പലരും തെറ്റായി ഉപയോഗിക്കുന്നു: ടോയ്‌ലറ്റ് ഫ്ലഷിൽ രണ്ടു ബട്ടൺ കൊടുത്തിരിക്കുന്നത് വെറുതെയല്ല

Mail This Article
കാലത്തിനനുസരിച്ചുള്ള മാറ്റം വീട് നിർമാണത്തിലെ ഓരോ ഘടകങ്ങളിലും കാണാം. ടോയ്‌ലറ്റുകളിലും കാലാനുസൃതമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ടോയ്‌ലറ്റ് സീറ്റിന്റെ ആകൃതി, ഫ്ലഷ് ടാങ്കുകളുടെ കപ്പാസിറ്റി തുടങ്ങി ടാങ്കുകൾക്ക് മുകളിലുള്ള ബട്ടണുകളിൽ പോലും ഈ വ്യത്യാസങ്ങൾ കാണാം. ഫ്ലഷ് ടാങ്കിന് മുകളിലായി രണ്ട് ബട്ടണുകൾ ഉൾപ്പെടുന്ന ഡിസൈനാണ് ഇന്ന് ഒട്ടുമിക്ക വീടുകളിലുമുള്ളത്. സൗകര്യമനുസരിച്ച് മാറിമാറി ഇവ രണ്ടും ഉപയോഗിക്കുമെങ്കിലും ഇങ്ങനെ രണ്ട് ബട്ടണുകൾ ഉൾപ്പെടുത്തുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് പലർക്കും കൃത്യമായി അറിയില്ല.
വലുപ്പമേറിയ ഒരു ബട്ടണും താരതമ്യേന ചെറിയ ഒരു ബട്ടണും ഉൾപ്പെടുന്നതാണ് ഈ ഡിസൈൻ. ഡ്യുവൽ ഫ്ലഷ് ടോയ്‌ലറ്റ് എന്നാണ് ഇതിന്റെ പേര്. ഈ ഓപ്ഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. ഇവയിൽ ഓരോ ബട്ടണും അതിന്റേതായ എക്സിറ്റ് വാൽവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
അനാവശ്യമായി വെള്ളം പാഴാക്കാതിരിക്കുക എന്നതാണ് ഇതിനുപിന്നിലെ ഉദ്ദേശ്യം. വലിയ ബട്ടൺ ഉപയോഗിച്ച് ഫ്ലഷ് ചെയ്യുമ്പോൾ ഏതാണ്ട് ആറ് ലിറ്ററിനും ഒൻപത് ലിറ്ററിനും ഇടയിലാവും പുറന്തള്ളപ്പെടുന്ന വെള്ളത്തിന്റെ അളവ്. ചെറിയ ബട്ടണാണ് ഉപയോഗിക്കുന്നതെങ്കിൽ മൂന്ന് മുതൽ നാലര ലിറ്റർ വരെ വെള്ളമേ ഫ്ലഷ് ചെയ്യാനായി ഉപയോഗിക്കപ്പെടുന്നുള്ളൂ. അതായത് ആവശ്യാനുസരണം കൃത്യമായ ബട്ടൺ തിരഞ്ഞെടുത്ത് വെള്ളം അമിതമായി പാഴാക്കുന്നത് തടയാനാവും. സാധാരണ ഫ്ലഷുകളെ അപേക്ഷിച്ച് ഡ്യുവൽ ഫ്ലഷിങ് ഓപ്ഷനുള്ള ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത് വഴി വീട്ടിൽ പ്രതിവർഷം ഇരുപതിനായിരം ലിറ്റർ വെള്ളംവരെ ലാഭിക്കാൻ കഴിയും എന്നാണ് കണക്ക്.

സാധാരണ ഫ്ലഷിങ് സംവിധാനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ചെലവ് കൂടുതലാണ്. എന്നാൽ വാട്ടർ ബില്ലിലെ ദീർഘകാല ലാഭം കണക്കാക്കുമ്പോൾ ഇത് അധിക ചെലവായി കാണേണ്ടതില്ല. പ്ലമിങ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനാവും എന്നതാണ് മറ്റൊരു മേന്മ. അധിക സമ്മർദ്ദം ഇല്ലാതെ കുറച്ചു വെള്ളം മാത്രം ഫ്ലഷ് ചെയ്യപ്പെടുമ്പോൾ പ്ലമിങ് സിസ്റ്റത്തിൽ ആയാസം ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു.
ശക്തിയേറിയ ഫ്ലഷിങ്ങാണ് ഡ്യുവൽ ഫ്ലഷ് ടോയ്‌ലറ്റുകളുടെ പ്രത്യേകത. ടോയ്‌ലറ്റ് പൈപ്പിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് കുറയാനും ഒന്നിലധികം തവണ ഫ്ലഷ് ചെയ്യാതെ തന്നെ ടോയ്‌ലറ്റ് വൃത്തിയാക്കാനും ഇത് സഹായിക്കും.

ഡ്യുവൽ ഫ്ലഷ് ടോയ്‌ലറ്റുകളുടെ പരിപാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• ടോയ്‌ലറ്റ് ബൗളും റിമ്മും വൃത്തിയാക്കുന്നതിനൊപ്പം ഫ്ലഷ് ബട്ടണുകളും അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം. എന്നാൽ അധിക ശക്തി പ്രയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
* ഫ്ലഷിങ് സംവിധാനത്തിൽ ചോർച്ചകളോ തടസ്സങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം.
* വൈപ്പുകൾ , സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിന്റെ അളവ് കുറവായതുകൊണ്ടുതന്നെ ഇവ പൈപ്പിൽ തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.