ഗൾഫിൽ സമ്പാദിച്ചതു മുഴുവൻ നെൽകൃഷിക്കു മുടക്കി; മത്സ്യക്കൃഷിയിൽ നഷ്ടം 15 ലക്ഷം; വെള്ളത്തിൽ നഷ്ടമായത് വെള്ളത്തിൽനിന്നു നേടി യുവ കർഷകൻ

Mail This Article
‘‘സ്വന്തം പാടത്തിന്റെ വരമ്പത്തു കൂടി കൃഷി ആസ്വദിച്ചു നടക്കണം, മികച്ച കർഷകനാകണം’’ – അതൊരു സ്വപ്നമായി, അതിലേറെ വാശിയായി ജോബിയുടെ മനസ്സിൽ കുടിയേറിയിട്ട് വർഷങ്ങളായി. വിദ്യാർഥിയായിരുന്ന കാലത്ത് പാട്ടക്കൃഷിക്ക് പാടം കിട്ടാതെ വിഷമിക്കുന്ന പിതാവിനെ കണ്ടപ്പോൾ മുതൽ സ്വന്തമായി ഒരു പാടമെന്ന ചിന്ത ജോബിയുടെ മനസ്സിലുണ്ട്. കെടാതെ സൂക്ഷിച്ച ആ വാശി ജോബിയെ സൗദിയിലെ മണലാരണ്യത്തിലാണ് എത്തിച്ചത്. കേവലം 3 തവണ മാത്രം അവധിയെടുത്ത് 13 വർഷം അവിടെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതും ആ വാശി തന്നെ. മികച്ച സൗകര്യവും ഫാമിലി വിസയുമൊക്കെയുണ്ടായിട്ടും 2016ൽ തിരികെ നാട്ടിലെത്തിയതും ആ വാശി നടപ്പാക്കാനായിരുന്നു.
വിദേശത്തെ സമ്പാദ്യംകൊണ്ട് റബർതോട്ടവും ഏലത്തോട്ടവുമൊക്ക വാങ്ങിയവർ നമുക്കിടയിലുണ്ടാകാം. എന്നാൽ പ്രവാസജീവിതത്തിൽ സമ്പാദിച്ചതുമുഴുവൻ നെൽകൃഷിക്കായി മുടക്കാൻ ധൈര്യം കാണിച്ചയാളാണ് ജോബി. കുട്ടനാടിന്റെ പച്ചപ്പിനെ അത്രയേറെ താൻ ഇഷ്ടപ്പെട്ടുപോയെന്ന് ജോബി കുമ്പസാരിക്കുന്നുു. സൗദിജീവിതം മതിയാക്കേണ്ടി വന്നപ്പോൾ പാടം കാത്തിരിക്കുന്നുണ്ടെന്ന ചിന്തയായിരുന്നു ആശ്വാസം. ‘‘സ്വയം കൃഷി ചെയ്യണം. ശരിയായില്ലെങ്കിൽ പാടം പാട്ടത്തിനു കൊടുത്തെങ്കിലും ജീവിക്കാം ഇതായിരുന്നു തിരികെ വരുമ്പോഴുള്ള ചിന്ത’’– ജോബി പറഞ്ഞു
ഇപ്പോൾ കാവാലം രാമരാജപുരം പാടത്തും തെല്ലകലെ പുരയിടത്തോടു ചേർന്നുമായി ആകെ 20 ഏക്കറിൽ ജോബിക്ക് നെൽകൃഷിയുണ്ട്. എന്നാൽ അതോടൊപ്പം പാടത്തിന്റെ പുറംബണ്ടിലും തൊട്ടു താഴെയുള്ള മൺതിട്ടയിലും ഉയർന്നുകിടക്കുന്ന പാടത്തുമായി പച്ചക്കറികളും ചേമ്പുമൊക്കെ കൃഷി ചെയ്യാൻ ഇദ്ദേഹത്തിനു കഴിയുന്നു. പുറം ബണ്ടിലെ തെങ്ങ് ഉൾപ്പെടെ 4 വിളകളെങ്കിലും ഒരേ സമയം ഉൽപാദനമേകുന്ന ബഹുവിള കൃഷിയാണിവിടെ. നല്ല ബണ്ടുകൾ നിർമിച്ചു നൽകിയാൽ ഊണിനാവശ്യമായ അരിക്കൊപ്പം കറികൾക്കുള്ളതും ഉൽപാദിപ്പിക്കാൻ കുട്ടനാട്ടുകാർക്കു കഴിയുമെന്നു ജോബി കാണിച്ചുതരുന്നു. സമ്മിശ്ര കൃഷിയും സംയോജിത കൃഷിയിലും കുട്ടനാട്ടുകാർക്ക് കാര്യമായി ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിക്കുകയാണ് ഈ യുവാവ്
നെൽകൃഷി
എറെ ആവേശത്തോടെയാണു താൻ നെൽകൃഷി തുടങ്ങിയതെന്നു ജോബി പറയുന്നു. നാട്ടിലെത്തി രണ്ടു വർഷത്തിനകം പാടശേഖര സമിതി ഭാരവാഹിയായി. ശാസ്ത്രീയ കൃഷിമുറകൾ നടപ്പാക്കുന്നതിനു ബണ്ട് നിർമിക്കുന്നതിനും മറ്റും നേതൃത്വം നൽകിയ കമ്മിറ്റിയിൽ ജോബിയും സജീവമായി. മികച്ച പാടശേഖരത്തിനുള്ള 2023ലെ നെൽകതിർ അവാർഡ് രാമരാജപുരം പാടത്തിനു കിട്ടിയത് അക്കാലത്താണ്. മറ്റു പാടങ്ങളിൽ നിന്നു വ്യത്യസ്തമായി പുറംബണ്ടിന്റെ ഉൾഭാഗത്താണ് ഇവർ സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. തോട്ടിൽ വെള്ളമുള്ളതിനാൽ ബണ്ടിന്റെ പുറംഭാഗത്തെ കൽക്കെട്ടുനിർമാണം ശരിയായി നടക്കാറില്ല; ഈ യാഥാർഥ്യം മനസിലാക്കിയാണ് ഉൾഭാഗത്ത് കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയ കൽക്കെട്ട് നിർമിച്ചത്. പാടശേഖര സമിതിയുടെ നിർബന്ധബുദ്ധി മൂലമാണ് സർക്കാർ ഈ രീതിയിൽ കൽക്കെട്ട് പണിതു നൽകിയതെന്ന് ജോബി പറയുന്നു. ഡ്രം സീഡർ ഉപയോഗിച്ചുള്ള വിത പോലെ വേറിട്ട ചിന്തകൾ നടപ്പാക്കുന്നതിനും ജോബി മുൻകൈയെടുത്തു. ഇതുവഴി കീടരോഗങ്ങൾ കുറയ്ക്കാനും ഏക്കറിന് 3 ടൺ ഉൽപാദനക്ഷമത നേടാനും വിത്തിന്റെ വിനിയോഗം കുറയ്ക്കാനും ഇദ്ദേഹത്തിനു സാധിക്കുന്നു. പാടത്തിന്റെ മറ്റൊരു ഭാഗത്ത് 20 സെന്റിൽ രക്തശാലി നെല്ലിന്റെ പരീക്ഷണക്കൃഷിയും നടത്തുന്നുണ്ട്.

