മുറിച്ചുകളയണമെന്നു പറഞ്ഞ കാല് 60 ദിവസം കൊണ്ട് സുഖപ്പെടുത്തി; ഡോക്ടറും രോഗിയും വീണ്ടും കണ്ടുമുട്ടുമ്പോൾ

Mail This Article
പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോയുടേത് പഴയ ക്ലബ് ഫുട്‌ബോളറുടെ മനസ്സാണ്. ജീവിതത്തോട് ഒറ്റയാൻ പോരാട്ടം നടത്തി ആർജിച്ച ധൈര്യം. പന്തിനു പിന്നാലെ പറന്ന കാൽ മുറിക്കേണ്ടി വരുമെന്ന തിരിച്ചറിവ് അതുകൊണ്ടുതന്നെ ചാക്കോയെ (സണ്ണി-60) തളർത്തിയില്ല. സ്‌കഫോൾഡറായും നൈട്രജൻ യൂണിറ്റ് സൂപ്പർവൈസറായും ഏറെക്കാലം ഗൾഫിൽ. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വേതനം നിഷേധിക്കപ്പെട്ടതിന്റെ പ്രയാസം മറികടന്ന് കഴിഞ്ഞ ഡിസംബറിലാണ് ഗൾഫ് വിട്ട് ഹൈദരാബാദിൽ ചെറിയൊരു ജോലിക്കു കയറിയത്. ക്രിസ്മസ് പിറ്റേന്ന് കടുത്ത പനി. സമീപത്തുള്ള ആശുപത്രിയിൽ പോയെങ്കിലും കുറവില്ല. രണ്ടുംകൽപിച്ച് ബസിൽ തിരുവല്ലയ്ക്കു തിരിച്ചു. അയിരൂരിലെ വീട്ടിലെത്തിയെങ്കിലും ഓട്ടോയിൽ നിന്ന് ഇറങ്ങാനാവുന്നില്ല. വലതുകാലിന് അസഹ്യമായ വേദന. നേരെ ആശുപത്രിയിലേക്ക്.
പ്രമേഹരോഗിയായ ചാക്കോയ്ക്ക് ഡയബറ്റിക് ഫൂട്ട് എന്ന രോഗമാണ്. കാലിൽ കടുത്ത അണുബാധ. അർധരാത്രിയോടെ യുവഡോക്ടർ പറഞ്ഞു: അണുബാധ വ്യാപിച്ചു കഴിഞ്ഞു. സ്ഥിതി ഗുരുതരം. നാളെ രാവിലെ തന്നെ മുട്ടിനു താഴെ വച്ച് മുറിക്കണം. ഇൻഷുറൻസ് ഇല്ല. കയ്യിൽ പണവും കുറവ്. തൽക്കാലം ഡിസ്ചാർജ് അല്ലാതെ മറ്റു വഴിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ല. കുടുംബവീടിനോടു ചേർന്നു തന്നെയാണ് ചാക്കോയുടെയും വീട്. 90 വയസ്സുകഴിഞ്ഞ മാതാവിനെ ശുശ്രൂഷിക്കുന്നതിനൊപ്പം കാൽമുറിച്ച നിലയിൽ സഹോദരൻ കൂടി വന്നാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ജ്യേഷ്ഠൻ തോമസ് ഏബ്രഹാം.
