കഴുത്തിനും തോളിനും ഉണ്ടാകുന്ന വേദന ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമോ?

Mail This Article
ലോകത്ത് നിരവധി ആളുകളുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ് ലങ് കാൻസർ അഥവാ ശ്വാസകോശാർബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അർബുദത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ചശേഷമാവും ലങ് കാൻസർ അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും ലങ് കാൻസറിന്റെ ചില ലക്ഷണങ്ങളാണ്. എന്നാൽ അതിശയിപ്പിക്കുന്ന മറ്റ് ചില ലക്ഷണങ്ങളും ലങ് കാൻസറിന്റേതാകാം.
തോളുവേദന ലങ് കാൻസറിന്റെ ലക്ഷണമാകുന്നത് എങ്ങനെ?
ചില കേസുകളിൽ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാൻസർ ട്യൂമർ, അടുത്തുള്ള നാഡിയിൽ പ്രഷർ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്. ലങ് കാൻസർ എല്ലുകളിലേക്കോ തോളിനു ചുറ്റുമോ വ്യാപിച്ചാലും വേദന വരും. പലപ്പോഴും തോളുവേദന കാൻസറിന്റെ ലക്ഷണമാണെന്ന് അറിയാതെ വരും. കൈ വല്ലാതെ വയ്ക്കുന്നതു മൂലം വേദന വരുന്നതാണ് എന്നു കരുതും.
തോളിനു വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ട്യൂമർ, എല്ലുകളുടെ മുകൾഭാഗത്ത് ഉണ്ടായതായും അത് നാഡികളിലും കൈകളിലേക്കുള്ള രക്തക്കുഴലുകളിലും പ്രഷർ ചെലുത്തുന്നതു മൂലം കൈകൾക്ക് ബലക്കുറവും വേദനയും, കഴുത്തിന്റെ ചുറ്റുമോ തോളുകളിലോ വേദന വരാം. ഇതോടൊപ്പം തുടർച്ചയായി സൂചി കൊണ്ടു കുത്തുന്നതു പോലുള്ള തോന്നലും വരാം. ഈ േവദനകൾ കൂടാതെ തലയിലേക്കുള്ള രക്തപ്രവാഹം ട്യൂമർ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് മുഖത്ത് വീക്കം ഉണ്ടാക്കും.

ലങ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ
ചികിത്സിച്ചതിനുശേഷവും ചുമയോ ന്യുമോണിയയോ വന്നു കൊണ്ടേയിരിക്കുകയാണെങ്കിൽ അത് ലങ് കാൻസറിന്റെ പ്രാരംഭലക്ഷണമാകാം. തുടർച്ചയായി വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, അകാരണമായി ശരീരഭാരം കുറയുക ഇവയാണ് ലങ് കാൻസറിന്റെ ലക്ഷണങ്ങൾ. ശ്വാസകോശത്തിൽ എവിടെയാണ് കാൻസർ ആരംഭിക്കുന്നത് എന്നത് അനുസരിച്ചാണ് ഈ ലക്ഷണങ്ങൾ ചിലപ്പോൾ നേരത്തെ പ്രകടമാകാം. എന്നാൽ മിക്ക കേസുകളിലും കാൻസർ അവസാനഘട്ടമെത്തുമ്പോഴായിരിക്കും ലക്ഷണങ്ങൾ പ്രകടമാകുക.
കാരണം? അപകടസാധ്യതകൾ
കോശങ്ങൾ വിഭജിക്കുകയോ മ്യൂട്ടേറ്റ് ചെയ്യുകയോ ചെയ്യുന്നതാണ് ലങ് കാൻസറിനു കാരണം. കാൻസർ കോശങ്ങൾ ലിംഫ് നോഡുകളിലേക്ക് കടക്കുകയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. ലങ് കാൻസർ ബാധിച്ചുള്ള മരണങ്ങളിൽ എൺപതുശതമാനവും പുകവലിമൂലമാണ് എന്ന് വിദഗ്ധർ കണക്കാക്കിയിട്ടുണ്ട്. മറ്റ് രോഗസാധ്യതാ ഘടകങ്ങൾ ഇവയാണ്.

∙ പരോക്ഷ പുകവലി അതായത് പുകലിക്കാരുമായി സമ്പർക്കത്തിൽ വരുന്നതു മൂലം പുക ശ്വസിക്കുന്നതു മൂലം.
∙ വായുമലിനീകരണം, റഡോൺ, ആസ്ബസ്റ്റോസ്, യുറേനിയം, പുറന്തള്ളുന്ന ഡീസൽ, സിലിക്ക, കൽക്കരി ഉൽപന്നങ്ങൾ തുടങ്ങിയ ഉപദ്രവകാരികളായ വസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നത്.
∙ സ്തനാർബുദം, ലിംഫോമ തുടങ്ങിയവയ്ക്കായി നെഞ്ചിന് റേഡിയേഷൻ ചികിത്സ മുൻപ് നടത്തിയിട്ടുണ്ടെങ്കിൽ.
∙ കുടുംബത്തിൽ ആർക്കെങ്കിലും ശ്വാസകോശാർബുദം വന്നിട്ടുണ്ടെങ്കിൽ ഇവയെല്ലാം ശ്വാസകോശാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.