ഹൂസ്റ്റൺ∙ ഭർത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയായ ബർബറ ബുഷ് (92) അന്തരിച്ചു. അന്ത്യവിവരം ബുഷ് കുടുംബം വാർത്താക്കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നാൽപത്തിയൊന്നാമത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷിന്റെ ഭാര്യയും നാൽപത്തിമൂന്നാമത് യുഎസ് പ്രസിഡന്റായ ജോർജ് ഡബ്ല്യു. ബുഷിന്റെ മാതാവുമാണ് ബർബറ.
ആരോഗ്യം ക്ഷയിക്കുന്ന സാഹചര്യത്തിൽ ആശുപത്രിച്ചികിൽസ വേണ്ടെന്നു ബർബറ സ്വയം തീരുമാനിച്ചതായി കടുംബവൃത്തങ്ങൾ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.
ഹൂസ്റ്റണിലെ വസതിയിൽ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയിൽ കഴിയാനായിരുന്നു ഇത്. ഹൃദയസംബന്ധമായ ഒട്ടേറെ അസുഖങ്ങൾ നേരിട്ട ബർബറ പല തവണയായി ആശുപത്രിയിൽ ദീർഘനാൾ ചെലവഴിച്ചിരുന്നു.
ജോർജ് എച്ച്.ഡബ്ല്യു.ബുഷും (93) ബർബറയും വിവാഹിതരായിട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ 73 വർഷം പൂർത്തിയായിരുന്നു. 1989 മുതൽ 1993 വരെ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റായിരിക്കെ യുഎസ് പ്രഥമ വനിതയായി.
2001 മുതൽ 2009 വരെ മകൻ ജോർജ് ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റ് പദവിയിൽ വിരാജിക്കുന്നത് കാണാനും ബർബറയ്ക്കു അവസരമുണ്ടായി.
സ്വന്തം കാലിൽ നിൽക്കാൻ ഞങ്ങളെ പിന്തുണച്ച മാതാവ് മരണം വരെ സന്തോഷം കൈവിടാതെയിരുന്നതായി മകൻ ജോർജ് ഡബ്ല്യു. ബുഷ് വാർത്താക്കുറിപ്പിൽ അനുസ്മരിച്ചു.