മുതിര്‍ന്ന പൗരന്മാര്‍ക്കും ഭവന വായ്പ കിട്ടും പക്ഷെ തിരിച്ചടവ് വൈകരുത്, കാരണം ഇതാണ്

Mail This Article
വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ വായ്പ ലഭിക്കാന്‍ കുറച്ച് ഓടേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് വായ്പ കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വായ്പ കിട്ടുമോ? അതിന് ധനകാര്യ സ്ഥാപനം തയാറാകുമോ? പലർക്കും സംശയമുള്ള കാര്യമാണിത്.എന്നാൽ മുതിര്‍ന്ന പൗരന്മാര്‍ക്കും വായ്പ ലഭിക്കുമെന്നതാണ് യഥാര്‍ത്ഥ്യം. ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.
യോഗ്യത
സാധാരണയായി വായ്പ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരമാവധി പ്രായം 70 വയസ് കവിയരുത്. അതായത്, 60 വയസ്സുള്ള ഒരാള്‍ക്ക് പരമാവധി 10 വര്‍ഷത്തെ കാലാവധിയില്‍ വായ്പ ലഭിക്കും.

ബാങ്കുകള്‍ വരുമാനത്തിന്റെ സ്ഥിരത പരിശോധിക്കും. പെന്‍ഷന്‍ വരുമാനം, വാടക വരുമാനം അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം എന്നിവ വായ്പ ലഭിക്കാനുള്ള യോഗ്യത കൂട്ടും. അപേക്ഷകര്‍ വരുമാനത്തിന്റെ തെളിവ് നല്‍കണം. ചില ബാങ്കുകള്‍ വിരമിച്ച വ്യക്തികള്‍ക്ക് ഗണ്യമായ സമ്പാദ്യമോ നിക്ഷേപമോ ഉണ്ടെങ്കില്‍ വായ്പ വാഗ്ദാനം ചെയ്യാറുണ്ട്.
വായ്പാ കാലാവധിയും ഇഎംഐയും
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വായ്പാ കാലാവധി സാധാരണ കുറവായിരിക്കും. കുറഞ്ഞ കാലാവധി അര്‍ഥമാക്കുന്നത് ഉയര്‍ന്ന ഇഎംഐ എന്നതാണ്. അപകടസാധ്യത കുറയ്ക്കുന്നതിനാണ് ബാങ്കുകള്‍ കാലാവധി കുറയ്ക്കുന്നത്. ഉദാഹരണത്തിന് പ്രായം കുറഞ്ഞ ഒരാള്‍ക്ക് 20 വര്‍ഷത്തേക്ക് വായ്പ ലഭിച്ചേക്കാം, എന്നാല്‍ മുതിര്‍ന്ന പൗരന് 5-10 വര്‍ഷം മാത്രമേ ലഭിക്കൂ.

പലിശ നിരക്കുകള്‍
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ സാധാരണയായി പ്രായം കുറഞ്ഞ അപേക്ഷകര്‍ക്കുള്ളതിന് തുല്യമാണ്. എന്നിരുന്നാലും, ചില ബാങ്കുകള്‍ പെന്‍ഷന്‍കാര്‍ക്ക് കിഴിവുകള്‍ നല്‍കാറുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബാങ്കുകളുടെ പലിശ പരിശോധിക്കണം. ഇത് കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കാന്‍ സഹായമാകും.
സഹ-അപേക്ഷകനെ ഉള്‍പെടുത്താം
വായ്പ യോഗ്യത വര്‍ധിപ്പിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സഹ-അപേക്ഷകനെ ചേര്‍ക്കാാം. ഇത് ഭാര്യ/ഭര്‍ത്താവ് അല്ലെങ്കില്‍ മക്കള്‍ ഒക്കെ ആകാം.