ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യത, 50 കിലോഗ്രാമിൽ താഴെ ഭാരമുള്ളവർ പറന്നുപോയേക്കാം; ജാഗ്രത

Mail This Article
വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മംഗോളിയയിൽ നിന്ന് ഒരു തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്. ശനിയാഴ്ച ഏറ്റവും ശക്തമായ കാറ്റ് അടിക്കുമ്പോൾ, ബീജിങ്ങിലെ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് അധികൃതർ അറിയിച്ചു. ബീജിങ്ങിനു പുറമെ തിയാൻജിൻ, ഹീബൈ പ്രദേശത്തെ പല ഭാഗങ്ങളിലായും ശക്തമായ കാറ്റുണ്ടാകും. ബീജിങ്ങിൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 10 വർഷത്തിനിടെ ആദ്യമായി ഇവിടെ കാറ്റിന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മംഗോളിയയിൽ എല്ലാ വർഷവും ഈ സമയത്ത് കാറ്റ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത്തവണത്തേത് ഏറ്റവും നാശം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് ആളുകളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. 50 കിലോഗ്രാമിൽ (110 പൗണ്ട് - ഏകദേശം എട്ട് സ്റ്റോൺ) താഴെ ഭാരമുള്ളവർ പറന്നുപോകാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കായിക മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു, കെട്ടിട നിർമാണ പ്രവർത്തനങ്ങളും റെയിൽ ഗതാഗതവും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. സ്കൂളുകൾ അടച്ചു. പർവതങ്ങളിലും കാടുകളിലും പ്രവേശിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറംതൊഴിലുകൾ ചെയ്യുന്നവരെ വീട്ടിലേക്ക് മടങ്ങണം. വീടിനു പുറത്ത് തീ കത്തിക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽകണ്ട് നഗരത്തിലുടനീളം ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയിരിക്കുകയാണ്. ഞായറാഴ്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.