നിറത്തിന്റെ പേരിൽ ഇന്നും കളിയാക്കലും വിവേചനവും; മാനസികാഘാതം ചെറുതല്ല, വിഷാദത്തിനും കാരണം!

Mail This Article
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കറുപ്പിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചു നടത്തിയ തുറന്നെഴുത്ത് നാം കണ്ടതാണ്. ജനിച്ചപ്പോൾ മുതലേ ഇത്തരം കമെന്റുകൾ കേട്ടു വന്നവരാണ് പലരും. ഗായിക സയനോരയും അവർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു വെളിപ്പെടുത്തിയിരുന്നു. ഇവരെല്ലാവരും വിവേചനങ്ങളോട് പൊരുതി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച നല്ല മാതൃകകളായി നമുക്ക് കാണാൻ കഴിയും. നിറത്തിന്റെ പേരിൽ ബോഡി ഷെയിമിങ് ചെയ്യുന്നതിനെ കളറിസം അല്ലെങ്കിൽ ഷെയിഡിസം എന്നാണ് പറയുന്നത്. മാനസികമായി ഒരു വ്യക്തിയെ വളരെ അധികം ബാധിക്കുന്ന അവസ്ഥയാണിത്. ഇത് ഏതെല്ലാം രീതിയിലാണ് എന്ന് പരിശോധിക്കാം.
ആത്മവിശ്വാസത്തെ ബാധിക്കും
സ്ഥിരമായി നിറത്തെക്കുറിച്ചു കളിയാക്കൽ കേൾക്കേണ്ടിവരുമ്പോൾ 'ഞാൻ അത്ര പോരാ' എന്ന ചിന്ത മനസ്സിൽ കടന്നുകൂടും. വെളുത്ത നിറം മാത്രമാണ് ആകർഷകമായത് എന്ന് തോന്നിപ്പോയേക്കാം. വെളുത്ത നിറമുള്ളവർക്കു മാത്രമാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുക എന്നുപോലും വിശ്വസിച്ചുപോകും.
എല്ലായിടത്തുനിന്നും പിൻവലിയുക
മറ്റുള്ളവരുമായി ഇടപെടുമ്പോൾ അവർ എന്നെ നിറത്തിന്റെ പേരിൽ കളിയാക്കുമോ എന്ന ഭയം കാരണം എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറും. മുൻപ് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതും ഈ ഭയത്തിനു കാരണമാകും. അവർക്ക് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കാൻ ഭയന്നേക്കാം, കാരണം പ്രത്യേകതരം വേഷങ്ങൾ മാത്രമേ കറുത്ത നിറമുള്ളവർക്കു ഇണങ്ങൂ എന്നെല്ലാം ചെറുപ്പം മുതലേ പലരും ഇവരെ ഉപദേശിക്കുണ്ടാവും.
വിഷാദരോഗത്തിലേക്കുവരെ നയിക്കാം
സ്ഥിരമായി നിറത്തെപ്പറ്റി കളിയാക്കുന്നത് കേൾക്കേണ്ടി വരുമ്പോൾ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥപോലും ഉണ്ടായേക്കാം. ഈ ഒരു കാരണത്താൽ എന്നെ ആരും ഇഷ്ടപ്പെടില്ല, എന്നെ കാണുന്നത് എല്ലാവർക്കും ഒരു ബുദ്ധിമുട്ടായി മാറും, അറപ്പു തോന്നും എന്നുപോലും ചിന്തിച്ചുപോകുന്ന അവസ്ഥ. പിന്നീട് ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ എപ്പോഴും സങ്കടപ്പെട്ട് ഒറ്റയ്ക്കിരിക്കുകയും, ഒന്നിനോടും താല്പര്യം ഇല്ലാതെയാകുകയും ചെയ്യും.
അനാരോഗ്യകരമായ മാർഗ്ഗങ്ങളിലൂടെ നിറം മെച്ചപ്പെടുത്താൻ ശ്രമിക്കുക
സ്കിൻ ലൈറ്റനിങ് ക്രീമുകൾ പരസ്യത്തിൽ കണ്ട് ഉപയോഗിക്കാൻ തുടങ്ങുക. അത് സേഫ് ആണോ എന്നുപോലും ചിന്തിക്കില്ല. പലതും അപകടകരമായ കെമിക്കലുകൾ അടങ്ങിയതായിരിക്കും.
ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന വലിയ അപകടം
നിറത്തിനെ മാത്രമല്ല രൂപത്തിലും ആരും ശ്രദ്ധിക്കാത്ത ചെറിയ പ്രശ്നങ്ങളെപറ്റിപോലും ഉത്കണ്ഠപ്പെടുന്ന അവസ്ഥയാണിത്. എപ്പോഴും കണ്ണാടിയിൽ നോക്കി പരിശോധിക്കുക, അല്ലെങ്കിൽ കണ്ണാടി നോക്കാൻ അമിത ഭയം തോന്നുക എന്ന അവസ്ഥ. സ്ഥിരമായി എന്നെ കാണാൻ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ചു ഉറപ്പുവരുത്തുന്ന രീതി. ദിവസത്തിലെ അധിക സമയവും മേക്കപ്പ് ചെയ്യാനായി മാത്രം ശ്രമിക്കുക, മറ്റുള്ളവരുമായി സൗന്ദര്യത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യുക. എപ്പോഴും പെർഫെക്റ്റ് ആയ രൂപം ഉണ്ടാകണം എന്ന നിർബന്ധം, എന്നാൽ ആത്മവിശ്വാസം വളരെ കുറഞ്ഞ അവസ്ഥ. ഇത് ഭാവിയിൽ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും വരെ നയിക്കാവുന്ന അവസ്ഥയാണ്.

റിലേഷന്‍ഷിപ്പിനെ ബാധിക്കുമ്പോൾ
നിറത്തിന്റെ പേരിൽ ഒരുപാട് അപമാനിതരായിട്ടുണ്ട് എന്നതിനാൽ പിന്നീടുള്ള ജീവിതത്തിൽ മറ്റുള്ളവർ നൽകുന്ന അഭിനന്ദങ്ങൾ വെറും അഭിനയം മാത്രമാണ് എന്നു ചിന്തിച്ചുതുടങ്ങും. അവരുടെ പങ്കാളി അവരെ ഇഷ്ടപെടുന്നു എന്നത് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടുനേരിടാം. എല്ലാം എന്നെ സമാധാനിപ്പിക്കാൻ പറയുന്നതാണ് എന്നും എന്നെ ആർക്കും ഇഷ്ടമില്ല എന്ന് എനിക്കറിയാം എന്നുമാവും അവർ പറയുക. ഇങ്ങനെ ഒരുപാട് നെഗറ്റീവ് ധാരണകൾ കാരണം ഞാൻ എന്റെ പങ്കാളിയുടെ ജീവിതം തകർക്കുകയാണ് എന്ന ധാരണയിൽ (യഥാർത്ഥത്തിൽ പങ്കാളി അവരെ ഇഷ്ടപെടുന്നുണ്ട്) സ്വയം റിലേഷൻഷിപ്പിൽ നിന്നും പിന്മാറുന്ന അവസ്ഥ ഉണ്ടാകും.
ഇനി വെളുത്ത നിറമുള്ളവർക്കും കളിയാക്കലുകൾ നേരിടേണ്ടി വന്നേക്കാം. ഉദാ: നിനക്ക് വെളുപ്പുണ്ട് എന്നല്ലേ ഉള്ളൂ, കാണാൻ ഒരു ഭംഗിയും ഇല്ല എന്നൊക്കെ. ചിലർക്ക് വണ്ണത്തിന്റെ പേരിലോ, ബുദ്ധിയുടെ പേരിലോ ഒക്കെ കളിയാക്കലുകൾ കേൾക്കേണ്ടി വന്നേക്കാം. നമുക്കു നമ്മളോടു തന്നെ വിലയുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. സ്വയം പ്രചോദനകരമായ രീതിയിൽ ചിന്തകളെ മാറ്റണം. മറ്റുള്ളവരുടെ കളിയാക്കലുകൾ സ്വയം വിനാശം ഉണ്ടാക്കുന്ന രീതിയിൽ അല്ല മാറേണ്ടത്. പകരം മറ്റുള്ളവർ വിചാരിക്കുന്നതിലും മികച്ചതാണ് എന്റെ ജീവിതം എന്ന് കാണിച്ചുകൊടുക്കാനുള്ള പ്രചോദനമായി മാറ്റണം. ആരൊക്കെ പരിഹസിച്ചാലും എന്റെ സമാധാനവും, എന്റെ ജീവിതം മെച്ചപ്പെടുത്തുകയുമാണ് എന്റെ ലക്ഷ്യമെന്ന ചിന്താ നമ്മൾ വളർത്തിയെടുക്കണം.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്, ബ്രീത്ത് മൈൻഡ് കെയർ, തിരുവല്ല)