അമീർഖാൻ മുതൽ പ്രണവ് മോഹൻലാൽ വരെ;വ്യാളിമുഖത്തിന് പിന്നിലുള്ള താരം?, രഹസ്യങ്ങൾ തേടി ആരാധകർ

Mail This Article
ലണ്ടൻ∙ എമ്പുരാൻ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുകെ ഉൾപ്പടെ 34 യൂറോപ്യൻ രാജ്യങ്ങളിലാണ് മലയാളി പ്രേക്ഷകർ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നത്. യുകെയിൽ മാത്രം റിലീസ് ദിനത്തിൽ 246 ൽപ്പരം തിയറ്ററുകളിലായി 1200 ൽപ്പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദർശിപ്പിക്കുന്നത്. ഇതിൽ ചില തിയറ്ററുകളിൽ 25 ഷോകൾ വരെ നടത്തുന്നുണ്ട്. യുകെയെ കൂടാതെ അയർലൻഡ്, അർമേനിയ, ഓസ്ട്രിയ, അസർബൈജാൻ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഇസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഹംഗറി, ഇറ്റലി, ലത്വിയ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, മോൾഡൊവ, നെതർലാൻഡ്‌സ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, റഷ്യ, സ്ലോവെക്യ, സ്ലോവെന്യ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സര്‍ലൻഡ്, ടാജികിസ്ഥാൻ, ഉസ്ബകിസ്ഥാൻ എന്നിവിടങ്ങളിലും എമ്പുരാൻ പ്രദർശനത്തിനെത്തും.
ലണ്ടനിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻകാരുടെ അഭ്യർഥന പ്രകാരം ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണവകാശം നേടിയ ആർഎഫ്ടി ഫിലിംസ് പ്രത്യേക പ്രീമിയർ ഷോ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ യുകെ സമയം 12.30 നാണ് ഷോ ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യഷോ ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ആരംഭിക്കുമ്പോൾ കൃത്യം അതേ സമയം തന്നെ ലണ്ടനിലും ആദ്യ ഷോ ആരംഭിക്കും.
ലണ്ടനിലെ ഇൽഫോഡ് സിനിവേൾഡ് തിയറ്ററിൽ ആണ് പ്രീമിയർ ഷോ ഒരുക്കിയിട്ടുള്ളത്. ഇവിടെ ഇന്ന് രാത്രി 7.10 ന് എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ റിറിലീസ് ചെയ്തതും പ്രദർശിപ്പിക്കും. ഇരു ഷോകൾക്കും യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം ലാലേട്ടൻ ആരാധകർ എത്തി ചേരുമെന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അനൂപ് ശശിധരൻ, അസ്‌ലം നസീർ, രാഹുൽ ആർ. പിള്ള എന്നിവർ പറഞ്ഞു. പ്രീമിയർ ഷോ കാണാൻ എത്തുന്നവർക്കായി പ്രത്യേക മീറ്റപ്പും ഉണ്ടാകുമെന്ന് ഫാൻസ് അസോസിയേഷൻ അഡ്മിന്മാർ പറഞ്ഞു.
എമ്പുരാന്റെ പ്രീമിയർ ഷോ കാണാൻ എത്തുന്നവർക്ക് ലൂട്ടനിലെ തീൻമേശ റസ്റ്ററന്റിന്റെ വകയായി സൗജന്യമായി ബിരിയാണി വിതരണം ചെയ്യുന്നുണ്ട്. പ്രീമിയർ ഷോ നടത്തുന്നതിന് ആർഎഫ്ടി ഫിലിംസിന് ഒപ്പം ആംപിൾ മോർഗേജ്, സെന്റ് മേരീസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും സഹകരിക്കുന്നുണ്ടെന്ന് ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കൽ പറഞ്ഞു. യുകെയുടെയും യൂറോപ്പിന്റെയും മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഇത്രത്തോളം ആവേശകരമായ സ്വീകരണം ഉണ്ടാകുന്നതെന്നും റൊണാൾഡ് തോണ്ടിക്കൽ പറഞ്ഞു.
യുകെയിലെ ഒഡിയോൺ, സിനിവേൾഡ്, വിയുഇ, ദി ലൈറ്റ്, ഷോകേസ്, പാലസ് സിനിമ, പ്ലാസ, പിക്കാഡിലി എന്നിവ ഉൾപ്പെടെ മിക്ക നഗരങ്ങളിലെയും പ്രധാന തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ബെൽഫാസ്റ്റ്, എഡിൻബറോ, ഇപ്സ്വിച്ച്, എൽഎസ്ക്യൂ, ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിവേൾഡ് തിയറ്ററുകളിലും ഗ്രീൻവിച്ച്, ലിവർപൂൾ, ട്രഫോഡ് എന്നിവിടങ്ങളിലെ ഓഡിയോൺ തിയറ്ററുകളിലും എമ്പുരാന്റെ ഐമാക്സ് പ്രദർശനം ഉണ്ടാകും. ലീഡ്‌സ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ വിയുഇയിലും കേംബ്രിജിലെ ദിലൈറ്റിലും ഐമാക്സ് പ്രദർശനം ഒരുക്കിയിട്ടുണ്ട്.
എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് യുകെയിലെ വിവിധ മലയാളി അസോസിയേഷനുകൾ പ്രാദേശികമായി ചിത്രത്തിലെ വ്യാളിമുഖത്തിനു പിന്നിലുള്ള താരത്തെ തേടി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളിൽ അമേരിക്കൻ നടൻ റിക്ക് യുനെ, ഹിന്ദി നടൻ അമീർഖാൻ, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, പ്രണവ് മോഹൻലാൽ എന്നിവർ ഉൾപ്പടെ നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു വന്നിട്ടുണ്ട്. ഇവർ ആരുമല്ല ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് എന്നിവരിൽ ഒരാൾ തന്നെ ഇരട്ട വേഷത്തിൽ എത്തുന്നതിൽ ഒന്നാണ് വ്യാളിമുഖത്തിന് പിന്നിൽ ഉള്ളതെന്ന് ഊഹിക്കുന്നവരും കുറവല്ല.
ഇതിനിടയിൽ മമ്മൂട്ടി എമ്പുരാന് ആശംസകളുമായി എത്തിയതോടെ ഗസ്റ്റ് റോളിൽ മമ്മൂട്ടി ഉണ്ടാകുമെന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ എല്ലാ സസ്പെൻസുകളും മണിക്കൂറുകൾക്ക് ഉള്ളിൽ അറിയാമെന്ന് അണിയറ പ്രവർത്തകരും പറയുന്നു. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.