മത്സ്യക്കൃഷി
വീടിനോടു ചേർന്നുള ഒരേക്കറിലധികം വരുന്ന കുളങ്ങളിൽ പ്രവാസകാലത്തു തന്നെ മത്സ്യക്കൃഷി ആരംഭിച്ചിരുന്നു. യുട്യൂബ് ചാനലുകളിൽ കാണുന്ന മത്സ്യകൃഷി രീതികൾ പരീക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വീട്ടുകാർക്ക് ഫോണിലൂടെ നിർദ്ദേശം നൽകിയുള്ള കൃഷി തൃപ്തികരമായില്ല. തിരികെ വന്ന ശേഷം തുടക്കമെന്ന നിലയിൽ ആസാംവാള, നട്ടർ (റെഡ് ബെല്ലീഡ് പാകു) എന്നിവയെ വളർത്തി. ഒരു ലക്ഷം രൂപയിലധികം വരുമാനം കിട്ടിയതോടെ ആത്മവിശ്വാസമായി. രണ്ടാം തവണ കുളത്തിൽ നിക്ഷേപിച്ച മത്സുങ്ങളുടെ എണ്ണം കുത്തനെ വർധിപ്പിച്ചു. കുളത്തിലും ചാലുകളിലുമായി 60,000 മത്സ്യവിത്ത് നിക്ഷേപിച്ച ആ കൃഷി വിളവെടുക്കാറായപ്പോഴാണ് 2018ലെ മഹാപ്രളയമുണ്ടായത്. പ്രളയജലം വീടിനുള്ളിൽ കയറിയപ്പോഴും തുടർച്ചയായി തീറ്റ നൽകി മത്സ്യങ്ങളെ കുളത്തിൽ നിലനിറുത്താൻ ശ്രമിച്ചു. ഒപ്പം കുളത്തിനു ചുറ്റുള്ള വലകൾ ഉയർത്താനും ശ്രമിച്ചു. എന്നാൽ പ്രളയദിനങ്ങൾ നീളുകയും വീട്ടിൽ നിന്നു മാറി താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്തതോടെ വളർച്ചയെത്തിയ മത്സ്യക്കളിൽ ഏറിയ പങ്കും നഷ്ടപ്പെട്ടു – 15 ലക്ഷം രൂപാ നഷ്ടം. എന്നാൽ ജോബി നഷ്ടധൈര്യനായില്ല . അടുത്ത വർഷം ഒരിക്കൽ കൂടി മത്സ്യകൃഷിയിൽ പണം മുടക്കാൻ തയാറായി. അത് വിജയിക്കുകയും ചെയ്തു; വെള്ളത്തിൽ നഷ്ടമായത് വെള്ളത്തിൽനിന്നു തന്നെ തിരിച്ചുകിട്ടിയെന്ന് ജോബി പറയുന്നു.
ഇന്ന് ജോബിക്ക് മത്സ്യകൃഷിയിൽ സ്വന്തമായ ഒരു ശൈലിയുണ്ട്. കുളം വറ്റിച്ചു മീൻ മുഴുവൻ ഒരുമിച്ചു പിടിക്കുന്ന രീതിയല്ല ഇപ്പോൾ ഇവിടെ. ഒരേക്കർ വരുന്ന കുളത്തിനു പുറമേ പുരയിടത്തിലെ ചെറുകുളങ്ങളിലും ചാലുകളിലും ജോബി മീൻ കുഞ്ഞുങ്ങളെ വളർത്തുന്നു. പരസ്പരം ഇരയാകാത്ത വിധം നിശ്ചിത വലുപ്പമെത്തിയ ശേഷം മാത്രമേ അവയെ പ്രധാന കുളത്തിലേക്കു വിടൂ. തിലാപ്പിയ, വാള, കരിമീൻ, നട്ടർ, രോഹു എന്നിങ്ങനെ വ്യത്യസ്ത ഇനം മത്സ്യങ്ങളെ ഇപ്രകാരം ഒരുമിച്ചു വളർത്തും. ആറു മാസം വളർച്ചയെത്തുമ്പോൾ വല ഉപയോഗിച്ചു കോരി ആദ്യ വിളവെടുപ്പ് നടത്തും. ഇങ്ങനെ വിളവെടുക്കുമ്പോൾ ഒരു കിലോയെങ്കിലും വളർച്ചയില്ലാത്ത മീനുകളെ തിരികെ കുളത്തിലേക്കു വിടും. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും കുളത്തിൽ അവശേഷിക്കുന്ന മത്സ്യങ്ങളുടെ എണ്ണത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും കൃത്യമായ ധാരണ കിട്ടാൻ ഇതു സഹായിക്കുന്നു. ചെറുകുളങ്ങളിൽ നിന്നു വലിയ കുളത്തിലേക്കു മാറ്റി മത്സ്യങ്ങളുടെ എണ്ണത്തിലുള്ള കുറവ് നികത്തും.
