പാചകത്തിന് ഏത് എണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്? അറിയാം

Mail This Article
നാം കഴിക്കുന്ന ഭക്ഷണം പോലെ തന്നെ ആരോഗ്യത്തെ ബാധിക്കുന്നതാണ് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ഓരോ എണ്ണയിലും അടങ്ങിയ പോഷകങ്ങളും വ്യത്യസ്തമായിരിക്കും. ഉപയോഗങ്ങളും ഓരോന്നിനും വ്യത്യസ്തമായിരിക്കും. അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന ചില പാചക എണ്ണകളും അവയുടെ ഗുണങ്ങളും അറിയാം.
നെയ്യ്
നെയ്യില്‍ ബ്യൂട്ടിറേറ്റും സിഎൽഎ യും ഉണ്ട്. ബ്യൂട്ടിറേറ്റ് ഒരു ആന്റിഇൻഫ്ലമേറ്ററി സംയുക്തമാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. സിഎൽഎ ആകട്ടെ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. നെയ്യ്, പറാത്ത, പരിപ്പ്, ചോറ് ഇവയിൽ ഒഴിച്ച് കഴിക്കുന്നതാണ് നല്ലത്.
കടുകെണ്ണ
കടുകെണ്ണയ്ക്ക് പ്രത്യേക രുചി നൽകുന്നത് അതിൽ അടങ്ങിയ അലൈൽ ഐസോതയോസൈനേറ്റ് ആണ്. സ്മോക്ക് പോയിന്റ് കൂടിയ എണ്ണ ആയതിനാൽ ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഈ എണ്ണയാണ് മികച്ചത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ ലോറിക് ആസിഡും മീഡിയെ ചെയ്ൻ ട്രൈഗ്ലിസറൈഡുകളും (MCT) ഉണ്ട്. ഊർജമേകുന്നതോടൊപ്പം ആന്റിബാക്ടീരിയൽ ഗുണങ്ങളും വെളിച്ചെണ്ണയ്ക്കുണ്ട്.
ഒലിവ് ഓയിൽ
ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ ഉണ്ട്. ഇവ ശക്തിയേറിയ ആന്റിഓക്സിഡന്റുകളാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഒലിവ് ഓയില്‍ ഉപയോഗിക്കരുത്. സാലഡ് ഡ്രെസിങ്ങിനായി ഒലിവ് ഓയിൽ ഉപയോഗിക്കാം.
സീഡ് ഓയിൽ
സീഡ് ഓയിലുകളിൽ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇവ ആരോഗ്യകരമാണെന്നു മാത്രമല്ല ദിവസവും പാചകത്തിനായി ഉപയോഗിക്കുകയും ചെയ്യാം. മുപ്പതു ദിവസം കൂടുമ്പോൾ പാചക എണ്ണകൾ മാറ്റാവുന്നതാണ്. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ശരീരത്തിനാവട്ടെ വ്യത്യസ്തതരം പോഷകങ്ങളും ആവശ്യമാണ്. ദിവസം ഒരു ടേബിൾ സ്പൂൺ എണ്ണയിലധികം ഉപയോഗിക്കരുത്.

എണ്ണയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം?
എണ്ണയുടെ ഉപയോഗം കുറയ്ക്കുക എന്നാൽ രുചിയിൽ വിട്ടുവീഴ്ച ചെയ്യണം എന്നല്ല. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗം കൂടിയാണ് എണ്ണയുടെ മിതമായ ഉപയോഗം.
∙ ധാരാളം എണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുന്നതിനു പകരം എയർ ഫ്രയിങ്ങ്, ബേക്കിങ്ങ്, ഷാലോ ഫ്രയിങ്ങ് ഇവ തിരഞ്ഞെടുക്കാം.
∙ എണ്ണയിൽ ഇട്ട് വഴറ്റുന്നതിനു പകരം വെള്ളം, തൈര്, പച്ചക്കറി വേവിച്ച വെള്ളം ഇവ ചേർത്തിളക്കാം.
∙ എണ്ണയ്ക്ക് പകരമായി കൊഴുപ്പ് കിട്ടാൻ നാച്വറൽ ഫാറ്റ് ആയ നട്ട് പേസ്റ്റ്, യോഗർട്ട്, അവക്കാഡോ ഉടച്ചത് ഇവ ചേർക്കാം. എണ്ണയ്ക്ക് പകരമായി ചാറ് കറികളിൽ കശുവണ്ടി അരച്ചത് ചേർക്കാം.
∙ വറുക്കുന്നതിനു പകരം ആവി കയറ്റുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യാം. എണ്ണയിൽ വറുത്ത വിഭവങ്ങൾക്കു പകരം ആവിയിൽ വേവിച്ച മോമോസ്, ഗ്രിൽഡ് ചിക്കൻ, ഗ്രിൽഡ് ഫിഷ് ഇവ ഉപയോഗിക്കാം.

ക്രമേണ എണ്ണയുടെ അളവ് കുറച്ച് കൊണ്ടു വരുകയും എണ്ണയ്ക്ക് പകരം ഇത്തരത്തിൽ ആരോഗ്യകരമായ മറ്റ് മാർഗങ്ങൾ പാചകത്തിൽ കൊണ്ടു വരുകയും ചെയ്താൽ രുചികരമായ വിഭവങ്ങൾ തയാറാക്കാം. ഇതുവഴി ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാനും സാധിക്കും.