'ഇതാ, ലഹരിക്ക് വിട്ടുകൊടുക്കാത്ത ഒരു തലമുറ': കാലാപാനിയിലെ പാട്ടുമായി ഡബ്ബാ ബീറ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ

Mail This Article
'അന്തിച്ചോപ്പു മായും മാനത്താരോ' എന്ന് കൂട്ടുകാരൻ പാടി തുടങ്ങുമ്പോൾ കൂട്ടുകാർ പഴയ ബക്കറ്റിലും പാട്ടകളിലും താളം പിടിച്ചു തുടങ്ങി. ഡബ്ബാ ബീറ്റ് എന്ന മ്യൂസിക് ബാൻഡിലെ കൊച്ചു മിടുക്കരാണ് പുതിയ പാട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. മൂന്നുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വിഡിയോ ഇതുവരെ കണ്ടത് 1.8 മില്യൺ ആളുകളാണ്. ഒരു പെയിന്റെ ബക്കറ്റിന്റെ മുകളിൽ ഇരുന്ന് കൂളായി കൂട്ടുകാരൻ പാട്ട് പാടുമ്പോൾ മറ്റുള്ള കൂട്ടുകാർ അതിലും കൂളായാണ് താളം പിടിക്കുന്നത്. തൃശൂർ കൊള്ളന്നൂരിലെ പ്രശസ്തമായ താളവാദ്യ ബാൻഡ് ആയ ആട്ടം കലാസമിതിയുടെ ഭാഗമാണ് കുട്ടികളുടെ ഡബ്ബാ ബീറ്റ്. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധിന്റെ കുത്തുപാട്ട് അവതരിപ്പിച്ചാണ് ഡബ്ബാ ബീറ്റ് ശ്രദ്ധ നേടുന്നത്.
നാട്ടിലെ ആട്ടം കലാസമിതി ശിങ്കാരിമേളം ടീമാണ് കുട്ടികളിൽ ഇത്തരമൊരു താൽപര്യം വളർത്തിയെടുക്കാൻ കാരണമായത്. റീസൈക്കിൾഡ് വാദ്യോപകരണങ്ങൾ വെച്ച് കുട്ടികൾ കൊട്ടി പാടുമ്പോൾ അത് ഒറിജിനൽ വാദ്യമേളങ്ങളോട് കിടപിടിക്കുന്ന പ്രകടനമായി മാറുകയാണ്. 2023ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ജിതിൻ രാജ് ചിത്രം ‘പല്ലൊട്ടി 90സ് കിഡ്സ്’ലെ ‘നാട്ടു പപ്പടം’ എന്ന പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പാട്ടിന്റെ സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ നാട്ടുകാരനായിരുന്നു. അദ്ദേഹം വഴിയായിരുന്നു സിനിമയിലേക്ക് അവസരം കിട്ടിയത്. പിവിസി പൈപ്പുകൾ, ക്യാനുകൾ, ബക്കറ്റുകൾ, ഇഡ്ഡലിപ്പാത്രം, പലകകൾ, ചെണ്ടക്കോൽ, ചെരിപ്പിന്റെ ലെതർ എന്നിവയാണ് പ്രധാനപ്പെട്ട സംഗീത ഉപകരണങ്ങൾ. എ ആർ റഹ്മാനാണ് ടീമിന്റെ ഇൻസ്പിരേഷൻ.
പുതിയ പാട്ടിന് താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടൻ ജോജു ജോർജ്, സംവിധായകൻ അജയ് വാസുദേവ്, ഗായിക മൃദുല വാര്യർ തുടങ്ങി നിരവധി പേരാണ് കമനറെ് ബോക്സിൽ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 'പഴമയുടെ മാധുര്യം അറിഞ്ഞു അവർ വളരട്ടെ', 'എന്തൊരു സന്തോഷം... നമ്മൾ പണ്ട് പാടി നടന്ന പാട്ടുകൾ ഇപ്പോഴത്തെ തലമുറകൾ അതെ ഫീലോടെ പാടുന്ന കേൾക്കുമ്പോൾ. ഇങ്ങള് ഇനിയും പാടണം. ഞങ്ങള് മനസ്സറിഞ്ഞു സ്വീകരിക്കും.', 'ലഹരിക്ക് വിട്ടുകൊടുക്കാത്ത ഒരു തലമുറ, നിങ്ങൾ വളർന്നു വരട്ടെ' - ഇങ്ങനെ പോകുന്നു പുതിയ പാട്ടിന് ലഭിച്ച മറ്റു കമന്റെുകൾ.