കണ്ടവരും കേട്ടവരും ഞെട്ടി; വളമില്ലാതെ, മരുന്നില്ലാതെ നെല്ലിന് അമ്പരപ്പിക്കും വിളവ്; പുഴുങ്ങിക്കുത്തി വീണ്ടും നേട്ടമാക്കി കർഷകൻ

Mail This Article
എല്ലാവരും നെല്ലിനു വളമിടുകയും മരുന്നടിക്കുകയും ചെയ്തപ്പോൾ തിരുവല്ലയ്ക്കു സമീപം തുകലശ്ശേരി അമ്പാടി വീട്ടിൽ പി.ജി.ഓമനകുമാർ നോക്കിനിന്നതേയുള്ളൂ. അനാവശ്യമായ ഏർപ്പാടാണ് രണ്ടുമെന്ന നിലപാടിലാണ് ഈ പലേക്കർ മോഡൽ പ്രകൃതിക്കൃഷിക്കാരന്‍. 3 തവണ ജീവാമൃതം തളിച്ചു. അല്ലാതെ ഒരു വിളപരിചരണവും ഇത്തവണ നെൽകൃഷിക്കു നൽകിയില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും മനുരത്ന പോലുള്ള പുതുതലമുറ വിത്തുകൾ വിതച്ചപ്പോൾ ഓമനകുമാർ തന്റെ പാടത്ത് പാകിയത് രക്തശാലി, സുജാത, ജപ്പാൻ വയലറ്റ്, ജ്യോതി ഇനങ്ങള്‍. പക്ഷേ, കഴിഞ്ഞ മാസം കൊയ്ത്തു കഴിഞ്ഞപ്പോൾ മണ്ണും ചാരി നിന്നവൻ വിള കൊണ്ടുപോയ മട്ടിലായി കാര്യങ്ങൾ. മറ്റുള്ളവർ കിലോയ്ക്ക് 28.20 രൂപ നിരക്കിൽ സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തപ്പോൾ ഓമനകുമാറിന്റെ നല്ല നാടൻ നെല്ല് കിലോയ്ക്ക് 50 രൂപ നിരക്കിലും അരി കിലോയ്ക്ക് 100 രൂപ നിരക്കിലും വിറ്റുപോയി.
നാടൻ നെല്ലിനമായ സുജാത ഏക്കറിന് ശരാശരി 28 ക്വിന്റലും ജപ്പാൻ വയലറ്റ് 26 ക്വിന്റലും ജ്യോതി 24 ക്വിന്റലും രക്തശാലി 12 ക്വിന്റലും വിളവ് ലഭിച്ചു. ചുരുക്കത്തിൽ വളപ്രയോഗം നടത്തിയ സഹകർഷർക്കു ലഭിച്ച 15–16 ക്വിന്റലിലും ഏറെ ഓമനകുമാറിനു ലഭിച്ചു. ക്രോപ് സർവേയുടെ ഭാഗമായി നടത്തിയ ക്രോപ് കട്ടിങ്ങിൽ (യൂണിറ്റ് സ്ഥലത്തെ ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം വിളവ് കണക്കാക്കുന്ന രീതി) ഇദ്ദേഹത്തിന്റെ പാടത്ത് 25–30 ക്വിന്റൽ ഉൽപാദനമാണു കണക്കാക്കിയത്. ആ രീതി ശരിവയ്ക്കും വിധമായിരുന്നു വിളവെന്ന് സാരം.

