മനം നിറച്ച് മലയാളി ഈദ്ഗാഹുകൾ

Mail This Article
ദുബായ് ∙ കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യാൻ വ്രതാനുഷ്ഠാനം പ്രാപ്തമാക്കണമെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം. മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിൽ ഈദ്ഗാഹിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
ലഹരിയിലും ഭോഗാസക്തിയിലും രക്ഷിതാക്കളെ വിസ്മരിക്കുന്ന ഇക്കാലത്ത്, മാതാപിതാക്കളുമായുള്ള മക്കളുടെ ബന്ധമാണ് ഒന്നാമത്തെ നന്മയായി കണക്കാക്കുന്നത്.
മക്കളുടെ ഭൗതിക പുരോഗതി മാത്രം ലക്ഷ്യം വയ്ക്കുന്ന മാതാപിതാക്കൾ അവർക്ക് ധാർമ്മിക ശിക്ഷണം നൽകാൻ ബാധ്യസ്ഥരാണ്. അനിയന്ത്രിതമായ ഭൗതിക ഇച്ഛകളെ നിയന്ത്രിച്ച് പരിശുദ്ധി നേടുന്നവർക്കാണ് ജീവിതവിജയമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഈദ് നമസ്കാരത്തിന് അൽമനാർ ഗ്രൗണ്ടിൽ എത്തിയത്.

‘ഐക്യമുള്ള കുടുംബഘടന സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറ’
ദുബായ് ∙ കെട്ടുറപ്പും ഐക്യവുമുള്ള കുടുംബഘടനയാണ് സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറയെന്ന് മത പണ്ഡിതനും ഖിസൈസ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റും ഷാർജ അൽഗുവൈർ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈൻ കക്കാട് പറഞ്ഞു. മലയാളികൾക്കായി മതകാര്യവകുപ്പ് അനുവദിച്ച രണ്ടാമത്തെ ഈദ്ഗാഹിന് ഖിസൈസിലെ ടാർഗറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.

വ്രതപരിസമാപ്തി ആഘോഷങ്ങളിലും പ്രഥമ പരിഗണന സ്വന്തം കുടുംബങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ഹൃദയവിശുദ്ധി ഈദ് വിനോദങ്ങളിൽ നഷ്ടപ്പെടുത്തരുത്.

വിനോദങ്ങൾക്ക് വിലക്കില്ല, അതിർവരമ്പുകൾ പാലിക്കുക മാത്രമാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം നേരിടുന്ന ലഹരിയുടെ വ്യാപനം സമൂഹത്തിന് സർവനാശമാണ് നൽകുക. യുദ്ധമോ പ്രകൃതിക്ഷോഭമോ ഉണ്ടാക്കുന്ന വിപത്തിനേക്കാൾ ഭയാനകമാണ് ലഹരിക്ക് അടിമപ്പെട്ട തലമുറ ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സത്യാവിശ്വാസികൾ ക്ഷമ അവലംബിക്കുകയും ദുരിതമനുഭവിക്കുന്നവർക്കായിപ്രാർഥിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.