്ത വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് അതതു സ്ഥലത്തെ ആര്‍ഡിഒമാരാണ്. 

നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും കേസുകളുടെ അവസ്ഥ അത്ര മെച്ചമല്ല. 2014 മുതലുള്ള കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. നിയമ നടപടികള്‍ നീളുന്നതോടെ മറ്റു പേരുകളില്‍ തട്ടിപ്പു കമ്പനികള്‍ വീണ്ടും വിപണിയിലെത്തുന്ന അവസ്ഥയുമുണ്ട്. 

രാജ്യത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നു കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ വിൽപന നടത്തുന്ന കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്നും കണ്ടെത്തി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുപ്പിവെള്ളത്തില്‍ 93 ശതമാനത്തിലും സൂക്ഷമമായ പ്ലാസ്റ്റിക് തരികളും കണ്ടെത്തിയിരുന്നു. കുപ്പികളുടെ അടപ്പുകളില്‍നിന്നാണ് ഇത്തരത്തിലുള്ള തരികള്‍ വെള്ളത്തില്‍ കലരുന്നതെന്നും കണ്ടെത്തി. 

സംസ്ഥാനത്തെ അറുന്നൂറോളം വരുന്ന കുപ്പിവെള്ള യൂണിറ്റുകളില്‍ 141 എണ്ണത്തിനാണ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഐഎസ്ഐ) ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതിയുള്ളത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംസ്ഥാന ഭൂജലവകുപ്പ് കുപ്പിവെള്ള കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്.