സുഹൃത്തുക്കളായ മഹാലക്ഷ്മി സിൽക്സ് ഉടമ വിനോദ് കുമാർ, എസ്.എൻ.ഹോസ്പിറ്റൽ ഡയറക്ടർ ഹരികൃഷ്ണൻ എന്നിവരോടൊപ്പം ഗോവർധൻ പ്രകൃതികൃഷി പ്രചാരക സംഘം എന്ന പേരിലാണ് കൃഷി. മൂവരുടെയും പാടത്തെ കൃഷിയുടെ ചുമതലക്കാരൻ ഓമനകുമാറാണ്. വിനോദ് കുമാറിന്റെ മഹാലക്ഷ്മി ഗോശാലയിൽനിന്നുള്ള 300ലേറെ നാടൻ പശുക്കളുടെ ചാണകം പ്രകൃതികൃഷിക്കായി പ്രയോജനപ്പെടുത്തുന്നു.
മൂന്നു തരം മൂല്യവർധനയാണ് ഇവിടെ. പ്രകൃതിക്കൃഷിയിലൂടെ വിഷം തളിക്കാത്ത നെല്ല് എന്നതുതന്നെ ആദ്യത്തെ മൂല്യവർധന. രക്തശാലിപോലെ ആരോഗ്യപ്രധാന ഇനങ്ങളുടെ നെല്ലാണ് രണ്ടാമത്തെ മൂല്യ വർധന. നെല്ല് രക്തശാലിയെങ്കില്‍ വില 300 രൂപയായും ജപ്പാൻ വയലറ്റെങ്കിൽ 120 രൂപയായും ഉയരും. നെല്ലിന്റെ മൂല്യവർധനസാധ്യതകളും അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു സർക്കാരിനു നൽകാതെ ഉണങ്ങി സ്വന്തമായി സൂക്ഷിക്കും. ആവശ്യക്കാരെത്തുമ്പോള്‍ രണ്ടു ക്വിന്റൽ വീതം കുട്ടനാട്ടിലെ ഒരു റബറൈസ്ഡ് മില്ലിൽ കൊണ്ടുപോയി കുത്തി അരിയാക്കി വില്‍ക്കുന്നു. 2, 5 കിലോ പായ്ക്കറ്റുകളായാണ് വില്‍പന. അരിപ്പൊടിയുമുണ്ടു വില്‍ക്കാന്‍. കിലോയ്ക്ക് 140 രൂപ വില. ഗോവർധൻ പ്രകൃതിക്കൃഷി പ്രചാരക് സംഘത്തിന്റെ ലേബലില്‍ നിരണം റൈസ്, ജീവൻ നാച്ചുറൽ റൈസ് ബ്രാൻഡുകളിലാണ് വിപണനം.

പ്രകൃതിക്കൃഷിയിലൂടെ കുറഞ്ഞ ചെലവില്‍ മറ്റുള്ളവർക്കുള്ളത്ര ഉൽപാദനക്ഷമത നേടുന്ന ഓമനകുമാറിനു മൂല്യവർധനയിലൂടെ അധിക വരുമാനം നേടാനും കഴിയുന്നു. ഇത്തവണ വിത്തിന്റെ വിലയ്ക്കും വിതക്കൂലിക്കും പുറമേ ഒരു തവണ കളയെടുക്കാനും 3 തവണ ജീവാമൃതം തളിക്കാനുമുള്ള കൂലിയും മാത്രമാണ് നെൽകൃഷിക്കു മുടക്കിയത്. ജീവാമൃതത്തിനു ചാണകവും ഗോമൂത്രവുമൊക്കെ സ്വന്തം തൊഴുത്തിൽനിന്നു തന്നെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻജിനീയറിങ് ബിസിനസ് ചെയ്തിരുന്ന ഓമനകുമാർ നാട്ടിലേക്കു താമസം മാറ്റി കൃഷി ചെയ്തു തുടങ്ങിയിട്ട് 12 വർഷമാകുന്നു. തുടക്കം മുതൽ പ്രകൃതിക്കൃഷിയാണ്. കേരളത്തിൽ മാത്രമല്ല, ഹൈദരാബാദിലും കശ്മീരിലുമൊക്കെ നെൽകൃഷി ചെയ്ത പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. ഇപ്പോൾ തിരുവല്ലയിലും പരിസരത്തുമായി 10 ഏക്കറിലാണ് കൃഷി. മറ്റു കർഷകരും തൊഴിലാളികളുമൊക്കെ ഓമനകുമാറിന്റെ കൃഷിയെ പരിഹസിച്ചിരുന്നു. ഇപ്പോൾ അവരും അദ്ദേഹത്തി ന്റെ നേട്ടം അംഗീകരിക്കുന്നു. എന്നാൽ തന്നെ പ്രശംസിക്കുന്നവരും വർഷങ്ങളായി തന്റെ കൃഷിരീതി കണ്ടറിഞ്ഞവരും അതു പരീക്ഷിക്കാന്‍പോലും മടിക്കുന്നതിന്റെ കാരണം ഇനിയും തനിക്കു മനസ്സിലാക്കാ നാവുന്നില്ലെന്ന് ഓമനകുമാര്‍. പ്രകൃതിക്കൃഷി കാണാനും പഠിക്കാനും താൽപര്യമുള്ളവർക്കായി വാഴയും കിഴങ്ങു വർഗങ്ങളും ഉൾപ്പെടുന്ന ഒരു ഡെമോ ഫാം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫോൺ: 9446388261