വലിയ മത്സ്യങ്ങൾ മാറിയ കുളത്തിൽ ചെറുമത്സ്യങ്ങൾ കൂടുതൽ തീറ്റയെടുത്ത് അതിവേഗം വളരുമെന്ന് ജോബി പറയുന്നു. അര കിലോയുള്ള മീൻ ഒരു മാസത്തിനകം ഒരു കിലോയാകുന്നതു കാണാം– ജോബി പറഞ്ഞു. അതോടെ കുളം അടുത്ത വിളവെടുപ്പിനു പാകമാകും. ‘‘പത്താം ക്ലാസുകാർ സ്കൂൾ വിടുമ്പോൾ ഒമ്പതാം ക്ലാസുകാരൻ കാമ്പസിൽ കേമനാകുന്നതു പോലെയാണിത് ’’- ജോബി പറഞ്ഞു. ഈ രീതിയിൽ തുടർച്ചയായി ഒരു വർഷം 5-6 വിളവെടുക്കാമെന്നതിനാൽ എല്ലാ മാസവും വരുമാനം ഉറപ്പാക്കാമെന്ന മെച്ചമുണ്ട്. ഓരോ തവണയും മത്സ്യം പിടിക്കുന്നതിനു മുൻപായി അയലത്തും വാട്സാപ് ഗ്രൂപ്പുകളിലും അറിയിക്കുന്നതു വഴി 100 കിലോയോളം മീനിന് മുൻകൂട്ടി ഓർഡർ നേടാനും കഴിയുന്നു ' ജീവനോടെ എത്തിക്കുന്ന ഈ മത്സ്യങ്ങൾ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വിൽക്കുക . അതേസമയം ചന്തയിൽ മൊത്തമായി വിൽക്കുന്ന ബാക്കി മത്സ്യത്തിന് 80- 100 രൂപ മാത്രമാണ് കിട്ടുക . മുൻകൂട്ടി ഓർഡർ എടുക്കുകവഴി വല വലിക്കാനുള്ള കൂലിച്ചെലവ് കൈവശമെത്തുമെന്നും ജോബി ചൂണ്ടിക്കാട്ടി. ബാച്ചുകളായി വിളവെടുക്കുമ്പോൾ എണ്ണമനുസരിച്ച് അളവ് ക്രമീകരിക്കുന്നതിനാൽ തീറ്റയുടെ പാഴ്ചെലവ് കുറയ്ക്കാൻ സാധിക്കും. അതിലുപരി വിപണിയിലെ വിലവ്യതിയാനങ്ങളെ മറികടന്ന് ശരാശരിവില ഉറപ്പാക്കാനും സഹായിക്കുന്നു.

പച്ചക്കറികൃഷി
പാടത്തെ പച്ചക്കറി കൃഷിയേക്കാൾ അതിനു ജോബിയെ പ്രേരിപ്പിച്ച സാമ്പത്തിക ശാസ്ത്രമാണ് ശ്രദ്ധേയം. ആദ്യത്തെ 60 ദിവസങ്ങളാണ് നെൽകൃഷിയിൽ ഏറ്റവും മുതൽ മുടക്കും ജോലിക്കൂടുതലുമുള്ളതെന്ന് ജോബി ചൂണ്ടിക്കാട്ടി. 60 ദിനം പിന്നിട്ട നെൽപാടത്ത് കൊയ്ത്തുവരെ കാര്യമായ പ്രവർത്തനങ്ങൾ കുറവാണ്. കൈവശമുണ്ടായിരുന്ന പണം മുഴുവൻ പാടത്തു മുടക്കി കർഷകനും പണിയില്ലാത്ത കർഷകത്തൊഴിലാളിക്കും പണഞെരുക്കമുള്ള കാലം. ഈ ഇടവേളയിലെ അധിക വരുമാന സാധ്യതയാണ് ജോബിക്ക് പച്ചക്കറികൃഷി. പാടത്തെ വിത കഴിയുന്നതിനു പിന്നാലെ പച്ചക്കറി നട്ടാൽ ഒന്നരമാസം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങാം. കൊയ്ത്തു വരെ തുടർച്ചയായ വരുമാനം കിട്ടാൻ ഇതു മതി. മാത്രമല്ല കൊയ്ത്തുകാലത്തെ അധികച്ചെലവുകളും ഇതിൽനിന്നു കണ്ടെത്താം.
ബണ്ടിനുള്ളിൽ കൊയ്ത്തുകളമായി ഉപയോഗിച്ചിരുന്ന പൊക്കക്കണ്ടത്തിലാണ് ജോബി പയർ നട്ടിരിക്കുന്നത്. ബണ്ടിനു മീതേയുള്ള തെങ്ങിന് ഇടവിളയായാണ് ചേമ്പുകൃഷി. ബണ്ടിനുള്ളിലെ പച്ചക്കറിക്കു തുള്ളിനനയാണ്. നാലുചുറ്റും വെള്ളമുള്ള, പാടത്തെ വെള്ളം പുറത്തേക്കു പമ്പു ചെയ്തു കളയുന്ന കുട്ടനാട്ടുകാർക്ക് തുള്ളിനന എന്തിനാണെന്നല്ലേ? ആഴ്ചയിൽ നാലു ദിവസം വെള്ളം വറ്റിച്ചാണ് ഇവിടെ നെൽകൃഷി. ബാക്കി ദിവസങ്ങളിൽ പാടത്ത് വെള്ളം നിറഞ്ഞു കിടക്കും - നെല്ലിനാവശ്യമാണെങ്കിലും പച്ചക്കറിക്ക് ഇത് രണ്ടും അത്ര ആശാസ്യമല്ല. തുടർച്ചയായി വെള്ളം ലഭിച്ചില്ലെങ്കിൽ അതിവേഗം വരണ്ടുണങ്ങി കട്ടിയാവുകയും വീണ്ടു കീറുകയും ചെയ്യുന്ന ചേറാണ് ഇവിടുത്തെ മറ്റൊരു പ്രധാന ഘടകം. പാടത്തെ ഈർപ്പം പച്ചക്കറിക്ക് പ്രയോജനപ്പെടില്ലെന്നതിനാൽ പ്രത്യേകം നന നൽകുകയേ നിവൃത്തിയുള്ളൂ - ജോബി പറഞ്ഞു.
വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന ഈ യുവകർഷകന് സാധാരണ നനരീതികൾ മതിയാവുമായിരുന്നില്ല. പാടശേഖരത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ഇരുപതേക്കറോളം നെൽകൃഷിയും വീട്ടുവളപ്പിലെ കോഴി - മത്സ്യകൃഷിയുമൊക്കെ നടത്തുന്നതിനിടയിൽ എല്ലാ ദിവസവും 500 ചുവട് പയറിന്റെയും മറ്റും ചുവട്ടിൽ കുടവും / ഹോസുമായി എത്തുക പ്രായോഗികമല്ലല്ലോ. ജലലഭ്യതയോടൊപ്പം സമയലാഭവും സൗകര്യവും പരിഗണിക്കേണ്ടിയിരുന്നു. തുള്ളിനന തള്ളിക്കളയാവുന്ന ഒന്നല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ജോബിക്ക് തുള്ളിനനയെന്നാൽ കാലത്തിനു ചേർന്ന നനയാണ്. പക്ഷേ സാഹചര്യമനുസരിച്ച് ചില ഭേദഗതികൾ കൂടി നടപ്പാക്കിയെന്നു മാത്രം.

