കാണാനെന്തു ക്യൂട്ടാണ്! ഇത് എവിടെ വാങ്ങാൻ കിട്ടും?

Mail This Article
വിഷുവിങ്ങെത്തി. സദ്യയില്ലാതെ എന്ത് വിഷു? അവിയലും തോരനും കാളനും പച്ചടിയും കിച്ചടിയുമൊക്കെയായി അടിപൊളി സദ്യ കഴിച്ച് ആഘോഷിക്കണം. അക്കാര്യം ഓര്‍മ്മിപ്പിക്കുകയാണ് കേരള ടൂറിസം. കേരള സദ്യയുടെ ആക്ഷന്‍ ഫിഗറിന്‍റെ ചിത്രം, ടൂറിസത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.
തൂശനിലയില്‍ വിളമ്പിയ ചോറും പപ്പടവും പഴവും പായസവുമടക്കം മുപ്പതിലധികം വിഭവങ്ങളും ഇതില്‍ കാണാം. "ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ് ഒക്കെ കഴിഞ്ഞു എന്നറിയാം. എന്നാലും, സദ്യയ്ക്ക് ഇരുപതിലധികം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? ഇതാണ് കേരള സദ്യയുടെ അള്‍ട്ടിമേറ്റ് കളക്റ്റിബിള്‍" ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ പറയുന്നു.

ഇത് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായും ഫ്രിജ് മാഗ്നറ്റ് ആയുമെല്ലാം ഉപയോഗിക്കാന്‍ വളരെ മികച്ചതാണെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. ഇത് എവിടെ വാങ്ങിക്കാന്‍ കിട്ടും എന്നാണ് മറ്റുചിലര്‍ക്ക് അറിയേണ്ടത്. ഇത് എ ഐ ഉപയോഗിച്ചുള്ള ചിത്രമാണ്, ശരിക്കുമുള്ളതല്ല എന്ന് മറ്റു ചിലര്‍ കമന്റ് ചെയ്തു. ദൈവത്തിന്‍റെ സ്വന്തം നാടിനെ ഇങ്ങനെ പ്ലാസ്റ്റിക് ഉപയോഗിച്ച് നശിപ്പിക്കുന്നത് എന്തിനാണെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്തു.
എന്താണ് സദ്യ?
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് തുടങ്ങിയ ആറുരസങ്ങളും ചേരുന്ന ഭക്ഷണമാണ് സദ്യ. സാധാരണയായി നിലത്തിരുന്ന്, വാഴയിലയിലാണ് സദ്യ കഴിക്കുന്നത്. തെക്കൻ കേരളത്തിൽ സദ്യ പൊതുവേ വെജിറ്റേറിയൻ ആണ് എന്നാൽ വടക്കൻ കേരളത്തിൽ മലബാർ ഭാഗങ്ങളിൽ മത്സ്യ മാംസ വിഭവങ്ങളും സദ്യയുടെ ഭാഗമാണ്.

സദ്യയ്ക്ക് ഇല ഇടുന്നതിന് പ്രത്യേക രീതിയുണ്ട്. തൂശനിലയുടെ തലഭാഗം ആളിൻ്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിൻ്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ ഇലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക.
പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എന്നിവ ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു. മദ്ധ്യഭാഗത്തുനിന്ന് വലത്തുഭാഗത്തേക്ക് അവിയൽ, തോരൻ, കാളൻ, തുടങ്ങിയ കൂട്ടുകറികൾ എല്ലാം വിളമ്പുന്നു. നെയ് ചേർത്ത പയർപരിപ്പ് കറി, പുളിശ്ശേരി, സാമ്പാർ എന്നീ ചാറുകറികൾ ചോറിൽ ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാകാത്തതാണ്, എങ്കിലേ സദ്യ കേമമാവൂ.
കൈ കൊണ്ടാണ് സദ്യ കഴിക്കുന്നത്. ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരി ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനു ശേഷം സാമ്പാർ കൂട്ടി ചോറുണ്ണുന്നു. അടപ്രഥമൻ പഴവും പപ്പടവും ചേർത്ത് ആണ് കഴിക്കുക. ഒടുവിൽ തൈരോ രസമോ ചേർത്ത് ഉണ്ണുന്നു. പ്രദേശങ്ങൾ മാറുന്നതിനനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ വരാറുണ്ട്. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുന്നത്.