ഇനി ആധാര്‍ കാർഡിനായി ആപ്; ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി;'കെവൈസി' എളുപ്പം, വിശദമായി അറിയാം

Mail This Article
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നല്‍കേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്‌ഐഡിയും, നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തിനാണ് ഇത് എത്തിയിരിക്കുന്നത്.
ആപ്പിന്റെ ബീറ്റാ ടെസ്റ്റിങ് ആരംഭിച്ചിരിക്കുന്നു എന്ന രീതിയിലാണ് ഇതേക്കുറിച്ചുള്ള വിവരം ആദ്യം പുറത്തുവന്നത്. എന്നാല്‍, ആധാര്‍ സംവാദിന്റെ മൂന്നാം എഡിഷനില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡല്‍ഹിയല്‍ വച്ചു നടക്കുന്ന ആധാര്‍ സംവാദില്‍ (Aadhaar Samvaad) ആപ് പരിചയപ്പെടുത്തി.

കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്‌സ് പോസ്റ്റിലും പുതിയ ആപ്പിനെക്കുറിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്:
ഫോണില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താൽ വേണ്ട വിവരങ്ങൾ
റിപ്പോര്‍ട്ട് പ്രകാരം ആപ് ഇപ്പോള്‍ തന്നെ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആധാര്‍ സംവാദ് പരിപാടിയില്‍ എത്തിയവര്‍ക്ക് അടക്കമാണ് ഈ ഘട്ടത്തില്‍ ആപ്പ് പരീക്ഷിക്കാന്‍ നല്‍കിയിരിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ ആപ് താമസിയാതെ എല്ലാ ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഫോണില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്ത് വേണ്ട വിവരങ്ങള്‍ മുഴുവന്‍ കൈമാറാന്‍ ആധാര്‍ ഉടമകള്‍ക്ക് കഴിയുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറയുന്നു.
യുപി ഐ പേമെന്റ് നടത്തുന്നത്ര ലളിതമായി ആധാര്‍ വേരിഫിക്കേഷനും ഇനി നടത്താം. തങ്ങളുടെ സ്വകാര്യത നിലനിര്‍ത്തുകയും ചെയ്യാം, മന്ത്രി പറയുന്നു. ആധാര്‍ ഉടമ വേരിഫിക്കേഷന്‍ നടത്തേണ്ടിടത്ത് വച്ചിരിക്കുന്ന ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതിയാകും. ബാക്കി കാര്യങ്ങളെല്ലാം ആപ്പ് ചെയ്‌തോളും.
എന്നാല്‍, ഉറപ്പാക്കാനായി ആധാര്‍ നല്‍കുന്ന വ്യക്തി തന്റെ ഫോണിന്റെ ഫെയ്‌സ്‌ഐഡിയോ, ഫിങ്ഗര്‍പ്രിന്റ് സ്‌കാനറോ ഉപയോഗിക്കേണ്ടതായും വരും.
100 ശതമാനം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്രം
ഹോട്ടല്‍ റിസെപ്ഷനുകളലും, കടകളിലും, യാത്രാ വേളകളിലും മറ്റും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാറുണ്ട് ഇപ്പോള്‍. ആധാര്‍ ആപ്പ് വഴി നടത്തുന്ന ഡിജിറ്റല്‍ കൈമാറ്റം 100 ശതമാനം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്രം പറയുന്നു. തന്റെ ആധാര്‍ നമ്പര്‍ നല്‍കണോ വേണ്ടയോ എന്നത് ഉടമയുടെ അധികാരമായിരിക്കുകയും ചെയ്യും.

