മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ഏതൊക്കെയെന്ന് മറന്നോ? മിത്ര കണ്ടെത്തി തരും

Mail This Article
2006 ന് മുമ്പ് നിക്ഷേപകർക്ക് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇല്ലാതെ മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമായിരുന്നു. ഈ അക്കൗണ്ടുകളിൽ പലതും പിന്നീട് നിഷ്‌ക്രിയമായി.
എന്താണ് മിത്ര?
മറന്നുപോയതോ ക്ലെയിം ചെയ്യാത്തതോ ആയ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാനും വീണ്ടെടുക്കാനും നിക്ഷേപകരെ സഹായിക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മിത്ര (മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ് ട്രേസിങ് ആൻഡ് റിട്രീവൽ അസിസ്റ്റന്റ്) എന്ന പ്ലാറ്റ്ഫോം ആരംഭിച്ചു.

നിരവധി പഴയ മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായതിനാൽ നിക്ഷേപകർക്ക് അവരുടെ പണം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കുന്നതിനാണ് മിത്ര പ്ലാറ്റ് ഫോം തുടങ്ങിയത്. വിവിധ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലായി 7.5 ദശലക്ഷത്തിലധികം നിഷ്‌ക്രിയ ഫോളിയോകളുള്ള മിത്ര, നിക്ഷേപകരുടെ മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
എങ്ങനെ കണ്ടെത്തും?
മിത്ര തയാറാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി സെബി കെഫിൻ ടെക്നോളജീസ്, സിഎഎംഎസ് എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പാൻ, റജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, ഇമെയിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, നഗരം, പിൻ കോഡ് തുടങ്ങിയ വിശദാംശങ്ങൾ ഉപയോഗിച്ച് നിക്ഷേപകർക്ക് പഴയ മ്യൂച്വൽ ഫണ്ട് ഫോളിയോകൾ തിരയാൻ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. മിത്ര പ്ലാറ്റ്‌ഫോമിലൂടെ ഒരു ഉപയോക്താവിന് 25 പ്രാവശ്യം മറന്നു പോയ അക്കൗണ്ടുകൾ തിരയാം, അങ്ങനെ നഷ്ടപ്പെട്ടതും, മറന്നുപോയതുമായ നിക്ഷേപങ്ങൾ കണ്ടെത്താൻ സഹായിക്കും.