പാടത്തിനു ചുറ്റും നിറഞ്ഞു കിടക്കുന്ന കായലിലെ വെള്ളം പയറിന്റെ ചുവട്ടിലെത്തിക്കാൻ ഭൂഗുരുത്വബലം മതിയെന്ന് ജോബി തിരിച്ചറിഞ്ഞു. താഴ്ന്ന പ്രദേശത്തേക്ക് ജലം താനേ ഒഴുകുമെന്ന സാമാന്യ തത്വം ഉൾക്കാണ്ട് പുറംബണ്ടിനുള്ളിലൂടെ വലിയ പിവിസി പൈപ്പ് സ്ഥാപിച്ച് പയർ പന്തലിനു സമീപം കൃഷിയിടത്തിൽ വെള്ളമെത്തിച്ചു. അവിടെ ലംബമായി നാട്ടി നിർത്തിയ 4 ഇഞ്ച് പൈപ്പിലേക്കാണ് ഈ കുഴൽ ഘടിപ്പിച്ചത്. കുത്തനെ സ്ഥാപിച്ച പൈപ്പിലും കായലിലെ ജലനിരപ്പിനൊപ്പം വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതി. ഈ പൈപ്പിൽ തുളകളിട്ട് ഡ്രിപ് ലൈനുകൾ സ്ഥാപിക്കുകയാണ് അടുത്തതായി ചെയ്തത്. കായലിൽ നിന്നെത്തുന്ന ജലപ്രവാഹത്തിന്റെ സമ്മർദ്ദം മൂലം ഡ്രിപ് ലൈനുകളിലൂടെ വെള്ളം ചീറിയൊഴുകി. ഡ്രിപ് ലൈനുകൾ ക്യാപ് ഉപയോഗിച്ച് അടച്ച ശേഷം ചെറു ടാപ്പുകളുടെ സഹായത്തോടെ ഈ പ്രവാഹം നിയന്ത്രിക്കുകയേ വേണ്ടൂ. മോട്ടറിന്റെ സഹായമില്ലാതെ ചെടിച്ചുവട്ടിൽ നിയന്ത്രിതനന സാധ്യമാകുമെന്നായി. മാത്രമല്ല കുത്തനെ നിൽക്കുന്ന പിവിസി പൈപ്പിന്റെ മേൽഭാഗത്ത് വളം കലക്കിയാൽ വെളളത്തോടൊപ്പം വളം നൽകുന്ന ഫെർട്ടിഗേഷനുമായി. വെള്ളവും വളവും വേണ്ടത്ര മാത്രം നൽകുന്ന കൃത്യതാ കൃഷിയായതിനാൽ മികച്ച വിളവ് ഉറപ്പാക്കാൻ കഴിയുന്നു - ജോബി പറഞ്ഞു. കള ശല്യം ഒഴിവാക്കാനായി മൾചിങ് ഷീറ്റ് കൊണ്ട് പുതയിട്ട ശേഷമാണ് തൈകൾ നട്ടത്. പാടത്തു നിന്നു വാരിയ പോള പുതയ്ക്കടിയിൽ നിരത്തി പരമാവധി ഈർപ്പം നിലനിറുത്താനും ജോബിക്ക് സാധിക്കുന്നു. ജോബിയുടെ കൃഷിമികവിൽ അസൂയാലുക്കളായ ചിലർഒരു ഭാഗത്തെ പയർ മുറിച്ചു കളഞ്ഞപ്പോൾ മനസ് തളർന്നെങ്കിലും വൈകാതെ തന്നെ കൃഷി പുനരാരംഭിക്കാനും കഴിഞ്ഞു. മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിൽ നിന്നു നൽകിയ ദീപിക പയറാണ് നട്ടത്.
