Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ ശമ്പള പരിഷ്കരണം: സർക്കാർ തീരുമാനമെടുക്കുമെന്ന് സമിതി

UNA ആശ്രാമം ഗെസ്റ്റ്ഹൗസിലേക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പൊലീസ് തടയുന്നു. ചിത്രം: മനോരമ

കൊല്ലം∙ നഴ്സുമാരുടെ ശമ്പളപരിഷ്കരണത്തിന്മേൽ സർക്കാർ തീരുമാനമെടുക്കുമെന്ന് മിനിമം വേതന ഉപദേശകസമിതി. മറ്റ് ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും സർക്കാർ തീരുമാനിക്കും. മിനിമം 20,000 രൂപ വേതനമെന്നതു സംരക്ഷിക്കപ്പെടുമെന്നും സമിതി അറിയിച്ചു. ചെയർമാൻ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നഴ്സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപ ഉറപ്പു വരുത്തുമെന്നു മിനിമം വേജസ് കമ്മിറ്റി ചെയർമാൻ പി.കെ.ഗുരുദാസൻ പറഞ്ഞു. മിനിമം വേജസ് കമ്മിറ്റിയുടെ യോഗ ശേഷമാണു ഗുരുദാസന്റെ പ്രതികരണം. കരട് വിജ്ഞാപനം സംബന്ധിച്ചു ലേബർ കമ്മിഷണറും മിനിമം വേജസ് കമ്മിറ്റി ചെയർമാനും ചേര്‍ന്നു തയാറാക്കിയ നിർദേശങ്ങളെക്കുറിച്ചു ബോർഡ് യോഗത്തിൽ തർക്കം ഉയർന്നതിനെത്തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ സർക്കാരിനു വിട്ടു.

United Nurses Association ആശ്രാമം ഗെസ്റ്റ്ഹൗസിലേക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മാർച്ച്. ചിത്രം: മനോരമ

നിർദേശങ്ങളിലെ ഏതു കാര്യത്തെക്കുറിച്ചാണു തർക്കമെന്നോ, നിർദേശങ്ങൾ എന്തെല്ലാമെന്നോ വെളിപ്പെടുത്താനാകില്ലെന്നും ഗുരുദാസൻ യോഗത്തിനുശേഷം പറഞ്ഞു. എന്നാൽ കരട് നിർദേശത്തില്‍ അലവൻസ് സംബന്ധിച്ച വിഷയങ്ങളിൽ തങ്ങൾ ഉയര്‍ത്തിയ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. ഇതു സംബന്ധിച്ച അനോമിലികൾ തുടരുകയാണ്. അതിനാൽ പ്രഖ്യാപിച്ച സമരത്തിൽ ഉറച്ചു നിൽക്കും. 16 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തും. 24നുള്ളിൽ കരട് വിജ്ഞാപനം തിരുത്തിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ആശുപത്രികളിലെ മിനിമം വേതനം സംബന്ധിച്ച മിനിമം വേതന ഉപദേശകസമിതി യോഗം മാനേജ്മെന്റുകളെ സഹായിക്കാനായാണു നടത്തുന്നതെന്നും യുഎൻഎ ആരോപിച്ചു. മിനിമം ശമ്പളം സുപ്രീം കോടതി വിധി അനുസരിച്ചു നൽകണം. സമരത്തിനൊപ്പം സെക്രട്ടേറിയറ്റ് വളയലും നടത്തുമെന്നും മിനിമം വേതന ഉപദേശകസമിതി യോഗം നടക്കുന്ന ആശ്രാമം ഗെസ്റ്റ് ഹൗസിലേക്കു മാർച്ച് നടത്തിയ യുഎൻഎ ഭാരവാഹികൾ അറിയിച്ചു.

ശമ്പള പരിഷ്കരണം സംബന്ധിച്ച ശുപാര്‍ശയ്ക്ക് അന്തിമ രൂപം നൽകാനാണു മിനിമം വേതന ഉപദേശക സമിതി ചേർന്നത്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണു കരടു വിജ്‍ഞാപനത്തില്‍ ശമ്പളം വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ചു നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

തുല്യമായി അലവന്‍സുകളും വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ വര്‍ധന പ്രായോഗികമല്ലെന്ന നിലപാടിലാണു മാനേജ്മെന്റുകള്‍. മാനേജ്മെന്റുകള്‍ക്കു കൂടി സ്വീകാര്യമായ ശമ്പള പരിഷ്കരണ ശുപാര്‍ശ സമര്‍പ്പിക്കാനാണ് ഉപദേശക സമിതിയുടെ നീക്കം.