ഇത് ദേവദാസി സമ്പ്രദായമല്ല; ഉത്തരേന്ത്യയിൽ പ്രചരിക്കുന്നത് മലയാളി നടിയുടെ വിവാഹ ദൃശ്യങ്ങൾ | Fact Check

Mail This Article
ദേവദാസി പതിവ് തെക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്കിലേയ്ക്കും ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചരിക്കുന്ന അവകാശവാദവും വിഡിയോയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
∙ അന്വേഷണം
പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷത്തിൽ പൂമാലകള്‍ അണിഞ്ഞ് ഒരുമിച്ച് ഇരിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും ഈ വിഡിയോയിൽ കാണാം. '1950 വരെ ഇന്ത്യയിൽ ഈ പതിവ് നിലനിന്നിരുന്നു; ഇപ്പോഴും തെക്കൻ ഇന്ത്യയിൽ ഇത് നിലനിൽക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു! ഇത് കണ്ടാൽ സ്ത്രീകൾ അനുഭവിച്ച ചൂഷണം എത്രത്തോളം ആയിരിക്കാം എന്ന് മനസ്സിലാക്കാം. ദലിത് സ്ത്രീകളെ മാത്രമാണ് ഈ പതിവിലേക്ക് കൊണ്ടു വന്നിരുന്നതെന്നാണ് കേട്ടത്!' എന്നാണ് ഹിന്ദിയിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ അടിക്കുറിപ്പിന്റെ മലയാള പരിഭാഷ.

പരിശോധിച്ചപ്പോൾ, പ്രധാനമായും വടക്കേന്ത്യയിൽ നിന്നുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് വൈറൽ വിഡിയോ പങ്കുവച്ചിട്ടുള്ളത്. വിഡിയോയില്‍ നിന്നും കീഫ്രെയിമുകളെടുത്തുള്ള റിവേഴ്സ് ഇമേജ് സെർച്ചാണ് ആദ്യം ചെയ്തത്. ലഭിച്ച വിവരങ്ങൾ പ്രകാരം, മലയാളി അഭിനേതാക്കളായ ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. 2024 ഒക്റ്റോബറിൽ ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും വിഡിയോകളും അന്വേഷണത്തിൽ കണ്ടെത്തി. ഇതില്‍ നിന്നും, പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്നും വിഡിയോയ്ക്ക് അവകാശവാദവുമായി ബന്ധമില്ലെന്നും സ്ഥിരീകരിച്ചു.
∙ വാസ്തവം
പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്. ദക്ഷിണേന്ത്യയിൽ നടക്കുന്ന ദേവദാസി സമ്പ്രദായത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് മലയാളത്തിലെ അഭിനേതാക്കളുടെ വിവാഹ ദൃശ്യങ്ങളാണ്.