Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുരിൽ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി പിടഞ്ഞ ആ രാത്രി; നരകജീവിതം തുറന്നെഴുതി ഡോക്ടർ

Yogi Adityanath, Kafeel Khan ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(ഇടത്) ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച കുരുന്നിനു മുന്നിൽ കണ്ണീരോടെ ഡോ.കഫീൽ ഖാൻ (വലത്) – ഫയൽ ചിത്രങ്ങൾ

ഗോരഖ്പൂർ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഓഗസ്റ്റ് 10നാണ് മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങൾ ഒരിറ്റു ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. ആ സമയം ഓക്സിജൻ സിലിണ്ടറുകള്‍ക്കായി പാഞ്ഞു നടക്കുകയായിരുന്നു കുട്ടികളുടെ വാർഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ.കഫീൽ ഖാൻ. കുട്ടികൾ മരിച്ച എഇഎസ് വാർഡിന്റെ നോഡൽ ഓഫിസറായിരുന്ന കഫീൽ ഖാനെ സംഭവത്തിനു പിന്നാലെ സർക്കാർ സസ്പെൻഡ് ചെയ്തു. വൈകാതെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവുമെത്തി, അതും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടോടെ.

തടവറയിൽ നിന്ന് കഫീൽഖാൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നു. ‘കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം’ എന്നു കുറിച്ചു കൊണ്ടാണ് ഡോക്ടറുടെ കത്ത്. ജയിലിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് അടുത്തിടെ കഫീൽ ഖാന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഗോരഖ്പുരിൽ എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്നും അതിനു ശേഷം ജയിലിൽ തനിക്കു നേരിടേണ്ടി വന്ന നരകതുല്യ ജീവിതത്തെപ്പറ്റിയും തന്നെയും കുടുംബത്തെയും അടിച്ചമർത്താൻ ഉത്തർപ്രദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയുമെല്ലാം കഫീൽ കത്തില്‍ വിവരിക്കുന്നുണ്ട്. ഈ കത്ത് ഡോ.നെൽസൻ ജോസഫ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി സമൂഹമാധ്യമത്തിൽ നൽകിയതും ഇപ്പോൾ വൈറലാണ്. കത്തിന്റെ ആ സമ്പൂർണരൂപം:

‘ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ?’

ഇരുമ്പഴികൾക്കു പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഡനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ കാഴ്ചകളും ഇപ്പോൾ എന്റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട്, ‘ഞാൻ ശരിക്കും കുറ്റവാളിയാണോ?’. എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് അതിന്റെ ഉത്തരം ഉയർന്നുവരും - ഒരു വലിയ ‘അല്ല’.

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ എന്ന നിലയിൽ ചെയ്തിരുന്നു. ലിക്വിഡ് ഓക്സിജന്റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, സംസാരിച്ചു, ഞാൻ യാചിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചെലവാക്കി, കടം വാങ്ങി, കരഞ്ഞു... മനുഷ്യസാധ്യമായതെല്ലാം ഞാൻ ചെയ്തു.

ഞാൻ എന്റെ ഡിപ്പാർട്ട്മെന്റിന്റെ തലവനെയും എന്റെ സഹപ്രവർത്തകരെയും ബിആർഡി പ്രിൻസിപ്പലിനെയും ബിആർഡി ആക്ടിങ് പ്രിൻസിപ്പലിനെയും ഗോരഖ്പൂർ ജില്ലാ മജിസ്ട്രേറ്റിനെയും ഗോരഖ്പുരിലെ അഡീഷനൽ ഡയറക്ടർ ഓഫ് ഹെൽത്തിനെയും സിഎംഎസ്/എസ്ഐസി ഗോരഖ്പുരിനെയും സിഎംഎസ്/എസ്ഐസി ബിആർഡിയെയും വിളിച്ച് പൊടുന്നനെ ഓക്സിജൻ നിർത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു (എന്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)

മോഡി ഗ്യാസ്, ബാലാജി, ഇംപീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി എന്നീ ഗ്യാസ് സപ്ലയേഴ്സിനെയും ബിആർഡി മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികളിലുമെല്ലാം വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു. ഞാൻ അവർക്കു പണം നൽകി, ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നതു വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാൻ ഒരു ക്യുബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്സിജൻ സപ്ലൈ പോയിന്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്സിജൻ വിതരണം ഉണ്ടെന്ന് ഉറപ്പുവരുത്തി. ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെ വരുമെന്നു തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്സിലേക്ക് ചെന്നു. അതിന്റെ ഡിഐജിയെ കണ്ട് അദ്ദേഹത്തോട് ഈ സാഹചര്യത്തെക്കുറിച്ചു വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് ബിആർഡിയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു. അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്.

