ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി∙ തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. സുഹൃത്‌സഹായഗുണം ഉണ്ടാകും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. അനുബന്ധവ്യാപാരം തുടങ്ങുവാൻ വിദഗ്ധ ഉപദേശം തേടും.
ഭരണി∙ സ്വയംഭരണാധികാരം ലഭിച്ചതിനാൽ മനസ്സംതൃപ്തിയോടുകൂടി പ്രവർത്തിക്കുവാൻ സാധിക്കും. സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
കാർത്തിക∙ പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും.
രോഹിണി∙ ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ കഴിയുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. കഫ-നീർദോഷ രോഗപീഡകൾ വർധിക്കും.
മകയിരം∙ മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കുന്നതിൽ അഭിമാനവും സന്തോഷവും തോന്നും. ഭാവനകൾ യാഥാർഥ്യമാകും. മത്സരങ്ങളിൽ വിജയിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.
തിരുവാതിര∙ നിലവിലുള്ള ഗൃഹം വിൽപനചെയ്തു വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ തയാറാകും. പ്രമേഹരോഗം വർധിക്കും. വിവാഹത്തിനു തീരുമാനമാകും.
പുണർതം∙ സംതൃപ്തിയുള്ള സ്ഥലത്തേക്കും വിഭാഗത്തിലേക്കും ഉദ്യോഗമാറ്റമുണ്ടാകും. പലപ്രകാരത്തിലുള്ള കഷ്ടനഷ്ടങ്ങൾക്കു വിരാമം വന്നതിനാൽ ആശ്വാസമാകും.
പൂയം∙ ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. അപകീർത്തി ഒഴിവാക്കുവാൻ ഉന്നതാധികാരസ്ഥാനം ഉപേക്ഷിക്കും. അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്.
ആയില്യം∙ അപര്യാപ്തതകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ജീവിതപങ്കാളിയോട് ആദരവുതോന്നും. നിന്ദാശീലം ഒഴിവാക്കണം. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും.
മകം∙ വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടിവരും. സഹപ്രവർത്തകരുടെ എതിർപ്പുമൂലം സ്ഥലംമാറ്റത്തിന് അപേക്ഷ നൽകും.
പൂരം∙ നിർധനർക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. വിദഗ്ധോപദേശത്താൽ ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. കുടുംബത്തിൽ നിന്നു മാറിത്താമസിക്കുവാൻ നിർബന്ധിതനാകും.
ഉത്രം∙ വിദേശയാത്ര മാറ്റിവയ്ക്കും. നടപടിക്രമങ്ങളിൽ ദൃഢതയും സുതാര്യതയും വേണ്ടിവരും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പുണ്യ–തീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും.
അത്തം∙ ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിനു തയാറാകും. ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കും. സംസാരശൈലിയിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ചിത്തിര∙ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ശാസ്ത്ര–പരീക്ഷണ–നിരീക്ഷണങ്ങളിൽ വിജയിക്കും. വാഹനം മാറ്റിവാങ്ങുവാനിടവരും. ദാമ്പത്യസുഖവും ബന്ധുഗുണവും മാതൃപിതൃസുഖവും ഉണ്ടാകും.
ചോതി∙ ദാമ്പത്യഐക്യതയും ബന്ധുസഹായവും ആരോഗ്യപുഷ്‌ടിയും ഉണ്ടാകും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. വിതരണവിഭാഗം വിപുലീകരിക്കാൻ കർമോത്സുകരായവരെ നിയമിക്കും.
വിശാഖം∙ അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. കുടുംബ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.
അനിഴം∙ സ്വന്തം ബുദ്ധിയും അന്യരുടെ പണവും സമന്വയിപ്പിച്ചു ചെയ്യുന്ന പദ്ധതികളിൽനിന്നു സാമ്പത്തികനേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങുവാനിടവരും. പുത്രപൗത്രാദികളുടെ സംരക്ഷണത്തിനായി വിദേശയാത്ര പുറപ്പെടും.
തൃക്കേട്ട∙ ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണം. ഈശ്വരാർപ്പിതമായിക്കരുതി ചെയ്യുന്ന കാര്യങ്ങളെല്ലാംതന്നെ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും.
മൂലം∙ സംഘടിതശ്രമങ്ങൾ വിജയിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. പുത്രിയുടെ പഠനവിഷയം ആലോചിച്ചു മനോവിഷമം തോന്നും. ആഗ്രഹിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
പൂരാടം∙ അശരണരായവർക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. വിദേശയാത്ര സഫലമാകും.
ഉത്രാടം∙ ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. സന്താനങ്ങളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. വ്യവസ്ഥകൾ പാലിക്കുവാൻ സാധിക്കുകയില്ല.
തിരുവോണം∙ വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. വിദേശ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാൻ പ്രാഥമിക സംഖ്യകൊടുത്തു കരാറെഴുതും.
അവിട്ടം∙ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ കഴിയുമെങ്കിലും അഹംഭാവം ഒഴിവാക്കണം.
ചതയം∙ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിവാഹം തീരുമാനമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും വർധിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനം തോന്നും.
പൂരുരുട്ടാതി∙ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുഃശീലങ്ങൾ ഉപേക്ഷിക്കും. ആസൂത്രിത പദ്ധതികളാണെങ്കിലും വിദഗ്ധോപദേശം തേടാതെ പണംമുടക്കരുത്. അധ്വാനഭാരത്താൽ പലപ്പോഴും അവധിയെടുക്കും.
ഉത്തൃട്ടാതി∙ ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിഷമഘട്ടങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അതിജീവിക്കുവാൻ സാധിക്കും.
രേവതി∙ പുതിയ വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. പൂർവികസ്വത്ത് വിൽപന ചെയ്തു പട്ടണത്തിൽ വസ്‌തു വാങ്ങും. ആസൂത്രിത പദ്ധതികളിൽ ലക്ഷ്യപ്രാപ്തി കൈവരും.