ഹെലികോപ്റ്റർ ഇറക്കാൻ അനുമതിയില്ല; യോഗിയെ ‘നിലംതൊടീക്കാതെ’ മമത
Mail This Article
കൊൽക്കത്ത∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ബംഗാളിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് സർക്കാർ. ബംഗാളിൽ ബിജെപി റാലിക്ക് യോഗി ആദിത്യനാഥ് എത്താനിരുന്ന ഹെലികോപ്റ്ററിനാണ് ഇറങ്ങുന്നതിനുള്ള അനുമതി ബംഗാൾ സർക്കാർ നൽകാതിരുന്നത്. വടക്കന്‍ ബംഗാളിലെ ബലൂർഘട്ടിലാണ് റാലി നടക്കുന്നത്.
യാതൊരു അറിയിപ്പുമില്ലാതെയാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് പിന്നീട് അറിയിച്ചു. യുപി മുഖ്യമന്ത്രിയുടെ ജനകീയത കാരണമാണ് മമതാ ബാനർജി അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുന്നതിനുള്ള അനുമതി പോലും നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. അടുത്തിടെ ബിജെപി നേതാവിന്റെ ഹെലികോപ്റ്ററിന് ലാൻഡിങ്ങിനുള്ള അനുമതി നിഷേധിക്കപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.
നേരത്തേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്ററിനും ബംഗാളിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഹെലികോപ്റ്റർ ഇറങ്ങേണ്ട മാൽഡ എയർസ്ട്രിപ്പിൽ സൗകര്യങ്ങൾ കുറവാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതേ തുടര്‍ന്ന് ഒരു സ്വകാര്യ ഹെലിപാഡിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ഇറങ്ങിയത്. യോഗിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റിന്റെ വീടിനു പുറത്തു പ്രതിഷേധിച്ചു. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഫോണ്‍വഴിയാണ് യോഗി റാലിയിൽ സംസാരിച്ചത്.
ബിജെപിയുടെ ‘സേവ് ഡെമോക്രസി’ മുന്നേറ്റത്തെ മമത തുടക്കം മുതൽ എതിർക്കുകയാണെന്ന് യോഗി ആദിത്യനാഥ് പിന്നീട് ആരോപിച്ചു. ഇതേ കാര്യത്തിനു വേണ്ടിയാണ് അമിത് ഷായും ബംഗാളിൽ പോകാനിരുന്നത്. പക്ഷേ ബംഗാൾ സർക്കാർ അതും തടഞ്ഞു. എനിക്ക് ബലൂർഘട്ടിലും റായ്ഗഞ്ചിലും ഇന്ന് റാലികളുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നൽകാതിരുന്നതോടെയാണ് ഫോണിൽ സംസാരിച്ചത്–യോഗി ആദിത്യനാഥ് വ്യക്തമാക്കി.