അവയവങ്ങളുടെ കാവലാൾ
പ്രശസ്ത ഓങ്കോളജി സർജനും കൊച്ചി മഞ്ഞുമ്മൽ സെന്റ് ജോസഫ്‌സ് ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. തോമസ് വർഗീസിനെ ഇതിനിടെ ഒരു ബന്ധു വിളിച്ചു. മഞ്ഞുമ്മലിൽ എത്തിച്ചാൽ ശ്രമിക്കാം എന്ന ഡോക്ടറുടെ വാക്ക് വിശ്വസിച്ച് സഹോദരനൊപ്പം പുലർച്ചെ ആംബുലൻസിൽ എറണാകുളത്തേക്ക്. ഡോ.തോമസും സഹഡോക്ടർമാരും കാത്തുനിന്ന് ആ വെല്ലുവിളി ഏറ്റെടുത്തു; ഈ കാൽ സംരക്ഷിക്കും! തന്റെ ഡിപ്പാർട്‌മെന്റ് അല്ലാതിരുന്നിട്ടും ഡോ.തോമസ് നേരിട്ട് ഒന്നിനു പിറകെ ഒന്നായി 3 ശസ്ത്രക്രിയകൾ നടത്തി. പലതവണ ഐസിയുവിലും വെന്റിലേറ്ററിലും. ഇതിനിടെ അമൃത ആശുപത്രിയിൽ എത്തിച്ച് 32 ദിവസത്തെ ബറിയാട്രിക് ഓക്‌സിജൻ തെറപ്പി. ഒരേ സമയം രണ്ട് ആശുപത്രി. ചാക്കോയെയും കൊണ്ടുള്ള ആംബുലൻസ് ദിവസവും ഇടപ്പള്ളി റോഡിലൂടെ പാഞ്ഞു. വേദനയുടെ ദീനരോദനം മെല്ലെ ആത്മവിശ്വാസത്തിന്റെ ഹോണടിക്കു വഴിമാറി. 60-ാം ദിവസം ചാക്കോ ആശുപത്രി വരാന്തയിലൂടെ പിച്ചവച്ചു. മാസങ്ങൾക്കു മുൻപേ വേർപെട്ടു പോകാമായിരുന്ന കാലിനെ ചാക്കോ സ്‌നേഹത്തോടെ തലോടി. രണ്ടാഴ്ച മുൻപ് ആശുപത്രി വിട്ട് വീടെത്തി. സഹോദരന്റെ സംരക്ഷണയിൽ കഴിയുന്ന ചാക്കോയോട് ദിവസവും നടക്കാനാണ് നിർദേശം. പക്ഷേ, പോറൽ പോലും ഏൽക്കാതെ കാലിനെ കരുതണം. ഇതിനായി പ്രത്യേക ചെരുപ്പും തയാറാക്കി.
നാടും വീട്ടുകാരും ഒപ്പം നിന്നാൽ
ചികിത്സ ഏറ്റെടുത്ത സുമനസ്സുകളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണെന്ന് ചാക്കോ പറയുന്നു. ഡോക്ടർമാരുടെ സമർപ്പിത സേവനത്തിനും കൂപ്പുകൈ. സഹായിയായി മുറിയിൽ നിന്ന വായ്പൂര് സ്വദേശി തമ്പി മുതൽ ആശുപത്രിയിലെ ജീവനക്കാർ വരെ എല്ലാവർക്കും അവകാശപ്പെട്ടതാണ് ദൈവികമായ ഈ അവയവസംരക്ഷണ യജ്ഞത്തിന്റെ വിജയം. പമ്പാതീരത്തു കുടുംബവേരുകളുള്ള ഡോ. തോമസ് റാന്നി കീക്കൊഴൂർ കൈതപ്പതാൽ തോമസ്‌കുട്ടീസ് ഫാം ഹൗസിൽ കഴിഞ്ഞയാഴ്ച ചാക്കോയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. മറ്റൊരു സത്യം വെളിപ്പെട്ടു: ചാക്കോയുടെ പൂർവിക കുടുംബവും ഡോ.തോമസിന്റെ കുടുംബവും ഒരേ തായ്‌വഴിയുടെ അവകാശികളാണ്. ഇരുവരും ആഹ്ലാദം പങ്കിട്ടപ്പോൾ കണ്ടുനിന്നവരുടെ കണ്ണിൽ സന്തോഷത്തിന്റെ വേനൽമഴ.
ഹൈപ്പർബാറിക് ഓക്‌സിജൻ തെറപ്പി
കരിയാൻ മടിക്കുന്ന വ്രണങ്ങൾ, ശസ്ത്രക്രിയാ മുറിവുകൾ, പൊള്ളൽ, പുകവിഷബാധ, അണുബാധ തുടങ്ങിയവ നിയന്ത്രിക്കാൻ ഫലപ്രദം. ഇതിനായി ഉയർന്ന മർദത്തിൽ ഓക്‌സിജൻ കടത്തിവിടുന്ന ചേംബറിൽ രോഗിയെ നിശ്ചിത സമയത്തേക്ക് ഇരുത്തും. ശുദ്ധ ഓക്‌സിജൻ 100% എന്ന കണക്കിൽ ശ്വാസഗതിയിലൂടെ ഉള്ളിൽ പ്രവേശിച്ച് രക്തഓട്ടത്തെയും പുതിയ കോശവളർച്ചയെയും ത്വരിതപ്പെടുത്തും. അനെയ്‌റോബിക് ബാക്ടീരിയകളെയും മറ്റും നിയന്ത്രണവിധേയമാക്കി മുറിവ് ഉണങ്ങാൻ സഹായിക്കും.