ഇത് പുതിയ രീതി; മല്ലിയിലയും കറിവേപ്പിലയും മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം ഇങ്ങനെ!

Mail This Article
കറികൾക്ക് രുചിയും മണവും നൽകുന്നതാണ് കറിവേപ്പിലയും മല്ലിയിലയും. സാമ്പാറിലും രസത്തിലും ബിരിയാണിയിലുമടക്കം മല്ലിയില ആവശ്യമാണ്. അതുപോലെ തന്നെയാണ് നാടൻ കറികൾ വയ്ക്കുമ്പോളും ചേര്‍ക്കുന്ന കറിവേപ്പിലയും. ഇവ രണ്ടും ഫ്രഷായി അധികനാൾ സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. പേപ്പറിൽ പൊതിഞ്ഞും ഗ്ലാസിൽ വെള്ളത്തിൽ മുക്കിവച്ചുമൊക്കെ സൂക്ഷിക്കാറുണ്ടെങ്കിലും ചിലതിന് ആയുസ് കുറവായിരിക്കും. പെട്ടെന്ന് ചീഞ്ഞു പോകാറുണ്ട്. ഇനി ഈ ടെൻഷൻ വേണ്ട, മല്ലിയിലയും കറിവേപ്പിലയും മാസങ്ങളോളം സൂക്ഷിക്കാനിതാ പുത്തൻ ട്രിക്ക്.
മല്ലിയില വാടാതെ സൂക്ഷിക്കാം
മല്ലിയില ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. തണ്ടോടുകൂടി ഇലയടക്കം ചെറുതായി അരിയണം. ശേഷം ചോക്ലേറ്റ് മോള്‍ഡിൽ അരിഞ്ഞ മല്ലിയിലയും ഇത്തിരി വെള്ളവും ചേർത്ത് ഫ്രീസറിൽ വച്ച് കട്ടിയാക്കാം. ശേഷം മോൾഡിൽ നിന്നും മാറ്റി അടപ്പുള്ള ചില്ലുകുപ്പിയിലിട്ട് ഫ്രീസറിൽ സൂക്ഷിക്കാം, കറികൾ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചേർത്താൽ മതി. മാസങ്ങളോളം ഫ്രഷായിരിക്കും.

കറിവേപ്പില
കറിവേപ്പില പേപ്പറിലൊക്കെ പൊതിഞ്ഞ് വച്ചാലും ചിലർക്ക് അത് പാളിപോകാറുണ്ട്, ഇനി കറിവേപ്പില ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ഫ്രിജിൽ വച്ചാൽ മതി. ഒട്ടും വാടാതെ ഫ്രെഷായി തന്നെയിരിക്കും. ഇനി ഈ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ.