'സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റി നിർത്തണം'! അലി അക്ബറിനും മേജർ രവിക്കുമെതിരെയുള്ള പ്രസ്താവന വ്യാജമെന്ന് ഇന്ദ്രൻസ് | Fact Check

Mail This Article
സംവിധായകരായ അലി അക്ബറിനും മേജർ രവിക്കുമെതിരെ നടൻ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റിനിർത്തണമെന്ന് ഇന്ദ്രൻസ് പറഞ്ഞെന്ന തരത്തിലാണ് പ്രചാരണം . പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്‌ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിലും സന്ദേശം ലഭിച്ചു. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റാണെന്ന് മനോരമ ഓൺലൈൻ ഫാക്‌ട് ചെക്കിന്റെ അന്വേഷണത്തിൽ വ്യക്‌തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
"മേജർ രവിയെയും അലി അക്ബറിനെയും പരിചയമുണ്ട് ഇവരൊക്കെ BJPയിലേക്ക് പോയത് നിലപാട് കണ്ടല്ല...... BJP യുടെ കയ്യിൽ പണമുണ്ടെന്നും എന്തെങ്കിലും കിട്ടുമെന്ന് കരുതി പോയതാണ്...... സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റിനിർത്തണം ഇന്ദ്രൻസ്" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

ഇന്ദ്രൻസ് സംവിധായകൻ അലി അക്ബറിനും മേജർ രവിക്കുമെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാധ്യമങ്ങളിൽ വാർത്തയാകുമായിരുന്നു. എന്നാൽ പരിശോധനയിൽ ഇത്തരം റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.
വൈറൽ പ്രസ്‌താവന ഇന്ദ്രൻസ് നടത്തിയതാണോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. കുസൃതിക്കോ തമാശയ്‌ക്കോ വേണ്ടി ആരെങ്കിലും ചെയ്‌തതാകാം ഇത്. അലി അക്ബറിനും മേജർ രവിക്കുമെതിരെ ഇത്തരത്തിലൊരു പ്രസ്‌താവന ഞാൻ നടത്തിയിട്ടില്ല.അവർക്കെതിരെ അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും എനിക്കാകില്ല. ഇവരെല്ലാം എന്റെ പ്രിയ സുഹൃത്തുക്കളാണ്. യാതൊരു മനസറിവ് പോലുമില്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പോലും സജീവമല്ലാത്ത എന്റെ പേരിൽ പ്രചരിക്കുന്നത്. ഇന്ദ്രൻസ് മനോരമ ഓൺലൈനോട് പറഞ്ഞു.
പൊതുവെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഇന്ദ്രൻസ് നടത്താറില്ല.മുൻപൊരിക്കൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നും രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടെങ്കിലും അതിൽ കവിഞ്ഞ് മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
∙ വസ്‌തുത
സംവിധായകൻ അലി അക്ബറിനും മേജർ രവിക്കുമെതിരെ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്.