ഞാൻ എന്റെ ജൂനിയർ/സീനിയർ ഡോക്ടർമാരോടു സംസാരിച്ചു. എന്റെ സ്റ്റാഫിനോടു സംസാരിച്ചു. ‘ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോടു ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ...’

ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഃഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ടു തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്സിജൻ തീർന്നിരിക്കുകയാണെന്നും ഓക്സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു.. ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശ്ശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് - അതുണ്ടാക്കിയ ദുരന്തം കണ്ട്.

Kafeel Khan Letter കഫീൽ ഖാൻ ജയിലിൽ നിന്നെഴുതിയ കത്ത്.

2017 ഓഗസ്റ്റ് 13നു രാവിലെ 1:30നു ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നതു വരെ ഞങ്ങൾ അധ്വാനം നിർത്തിയില്ല. പക്ഷേ എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു– ‘അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്?’

ഞാൻ പറഞ്ഞു– ‘അതേ സർ..’

അദ്ദേഹം ദേഷ്യപ്പെട്ടു–‘അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം...’

യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്നു രാത്രി ഒരു മാധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്നു രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എന്റെ വീട്ടിലേക്ക് വന്നു-വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവർ പീഡിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. എന്റെ കുടുംബത്തെ അപമാനത്തിൽ നിന്നു രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എനിക്കു നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി- 2017 ഓഗസ്റ്റ് മുതൽ 2018 ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ... അപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത് നീതിന്യായവ്യവസ്ഥയും സമ്മർദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് നൂറ്റിഅൻപതിലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർധനഗ്നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്...ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു. എനിക്കു മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്നു മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു- പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്, ഗോരഖ്പുരിൽ നിന്ന് അലഹബാദിലേക്ക്- നീതി ലഭിക്കാൻ. പക്ഷേ എല്ലാം പാഴായി.

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പോൾ ഒരു വയസ്സും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞു വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ കുട്ടികളുടെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ ഒട്ടേറെ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നൊന്നും അറിയാൻ എനിക്കാകുന്നില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു- ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല, അല്ല...

2017 ഓഗസ്റ്റ് 10നു ഞാൻ അവധിയിലായിരുന്നു. അവധി എന്റെ എച്ച്ഒഡി അനുവദിച്ചിരുന്നതാണ് എന്നിട്ടും ഞാൻ എന്റെ കർത്തവ്യത്തിനായി ഓടിയെത്തി- അതാണോ തെറ്റ്? അവരെന്നെ ഹെഡ് ഓഫ് ദ് ഡിപ്പാർട്മെന്റും ബിആർഡിയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിന്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 2016 ഓഗസ്റ്റ് എട്ടിനു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എൻആർഎച്ച്എമ്മിന്റെ നോഡൽ ഓഫിസറും പീഡിയാട്രിക്സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല. പുഷ്പ സെയിൽസ് ഓക്സിജൻ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാകും? മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും മനസ്സിലാകുന്ന കാര്യമാണ്, ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണെന്നും ഓക്സിജൻ വാങ്ങാനുള്ളവരല്ലെന്നും.

68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ട് പുഷ്പ സെയിൽസ് അയച്ച 14 റിമൈൻഡറുകൾക്കു മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡിഎമ്മും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് കുറ്റവാളികൾ. ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്നത്തിന്റെ ആഴം മനസിലായില്ല. ഗോരഖ്പുരിന്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ അവർ ഞങ്ങളെ ബലിയാടുകളാക്കി. പുഷ്പ സെയിൽസിന്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്കു ജാമ്യം കിട്ടിയപ്പോൾ നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്തു ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല - ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാകുമെന്നു തന്നെ ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാകും.

ഒരു നിസ്സഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്

ഡോ.കഫീൽ ഖാൻ
18-04-2018