ആധാര്‍ നമ്പര്‍ നല്‍കാന്‍ മടികാണിക്കാത്തത് തലവേദന
വളരെ കുറച്ച് ആവശ്യങ്ങള്‍ക്കേ ആധാര്‍ കാര്‍ഡ് നമ്പര്‍ കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുള്ളു. പാന്‍കാര്‍ഡ് എടുക്കാന്‍, ചില കേന്ദ്ര സ്‌കീമുകള്‍ക്ക്, അടുത്തിടെയായി പുതിയ സിം കാര്‍ഡ് എടുക്കാന്‍ തുടങ്ങി ചില കാര്യങ്ങള്‍ക്കു മാത്രം. എന്നാല്‍, മിക്ക ഇടത്തും ആധാര്‍ കാര്‍ഡ് നമ്പറും കോപ്പിയും ചോദിക്കുന്ന രീതിയുണ്ട് ഇന്ത്യയിലിപ്പോള്‍.
ഹോട്ടലുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, തൊഴില്‍ നല്‍കുന്നവര്‍, തുടങ്ങി എല്ലാവര്‍ക്കും ആധാര്‍ നമ്പര്‍ തന്നെ വേണം. സ്വകാര്യ സ്ഥാപനങ്ങളും മറ്റും ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ട്. ഇതൊന്നും ആര്‍ക്കും ബാധകമല്ല എന്ന രീതിയിലാണ് ഇപ്പോള്‍ ആധാര്‍ നമ്പറും, കോപ്പി കൈമാറ്റവും നടന്നുകൊണ്ടിരിക്കുന്നത്. ഇത് ആധാര്‍ കാര്‍ഡ് ദുരുപയോഗം ഉണ്ടാകാന്‍ ഇടവരുത്തുന്നു.
ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ഒക്കെ പോസ്റ്റ് ചെയ്യരുതെന്നും ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡിജിറ്റല്‍ സാക്ഷരത തീര്‍ത്തും ഇല്ലാത്തവര്‍ ആധാര്‍ നമ്പറും കോപ്പിയും ആരു ചോദിച്ചാലും അങ്ങു നല്‍കുകയും ചെയ്യും എന്നത്, ഇത് പ്രവര്‍ത്തിപ്പിക്കുന്ന യുഐഡി എഐക്ക് വലിയ തലവേദനയാണ് സമ്മാനിച്ചിരുന്നത്.
ഹോട്ടലുകളും, ആശുപത്രികളും മറ്റും ആധാര്‍ നമ്പര്‍ ചോദിച്ചാല്‍ തരില്ലെന്നു പറയാനുള്ള അവകാശം ഉപയോക്താവിന് ഉണ്ട് എന്നും യുഐഡി എഐ 2022ല്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ സോഷ്യല്‍ സെക്യുരിറ്റി നമ്പറിന്റെ കാര്യത്തിലും, യുകെയില്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് നമ്പറും ഇത്തരത്തില്‍ ആരു ചോദിച്ചാലും നല്‍കേണ്ട കാര്യമില്ല എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എല്ലാവർക്കും ഉടൻ എത്തും
ആധാര്‍ കാര്‍ഡ് ഡാറ്റ ലീക്കാകുന്നത് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്നും മന്ത്രി വൈഷ്ണവ് പറയുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആപ്പ് എല്ലാവര്‍ക്കുമായി എത്തുമെന്നാണ് കരുതുന്നത്. പുതിയ ആപ് വരുമ്പോഴും ഓരോ സന്ദര്‍ഭത്തിലും തന്റെ ആധാര്‍ വിവരം നല്‍കണോ എന്ന കാര്യം അതിന്റെ ഉടമയ്ക്ക് തന്നെ തീരുമാനിക്കാം താനും.
നിലവിലുള്ള സൂചന വച്ച് ആപ്പ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഫെയ്‌സ്‌ഐഡിയോ, ഫിങ്ഗര്‍പ്രിന്റ് സ്‌കാനറോ ഉള്ള ഫോണ്‍ വേണ്ടി വന്നേക്കും. എന്തായാലും, ആധാര്‍ കാര്‍ഡ് കോപ്പികള്‍ എടുത്തു നല്‍കി, അത് സ്വീകരിക്കുന്നവര്‍ ഡാറ്റ ദുരുപയോഗം ചെയ്യുന്ന രീതി പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.