ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !" സെപ്റ്റംബർ 16–ന് നരേന്ദ്രമോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു"; വാസ്തവം | Fact Check

Mail This Article
2025 സെപ്റ്റംബർ 16-ന് പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം
∙ അന്വേഷണം
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വാചകത്തോടു കൂടി മോദിയുടെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കാർഡിൽ "ഞായറാഴ്ച നാഗ്പൂരിൽ ആർഎസ്എസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് 2 ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം വരുന്നത്" എന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രചരിക്കുന്ന പോസ്റ്റ് കാണാം.
വൈറൽ കാർഡ് പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ മുകളിലായി ടൈംസ് നൗ എന്ന ടിവി ചാനലിന്റെ ലോഗോയും കാണാം. ഞങ്ങൾ നടത്തിയ റിവേഴ്‌സ് ഇമേജ് തിരയലിൽ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്തകളോ റിപ്പോർട്ടുകളോ മറ്റ് സൂചനകളോ ലഭ്യമായില്ല. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ആർഎസ്എസ് ആസ്ഥാന സന്ദർശനങ്ങളെക്കുറിച്ച് ഞങ്ങൾ ഒരു കീവേർഡ് തിരയൽ നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു.
ആർഎസ്എസ് സ്ഥാപകന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചെന്നും ആർഎസ്എസും പ്രധാനമന്ത്രിയും ബിജെപിയും തമ്മിൽ ഒരു ഒത്തുതീർപ്പ് ഉണ്ടായെന്നുമാണ് റിപ്പോർട്ടുകളിലുള്ളത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച ശേഷം, ഡോ. ബി.ആർ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമി പ്രധാനമന്ത്രി മോദി സന്ദർശിച്ചു എന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്. കൂടാതെ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഈ റിപ്പോർട്ടുകളിലൊന്നും തന്നെ വൈറൽ പ്രചാരണത്തിലെ അവകാശവാദത്തിൽ പറയുന്ന തരത്തിൽ പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും തന്നെയില്ല.
കൂടുതൽ പരിശോധനയിൽ 2025 ഏപ്രിൽ 8-ന് ടൈംസ് നൗ പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ടിൽ പ്രധാനമന്ത്രി മോദിയുടെ പിൻഗാമിയെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും, കാരണം അദ്ദേഹം 2029-ൽ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മോദിയുടെ വിരമിക്കൽ ഊഹാപോഹങ്ങൾ തള്ളി വ്യക്തമാക്കുന്നുണ്ട്. മുംബൈയിലെ ഇന്ത്യ ഗ്ലോബൽ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രചരിക്കുന്ന വൈറൽ കാർഡിൽ ടൈംസ് നൗ–വിന്റെ ലോഗോ നൽകിയിരിക്കുന്നതുമായി ബന്ധപ്പെട്ട് അവർ ഇത്തരത്തിലുള്ള വാർത്താ റിപ്പോർട്ടുകളെന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു. വൈറൽ പോസ്റ്റിൽ തങ്ങളുടെ ലോഗോ ഉപയോഗിച്ചതിനെക്കുറിച്ച് ടൈംസ് നൗ അവരുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിശദീകരണം ഞങ്ങൾക്ക് ലഭിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തുവെന്നാണ് ടൈംസ് നൗ വ്യക്തമാക്കിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.
∙ വസ്‌തുത
പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്