ആഗോളതാപനത്തിനിടയിലും പച്ചപ്പ് നിറയുന്ന ഥാർ; ഇന്ത്യയുടെ മരുഭൂമിയിൽ തളിർക്കാലം

Mail This Article
ആഗോളതാപനത്തിന്റെ ഭാഗമായി ഭൂമിയിലെ മറ്റു പലമേഖലകളും വരളുമ്പോഴും ഇന്ത്യയിലും പാക്കിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ഥാർ മരുഭൂമിയിൽ സ്ഥിതി വ്യത്യസ്തമാണെന്നു ഗവേഷണം. ഈ മരുഭൂമിയിൽ സസ്യങ്ങളുടെ ബാഹുല്യം 38 ശതമാനം കൂടി. 64 ശതമാനം മഴപ്പെയ്ത്തും ഇവിടെ ലഭിച്ചു. ഭൂമിയിലെ മറ്റുള്ള പ്രധാനപ്പെട്ട മരുപ്രദേശങ്ങളിലൊന്നും കാണാത്ത സ്ഥിതി വിശേഷമാണിതെന്ന് ഗവേഷകർ പറയുന്നു. 2000 മുതൽ 2023 വരെയുള്ള കാലയളവിലെ പരിതസ്ഥിതികളാണ് ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.
കൂടുതൽ മഴ പെയ്തതും ഭൂഗർഭജലം ശേഖരിച്ചുള്ള പ്രവർത്തനങ്ങളുമാണ് ഥാറിന്‌റെ നിലയിൽ മാറ്റം വരുത്തിയത്. ലോകത്തെ മരുപ്രദേശങ്ങളിൽ 6 ശതമാനവും 1982 മുതൽ 2015 വരെയുള്ള കാലയളവിൽ കൂടുതൽ മരുഭൂമിവത്കരണത്തിനു വിധേയമായെന്നു പഠനം പറയുന്നു. ഉയരുന്ന താപനില, ഉയർന്ന ബാഷ്പീകരണത്തോത്, മണ്ണിന്റെ വരൾച്ച എന്നിവയാണ് ഇതിനു വഴിവയ്ക്കുന്നത്.

ഹിമാലയത്തിൽ നിന്നു വരുന്ന നദികളായ ബിയാസിൽനിന്നും സത്‌ലജിലിൽ നിന്നുമുള്ള വെള്ളം ഇന്ദിരാ ഗാന്ധി കനാൽ വഴി ഥാറിലെത്തിച്ചതാണു മരുവത്കരണം കുറച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ടെന്ന പേരിലും ഥാർ അറിയപ്പെടുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലുമായാണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ലൂണി എന്ന നദി മാത്രമാണ് ഈ മരുഭൂമിയിലൂടെ ഒഴുകുന്നത്. അനേകം വിലയേറിയ ധാതുക്കളുടെ നിക്ഷേപം ഇവിടെയുണ്ട്. ഏകദേശം 2 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചാണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്.