ഇനി മോദിക്കൊപ്പം, ധോണി ബിജെപിയിൽ ; വാസ്തവം | Fact Check

Mail This Article
മഹേന്ദ്ര സിങ് ധോണി ബിജെപിയിൽ ചേർന്നെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കാവി നിറത്തിൽ താമരചിഹ്നമുള്ള ഷാൾ കഴുത്തിൽ അണിഞ്ഞു നിൽക്കുന്നതാണ് ചിത്രം.
∙ അന്വേഷണം
ധോണി ബിജെപിയിൽ ചേർന്നെന്ന വാദത്തെ സാധൂകരിക്കുന്ന വാർത്തകളോ റിപ്പോർട്ടുകളോ ഒന്നും തന്നെ കീവേർഡ് പരിശോധനയിൽ ലഭ്യമായില്ല. ധോണി ബിജെപിയിൽ ചേർന്നിരുന്നുവെങ്കിൽ അത് മാധ്യമങ്ങളിൽ പ്രധാനപ്പെട്ട വാർത്തയാകുമായിരുന്നു.കൂടാതെ ധോണിയുടെ സമൂഹമാധ്യമ പേജുകളിലും ഇത്തരത്തിലുള്ള വാർത്തകളോ വൈറൽ ചിത്രമോ ഷെയർ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ മോദിയുടെ ചിത്രത്തിലെ കണ്ണടയുടെ ലെൻസുകളുടെ ആകൃതി പൂർണമല്ലെന്നത് ശ്രദ്ധയിൽപ്പെട്ടു.കൂടാതെ മോദിയുടെ കഴുത്തിലെ ഷാളിൽ കാണപ്പെടുന്ന താമര ചിഹ്നം അസാധാരണമായി അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ തോൾ ഭാഗത്തുമുള്ളതായി കണ്ടു. ഇത് വൈറൽ ചിത്രം എഐ നിർമിതമാകാമെന്ന സൂചന നൽകി.
വ്യക്തതയ്ക്കായി ഞങ്ങൾ വൈറൽ ചിത്രം ഹൈവ് മോഡറേഷൻ അടക്കമുള്ള എഐ പരിശോധനാ ടൂളുകളിൽ പരിശോധിച്ചു. 96 ശതമാനവും വൈറൽ ചിത്രം എഐ നിർമിതമാണെന്ന വിവരമാണ് ഞങ്ങൾക്ക് ലഭ്യമായത്.

കൂടുതൽ സ്ഥിരീകരണത്തിനായി ബിജെപിയിലെ ചില ദേശീയ വക്താക്കളുമായും ഞങ്ങൾ സംസാരിച്ചു. പ്രചാരണം വ്യാജമാണെന്ന് അവർ പറഞ്ഞു. ലഭ്യമായ വിവരങ്ങളിൽ നിന്ന് മഹേന്ദ്ര സിങ് ധോണി ബിജെപിയിൽ ചേർന്നെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണെന്ന് വ്യക്തമായി.
∙ വസ്‌തുത
മഹേന്ദ്ര സിങ് ധോണി ബിജെപിയിൽ ചേർന്നെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണ്.