സാലഡ് വെള്ളരി
വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഗ്രോബാഗിലാണ് സാലഡ് വെള്ളരി . മീൻകുളത്തിലെ സ്ലറിയാണ് പ്രധാന വളം. ചുവട്ടിൽ സദാ ഈർപ്പം ഉറപ്പാക്കുന്നതിനായി രണ്ടു നേരം നനയ്ക്കും. പെൺപൂക്കൾ മാത്രമുണ്ടാകുന്ന സങ്കരയിനം വിത്ത് ഓൺലൈനായി വാങ്ങുകയായിരുന്നു. വിരിയുന്ന പൂക്കളെല്ലാം കായ്കളായി മാറുന്ന ഈ ഇനത്തിന്റെ ഒരു ചുവട്ടിൽനിന്ന് 10 കിലോ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. തൊലി നീക്കാതെ കഴിക്കാവുന്ന നിലവാരമേറിയ കായ്കളായതിനാൽ കിലോയ്ക്ക് 40 രൂപ മൊത്തവില കിട്ടുന്നുണ്ട്. 100 ഗ്രോബാഗിൽ നിന്ന് ഒരു ടൺ ഉൽപാദനമാണ് പ്രതീക്ഷ.

കോഴി വളർത്തൽ
വീട്ടുവളപ്പിലെ കൃഷിയിൽ ജോബിയുടെ ഏറ്റവും വലിയ തലവേദന പറമ്പിലെ അമിതമായ പുല്ലിന്റെ വളർച്ചയായിരുന്നു. നടക്കാൻ വയ്യാത്ത വിധം തിങ്ങിവളരുന്ന പുല്ലുമൂലം പാമ്പുകളുടെ ഭീഷണിയുമേറി. യന്ത്രസഹായത്തോടെ പുല്ലു വെട്ടുന്നതിനു മാത്രം ഓരോ തവണയും 6000 രൂപ വേണ്ടി വരുന്ന സ്ഥിതി. ഇതിനൊരു പരിഹാരമായാണ് ജോബി കോഴി വളർത്തൽ തുടങ്ങിയത്. ഉപയോഗ ശൂന്യമായ പഴയ വീടിനുള്ളിൽ നൂറോളം ഗ്രാമപ്രിയ കോഴികളെ പാർപ്പിച്ചു. പകൽ സമയം കോഴികളെ അഴിച്ചുവിട്ടതോടെ പറമ്പിൽ പുല്ല് കാണാനില്ലെന്നായി. പുല്ല് തിന്നു വിശപ്പടക്കുന്ന കോഴിപ്പട്ടാളത്തിനു കൂടുതലായി വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും ധാന്യങ്ങളും നാമമാത്രമായി നൽകും. കോഴിത്തീറ്റ പതിവായി നൽകി കൂട്ടിലടച്ചു വളർത്തുന്ന കോഴികളുടെ ഉൽപാദനം ജോബി ഇവയിൽ നിന്നു പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രതിദിനം 20-25 മുട്ട കിട്ടുമെന്ന് ജോബി പറയുന്നു. നിറമേറിയ മഞ്ഞക്കരുവോടു കൂടിയ ഈ നാടൻ മുട്ട 8 രൂപാ നിരക്കിൽ അയൽക്കാർ ചോദിച്ചു വാങ്ങും. ബാക്കിയുണ്ടെങ്കൽ നാട്ടിലെ തന്നെ കടകളിൽ നൽകും. ഒരു സാഹചര്യങ്ങൾക്കനുസരിച്ച് കൃഷി ക്രമീകരിക്കാനുള്ള കർഷകന്റെ കഴിവിന് ഒരു തെളിവ് കൂടിയാണ് ജോബിയുടെ പ്രവർത്തനങ്ങൾ.
ഫോൺ: 8848348176