കൊച്ചി∙ കൂടുതൽ സംസ്ഥാനങ്ങളിലേക്കു കൂടി നോട്ടുക്ഷാമം ബാധിക്കുമ്പോൾ, മൂന്നു ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കുമെന്ന കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഉറപ്പിന്റെ വിശ്വാസ്യത കുറയുന്നു. അതേസമയം, നോട്ടു പ്രതിസന്ധിയില്ല എന്ന പ്രസ്താവനയുമായി ആർബിഐ പ്രസ്താവനയിറക്കി. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണ സംസ്ഥാനങ്ങളിൽ ആരംഭിച്ച പ്രതിസന്ധി ഉത്തരേന്ത്യയിലേക്കും വ്യാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും പണമില്ലാതായതോടെ ചില എടിഎമ്മുകൾ അടച്ചു. എന്നാൽ ശാഖകളിലും എടിഎമ്മുകളിലും ആവശ്യത്തതിനു നോട്ട് ഉണ്ടെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കിടെ ഏഴു കോടിയുടെ 2000 നോട്ടുകൾ കർണാടകയിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.
∙ ആർബിഐ പറയുന്നത്
നിലവിൽ രാജ്യത്തു കറൻസി പ്രതിസന്ധിയില്ല. ഉൽസവ കാലമായതോടെ ആളുകൾ വൻതോതിൽ പണം പിൻവലിച്ചതിനാൽ ചില സ്ഥലങ്ങളിലെ എടിഎമ്മുകളിലുണ്ടായ താൽക്കാലിക പ്രതിസന്ധി മാത്രമാണിതെന്നും ആർബിഐ വ്യക്തമാക്കി. കറൻസി ചെസ്റ്റുകളിൽ ആവശ്യത്തിനു പണമുണ്ട്. നോട്ട് അച്ചടിക്കുന്ന നാലു യൂണിറ്റുകളിലും അച്ചടി കൂട്ടിയതായും റിസർവ് ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ എല്ലായിടങ്ങളിലേക്കും പണമെത്തിക്കുന്നതിൽ ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ ഉണ്ടായിക്കാണാമെന്നും ആർബിഐ സമ്മതിക്കുന്നുണ്ട്. സാധാരണയിലധികം പണം പിൻവലിക്കലുകൾ നടക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞ് അവിടേക്കു കൂടുതൽ പണമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.
∙ ജയ്റ്റ്ലി പറയുന്നത്
ബാങ്കുകളിൽ ആവശ്യത്തിലധികം പണമുണ്ട്. പ്രതിസന്ധി താൽക്കാലികം മാത്രമാണ്. ചില മേഖലകളിലുണ്ടായ വൻതോതിലുള്ള പണം പിൻവലിക്കലാണു പ്രതിസന്ധിയുണ്ടാക്കിയകത്. പ്രശ്നം പഠിച്ച് എത്രയും വേഗം പരിഹരിക്കാൻ നടപടി തുടങ്ങി.
∙ എസ്ബിഐ ചെയർപേഴ്സൻ രജനിഷ് കുമാർ
കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വലിയ ടീം തന്നെ അതിനായി പ്രവർത്തിക്കുന്നു. ചില മേഖലകളിലെ ബാങ്കുകളിൽ ആവശ്യത്തിലധികം പണമുണ്ട്. പ്രതിസന്ധിയുള്ളടത്തേക്ക് ഉടൻ പണമെത്തിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞെന്നും രജനിഷ് കുമാർ പറഞ്ഞു.