നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? പാർക്കിൻസൺസ് രോഗത്തെ കരുതണം

Mail This Article
ചലന പ്രശ്നങ്ങൾ, വിറയൽ എന്നിവയിൽ തുടങ്ങി ഒരാളിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണു പാർക്കിൻസൺസ് രോഗം. വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം പാർക്കിൻസൺസ് കൂടിയാകുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായി പലരും ഒറ്റപ്പെട്ടു പോകും. മുൻകരുതലെടുത്ത് പാർക്കിൻസൺസ് രോഗത്തെ പ്രതിരോധിക്കാനാകില്ല. ചികിത്സിച്ചു മാറ്റാനുള്ള മാർഗങ്ങളും ഇപ്പോഴില്ല. എന്നാൽ ചികിത്സയിലൂടെ രോഗിയുടെ ജീവിത നിലവാരം ഉയർത്താനാകും
∙പാർക്കിൻസൺസ് എന്താണ്?
മസ്തിഷ്കത്തിൽ ഒട്ടേറെ ഇലക്ട്രിക്കൽ ശൃംഖലകളുണ്ട്. അതിൽ ചലനത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ശൃംഖലയിലുണ്ടാകുന്ന താളപ്പിഴകളാണു പാർക്കിൻസൺസ് രോഗത്തിലേക്കു നയിക്കുന്നത്. ശൃംഖലയിലെ വൈദ്യുത തരംഗങ്ങൾക്ക് ആവശ്യമായ ഡോപമിൻ എന്ന രാസവസ്തു ഉൽപാദിപ്പിക്കുന്ന കോശങ്ങൾക്കുണ്ടാകുന്ന നാശമാണു പാർക്കിൻസൺസ് എന്ന രോഗത്തിലേക്കു നയിക്കുന്നത്. മസ്തിഷ്കത്തിലെ 80% ഡോപമിനും തീർന്നു കഴിയുമ്പോഴാണു ആദ്യത്തെ ലക്ഷണങ്ങൾ രോഗിയിൽ പ്രകടമാകുന്നത്.
∙രോഗനിർണയം പ്രധാനം
ഒരു കൂട്ടം ലക്ഷണങ്ങളുടെ പരിശോധനയിലൂടെയാണു പാർക്കിൻസൺസ് രോഗ നിർണയം സാധ്യമാകുക. ഒരേ ലക്ഷണങ്ങളുണ്ടാക്കുന്ന തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ േവറെയുമുണ്ട്.

∙ലക്ഷണങ്ങൾ നേരത്തേ
പാർക്കിൻസൺസ് രോഗമെന്നു പറഞ്ഞാൽ വിറയൽ, വേഗക്കുറവ്, ചലന പ്രശ്നങ്ങൾ എന്നിവയാണെന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ വിഷാദം, ഉത്കണ്ഠ, ഉറക്കപ്രശ്നങ്ങൾ, മലബന്ധം, മണം നഷ്ടപ്പെടുക തുടങ്ങിയ ചില ലക്ഷണങ്ങളും പാർക്കിൻസൺസ് രോഗികളിലുണ്ട്. ചലനപ്രശ്നങ്ങൾ തുടങ്ങുന്നതിനു വർഷങ്ങൾക്കു മുൻപു തന്നെ ഈ രോഗ ലക്ഷണങ്ങളുണ്ടാകാറുണ്ട്.
∙ചികിത്സ എങ്ങനെ
തലച്ചോറിലെ വൈദ്യുത ശൃംഖലകളുടെ പ്രവർത്തനത്തിനു വേണ്ട രാസവസ്തുവായ ഡോപമിൻ മരുന്നിലൂടെ നൽകുകയെന്നതാണു പ്രധാനപ്പെട്ട ചികിത്സ. തുടക്കത്തിൽ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകൂ എന്നതിനാൽ 3–5 വർഷം വരെ ഈ ചികിത്സ ഫലപ്രദമാണ്. എന്നാൽ, ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ ഗുണം ഘട്ടംഘട്ടമായി കുറയും. ഇൻസുലിൻ മാതൃകയിലും കുടലിലേക്കു ജെൽ രൂപത്തിലും ഡോപമിൻ സ്ഥിരമായി നൽകുന്ന സംവിധാനങ്ങളും നിലവിലുണ്ട്. രാസവസ്തുവിനു പകരം വൈദ്യുതി ഉപയോഗിച്ചു തന്നെ തലച്ചോറിലെ വൈദ്യുത ശൃംഖലകൾ പ്രവർത്തിപ്പിക്കുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) രീതി ഏറെ ഫലപ്രദമാണ്. തലയോട്ടിയിൽ ചെറിയ ദ്വാരമുണ്ടാക്കി ഇലക്ട്രോഡുകൾ നിക്ഷേപിച്ച്, അതിലേക്കു ബാറ്ററി വഴി വൈദ്യുതി കടത്തി വിട്ടാണു ഡിബിഎസ് നിർവഹിക്കുന്നത്. വ്യായാമവും യോഗയും പാർക്കിൻസൺസ് രോഗികളിൽ ഏറെ ഗുണം ചെയ്യും.
(വിവരങ്ങൾ: ഡോ. ആശ കിഷോർ, ന്യൂറോളജി, മൂവ്മെന്റ് ഡിസോർഡർ സീനിയർ കൺസൽറ്റന്റ്, ആസ്റ്റർ മെഡ്സിറ്റി)