എമ്പുരാന്റെ വ്യാജ പതിപ്പ് ഫുൾ എച്ച്ഡിയിൽ; ചോർന്നത് തിയറ്ററിൽ നിന്നല്ലെന്ന് സംശയം

Mail This Article
കൊച്ചി∙ ‘എമ്പുരാൻ’ എന്ന മോഹൻലാൽ–പൃഥ്വിരാജ് ചിത്രത്തിന്റെ ഓൺലൈനിൽ ലഭ്യമായ വ്യാജ പതിപ്പുകൾ ഫുൾ എച്ച്ഡി നിലവാരത്തിലുള്ളത്. ഇതുകൊണ്ടു തന്നെ ചിത്രം തിയറ്ററുകളിൽ നിന്നു പകർത്തിയതാകാൻ സാധ്യതയില്ലെന്നു വിലയിരുത്തൽ. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോർന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്‌ലോഡ് ചെയ്തിട്ടുള്ളത്. തിയറ്ററുകളിൽ നിന്നു പകർത്തുന്ന പതിപ്പുകൾക്കു സാധാരണഗതിയിൽ ദൃശ്യ–ശബ്ദ നിലവാരം കുറവായിരിക്കും. എന്നാൽ, എമ്പുരാന്റെ വ്യാജ പതിപ്പ് 1080 പിക്സൽ (ഫുൾ എച്ച്ഡി) പ്രിന്റ് ആണെന്നു സൈബർ വിദഗ്ധർ പറയുന്നു. ചിത്രം ചോർന്നതു തിയറ്ററുകളിൽ നിന്നല്ലെങ്കിൽ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലിഗ്രാമിലും വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.
അണിയറ പ്രവർത്തകരുടെ പരാതി ഇനിയും ലഭിച്ചിട്ടില്ലെന്നാണു കൊച്ചി സൈബർ പൊലീസ് പറയുന്നത്. പരാതി കിട്ടിയാൽ അന്വേഷണം ആരംഭിക്കുമെന്നും വെബ്സൈറ്റുകളിൽ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകർപ്പുകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പ്രഫഷനൽ എത്തിക്കൽ ഹാക്കർമാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കു കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകി. ചിത്രങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞാലുടൻ വ്യാജ പതിപ്പിറക്കി വ്യവസായത്തെ തകർക്കുന്നതിനെതിരെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഇടപെടലും കർശന നടപടിയും ഉണ്ടാകണമെന്നു സെക്രട്ടറി ബി.രാകേഷ് ആവശ്യപ്പെട്ടു.